മനുഷ്യനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രധാന പ്രകാശനമാണ് ആരാധന. പ്രാചീന മനുഷ്യന് അവനു ഭയം ജനിപ്പിച്ച പ്രകൃതിശക്തികളെ ആരാധിച്ചു. എന്നാല്‍ ദൈവാരാധനയ്ക്കായ് ദൈവം ഇസ്രായേല്‍ ജനതയെ തിരഞ്ഞെടുത്ത് ഒരുക്കിയതുമുതല്‍ മനുഷ്യന് സത്യദൈവത്തെ ആരാധിച്ചു തുടങ്ങി. അപ്പോഴും അവന്റെ ആരാധന പൂര്‍ണമായിരുന്നില്ല. ഈശോ സമരിയാക്കാരി സ്ത്രീയോടു പറഞ്ഞു : "......ദൈവത്തെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു". ഈശോയുടെ കുരിശിലെ ബലിയില്‍ കൗദാശികമായി പങ്കുചേര്‍ന്നുകൊണ്ട് സഭ ആരാധനാ സമൂഹമായി മാറിയിരിക്കുന്നു. ഈ വസ്തുതകള്‍ വ്യക്തമാകത്തക്കവിധം ക്ലാസ് നയിക്കണം.
ലിറ്റര്‍ജിയില്‍ അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ദൈവാരാധനയിലെ വിവിധ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കിയാലേ അവയില്‍ സജീവമായി പങ്കുചേരാന്‍ സാധിക്കുകയുള്ളു. വിശുദ്ധ കുര്‍ബ്ബാനയിലെ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അര്‍ത്ഥം മനസ്സിലാക്കി ദിവ്യബലിയില്‍ സജീവമായി പങ്കുചേരാന്‍ കുട്ടികളെ സഹായിക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം
വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും പരമോന്നതമായ ആരാധന. ഈശോ പിതാവിനര്‍പ്പിച്ച പരമമായ ബലിയുടെ കൗദാശികമായ ആഘോഷമാണത്. അതു ബലിയും വിരുന്നുമാണ്. ക്രൈസ്തവജീവിതത്തിന്റെ ശക്തികേന്ദ്രമായ വിശുദ്ധ കുര്ബാനയെക്കുറിച്ചറിയാനും അതില്‍നിന്നു ശക്തിയാര്‍ജിച്ചു വളരാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
വിശുദ്ധ കുര്‍ബാനയിലെ ആമുഖശുശ്രൂഷയുടെയും വചനശുശ്രൂഷയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
വിശുദ്ധ കുര്‍ബാനയിലെ ഒരുക്കശുശ്രൂഷയുടെയും അനാഫൊറയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
വിശുദ്ധ കുര്‍ബാനയിലെ ദൈവൈക്യശുശ്രൂഷയുടെയും സമാപനശുശ്രൂഷയുടെയും ഭാഗങ്ങള്‍ ഏതെല്ലാമെന്നും അവയില്‍ പങ്കുചേരുമ്പോള്‍ നാം പുലര്‍ത്തേണ്ട മനോഭാവമെന്താണെന്നും മനസ്സിലാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
കൂദാശകളെക്കുറിച്ചുള്ള അറിവുനല്കുന്ന പാഠമാണിത്. പരിശുദ്ധാത്മാവിനെ നമുക്കു നല്കുന്ന രക്ഷാകരമായ അടയാളങ്ങളാണ് കൂദാശകളെന്നും ഈശോമിശിഹായാണ് അടിസ്ഥാന കൂദാശയെന്നും സഭ മിശിഹായുടെ കൂദാശയാണെന്നുമുള്ള അടിസ്ഥാനപരമായ അറിവു കുട്ടികള്‍ക്കു ലഭിക്കണം. ഒപ്പം കൂദാശകള്‍ക്കു ക്രൈസ്തവജീവിതത്തിലുള്ള സ്ഥാനമെന്തെന്നു മനസ്സിലാക്കി യോഗ്യതയോടെ കൂദാശകള്‍ സ്വീകരിക്കാനുള്ള താല്പര്യം അവരില്‍ ജനിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.
പ്രവേശകകൂദാശകള്‍ ഏതെല്ലാമാണെന്നും അവ അങ്ങനെ വിളിക്കപ്പെടാന്‍ കാരണമെന്തെന്നും അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏവയെന്നും വ്യക്തമാക്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം. പ്രധാനമായും മാമ്മോദീസാ, തൈലാഭിഷേകം എന്നീ കൂദാശകളാണ് ഈ പാഠത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
സൗഖ്യദായകകൂദാശകളായ അനുരഞ്ജനകൂദാശ, രോഗീലേപനം എന്നിവയെക്കുറിച്ച് അറിവുനല്കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം. ഈ കൂദാശകളോട് ആദരവും സ്നേഹവും വളരുവാനും അനുരഞ്ജനകൂദാശ അടുക്കലടുക്കല്‍ സ്വീകരിക്കുവാനും ഉള്ള മനോഭാവം കുട്ടികളില്‍ വളരണം.
തിരുപ്പട്ടം എന്ന കൂദാശയെക്കുറിച്ച് അറിവുനല്കുക, പൗരോഹിത്യത്തിന്റെ മഹത്വം മനസ്സിലാക്കി വൈദികരെ ആദരിക്കാനും അനുസരിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പാഠത്തിന്റെ ലക്ഷ്യം.
വിവാഹമെന്ന കൂദാശയെക്കുറിച്ച് അറിവുനല്കുക, അതിന്റെ മഹത്വവും ഉത്തരവാദിത്വങ്ങളും തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുക എന്നിവയാണ് ഈ പാഠത്തിന്റെ ലക്ഷ്യങ്ങള്‍.
ആരാധനാവത്സരത്തെക്കുറിച്ചും ആദ്ധ്യാത്മികജീവിതത്തില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും അറിവു നല്‍കുകയാണ് ഈ പാഠത്തിന്റെ ലക്ഷ്യം. ആരാധനക്രമത്തിലെ വിവിധ കാലങ്ങളും അവയുടെ ചൈതന്യവും തിരിച്ചറിഞ്ഞ് അതിനനുസൃതം ജീവിക്കുവാനുള്ള ആഗ്രഹവും കഴിവും കുട്ടികള്‍ക്കു ലഭ്യമാകത്തക്കവിധം പാഠം അവതരിപ്പിക്കണം.