•  
                          ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പശ്ചാത്തപിച്ച് തിരിച്ചുവരുന്ന മകനെക്കുറിച്ച് പറയുന്നുല്ലോ.
  പിതാവിന്‍റെ പക്കലേക്ക ു തിരിച്ചുവന്ന മകന്‍ തകര്‍ന്ന ഹൃദയത്തോടെ പറഞ്ഞു: "പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍റെ മുന്‍പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല"മനസ്തപിച്ചു തിരിച്ചുവന്ന പുത്രനെ പിതാവ് എല്ലാം മറന്നു സ്വീകരിച്ചു. അവന്‍ നഷ്ടപ്പെടുത്തിയ പുത്രസ്ഥാനം അവനു വീണ്ടും നല്കി. അതിന്‍റെ അടയാളമായി അവനെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും മോതിരവും അണിയിച്ചു. അവനായി വിരുന്നൊരുക്കി. എല്ലാവരും അവന്‍റെ തിരിച്ചുവരവില്‍ ആഹ്ലാദിച്ചു (ലൂക്കാ 15:11-24).
   
                              പാപംവഴി ദൈവത്തില്‍ നിന്നകന്നുപോയ മനുഷ്യമക്കളെ വീടെുക്കാന്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. ഈശോ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് മനുഷ്യരക്ഷ സാധിച്ചു. സ്വയം മുറിച്ചു നല്കിക്കൊണ്ട് അവര്‍ക്കുവേണ്ടി നിത്യമായ വിരുന്ന് തയ്യാറാക്കി. ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോ ഈ വിരുന്നിലേക്ക ് നമ്മെ വിളിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ തിരുശരീരരക്തങ്ങളെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് നമ്മള്‍ ഈശോയോട് ഐക്യപ്പെടുന്നു; അവിടുന്ന് നമുക്കായി നേടിത്തന്ന രക്ഷയുടെ അവകാശികളായിത്തീരുന്നു. ഈ ദിവ്യരഹസ്യമാണ് വിശുദ്ധ കുര്‍ബാനയിലെ ദൈവൈക്യശുശ്രൂഷയില്‍ നാം അനുസ്മരിക്കുന്നത്. ദൈവൈക്യശുശ്രൂഷയില്‍ അനുരഞ്ജനശുശ്രൂഷ, വിഭജനശുശ്രൂഷ, ദൈവൈക്യശുശ്രൂഷ, സമാധാനശുശ്രൂഷ എന്നിങ്ങനെ നാലു ഭാഗങ്ങളാണുള്ളത്.
   

   

  അനുരഞ്ജനശുശ്രൂഷ

   
                     ഈശോ തന്‍റെ ശരീരരക്തങ്ങള്‍ നല്കിക്കൊണ്ട് നമുക്കായി ഒരുക്കുന്ന വിരുന്നില്‍ യോഗ്യതയോടെ പങ്കുചേരാന്‍ അനുരഞ്ജനത്തിന്‍റെ വിശുദ്ധവസ്ത്രം ധരിക്കേണ്ടിയിരിക്കുന്നു . ദൈവൈക്യത്തിലേക്കു നമ്മെ നയിക്കുന്ന അനുരഞ്ജനം നേടാന്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് മുമ്പുള്ള അനുരഞ്ജന ശുശ്രൂഷ നമ്മെ സഹായിക്കുന്നു.
   
                        "സ്വര്‍ഗവാസികളുടെ സമാധാനവും...."എന്ന രഹസ്യപ്രാര്‍ത്ഥനയോടും, തുടര്‍ന്നുവരുന്ന "ദൈവമേ എന്നോട് കരുണതോന്നണമേ...." എന്ന അനുതാപസങ്കീര്‍ത്തനത്തോടുംകൂടി അനുരഞ്ജനശുശ്രൂഷ ആരംഭിക്കുന്നു. ഈ സമയത്തു നടത്തുന്ന ധൂപാര്‍പ്പണം നമ്മെ പാപമോചനത്തിലേക്കു നയിക്കുന്നു.
   

  പ്രവര്‍ത്തനം 1

  ഉല്‍പ 3:1-19 ശ്രദ്ധാപൂര്‍വം വായിച്ച് പാപം മൂലം ബന്ധങ്ങളില്‍ സംഭവിച്ച തകര്‍ച്ചകള്‍ ഏവയെന്ന്
  മനസ്സിലാക്കുക. ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ഈ തകര്‍ച്ചകള്‍ ഉണ്ടോയെന്നു പരിശോധിച്ച് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമാക്കുക.
   

  വിഭജനശുശ്രൂഷ

                                 തുടര്‍ന്നുവരുന്ന വിഭജന ശുശ്രൂഷ വിശുദ്ധ കുര്‍ബാനയുടെ പാപമോചക സ്വഭാവം വ്യക്തമാക്കുന്ന ഒരു കര്‍മമാണ്. "ഞാന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.." എന്ന പ്രാര്‍ത്ഥനയുടെയോ ഗീതത്തിന്‍റെയോ സമയത്ത് കാര്‍മികന്‍ തിരുശരീരം ഉയര്‍ത്തുകയും, തുടര്‍ന്ന് രണ്ടായി വിഭജിച്ച് ഒരു ഭാഗം തിരുരക്തത്തില്‍ മുക്കി ഇരുഭാഗങ്ങളും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നു. നമ്മുടെ പാപപ്പരിഹാരത്തിനായി മുറിക്കപ്പെട്ട ഈശോയുടെ തിരുശരീരരക്തങ്ങളെ സ്നേഹാദരങ്ങളോടെ ആരാധിക്കുന്നു.
   

  നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും...

                                 ഈ പ്രാര്‍ത്ഥനയോടുകൂടി വിഭജനശുശ്രൂഷ അവസാനിക്കുന്നു. "നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ കൃപയും . . " എന്നാരംഭിക്കുന്ന കാനോന പൗലോസ്ശ്ലീഹായുടെ ആശംസയാണ്. മിശിഹായുടെ കൃപയും പിതാവിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും നമുക്കു, സ്വര്‍ഗീയജീവിതത്തിന്‍റെ അനുഭവം നല്കുന്നു. ഒരു ക്രിസ്ത്യാനിയുടെ അവകാശമായ ഈ ദൈവികസാന്നിധ്യം എപ്പോഴും നമ്മോടൊത്തുണ്ടാകുവാനുള്ള കൃപ യാചിച്ചുകൊണ്ടാണ് ഈ ആശീര്‍വാദം സ്വീകരിക്കേണ്ടത്.
   

  അനുരഞ്ജന കാറോസൂസ

                                "നമ്മുടെ രക്ഷകന്‍റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ.." എന്നു തുടങ്ങുന്ന കാറോസൂസ വിശുദ്ധ കുര്‍ബാനസ്വീകരണത്തിനുള്ള അടുത്ത ഒരുക്കമാണ്. വിശുദ്ധ കുര്‍ബാനസ്വീകരണത്തിനായി എന്തൊക്കെ ചെയ്യണമെന്നും വിശുദ്ധ കുര്‍ബാനയുടെ ഫലങ്ങള്‍ എന്തൊക്കെയാണെന്നും ഈ പ്രാര്‍ത്ഥന നമ്മെ അനുസ്മരിപ്പിക്കുന്നു. 'കര്‍ത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂര്‍വം ക്ഷമിക്കണമേ'എന്ന കാര്‍മികന്‍റെ പാപമോചന
  പ്രാര്‍ത്ഥനയോടെ അനുരഞ്ജനശുശ്രൂഷ അവസാനിക്കുന്നു.
   

  ദൈവൈക്യശുശ്രൂഷ

                        ദൈവൈക്യശുശ്രൂഷയുടെ പ്രധാനഘടകം വിശുദ്ധ കുര്‍ബാനസ്വീകരണവും അതുവഴി ലഭ്യമാകുന്ന ദൈവൈക്യവുമാണ്. വിശുദ്ധകുര്‍ബാനയുടെഎല്ലാഭാഗങ്ങ ളും വിശുദ്ധ കുര്‍ബാനസ്വീകരണത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

  വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിന് ഒരുക്കമായി നാം ചെയ്യേണ്ടവ:

                                     മനസ്സാക്ഷി നിര്‍മലമാക്കണം ഭിന്നതനീക്കണം കലഹം മാറ്റണം ശത്രുത കൈവെടിയണം
  ദ്വേഷം മാറ്റണം യോജിപ്പുവേണം സ്നേഹാരൂപി ഉണ്ടാകണം ഭക്തിവേണം. 
   

  സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ...

                           വിശുദ്ധ കുര്‍ബാനസ്വീകരണത്തിന്‍റെ അടുത്ത ഒരുക്കമായി ദൈവജനം സ്വര്‍ഗസ്ഥനായ പിതാവിനെ വിളിച്ചപേക്ഷ ിക്കുന്നു. ദൈവവുമായി തങ്ങള്‍ അനുരഞ്ജനപ്പെടുകയും പാപകരമായ ജീവിതരീതി തിരുത്തുകയും ചെയ്തുവെങ്കിലും നാം ജീവിക്കുന്നത് പ്രലോഭനകരമായ സാഹചര്യങ്ങളില്‍ത്തന്നെയാണ്. അതിനാല്‍ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്താതിരിക്കുവാന്‍ ദൈവത്തിന്‍റെ സഹായം പ്രത്യേകമായി യാചിച്ചുകൊണ്ടാണ് കാര്‍മികന്‍ തുടര്‍ന്നു പ്രാര്‍ത്ഥിക്കുന്നത്.
   

  പ്രവര്‍ത്തനം 2

   
  കുര്‍ബാനപ്പുസ്തകം പരിശോധിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ കണ്ടെത്തുക.
   
  1. പാപബോധം പ്രകടമാക്കുന്നപ്രാര്‍ത്ഥനകളും കര്‍മങ്ങളും.
  2. ദൈവത്തിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകള്‍.
  3. വിശുദ്ധ കുര്‍ബാനവഴി പാപമോചനം ലഭിക്കുന്നു എന്നു സൂചിപ്പിക്കുന്ന പ്രാര്‍ത്ഥനകള്‍.
   
   

   

   

  വിശുദ്ധ കുര്‍ബാനസ്വീകരണത്തിനുള്ള ആഹ്വാനം

                           വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിനൊരുക്കമായി കാര്‍മികന്‍ സമൂഹത്തിന് സമാധാനം ആശംസിക്കുന്നു. ജീവന്‍റെ അപ്പമായ മിശിഹായുടെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഓരോ വ്യക്തിയും തന്‍റെ ഹൃദയത്തിലേക്ക ് മിശിഹായെ നാഥനായി സ്വീകരിക്കുന്നു. ആരാധനാസമൂഹത്തിലെ ഓരോരുത്തര്‍ക്കും ഈ അനുഭവം ലഭ്യമാകട്ടെ എന്നാണ് ഈ സമാധാനാശംസ അര്‍ത്ഥമാക്കുന്നത്. ഉത്ഥിതനായ മിശിഹായെയാണ് വിശുദ്ധ കുര്‍ബാനയിലൂടെ നാം സ്വീകരിക്കുന്നത്
  (ലൂക്ക ാ. 24:13-35).
   

  ത്രിത്വൈക ദൈവത്തിന്‍റെ പരിശുദ്ധിയില്‍ പങ്കുപറ്റുന്നു

                             വിശുദ്ധ കുര്‍ബാന പരിശുദ്ധ ത്രിത്വവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാനസ്വീകരണം നമ്മെ ദൈവത്തിന്‍റെ പരിശുദ്ധി സ്വന്തമാക്കുവാന്‍ സഹായിക്കുന്നു. 'വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു' എന്ന ഉദ്ബോധനം വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തിലൂടെ നാം പരിശുദ്ധനായ പിതാവിനോടും പരിശുദ്ധനായ പുത്രനോടും പരിശുദ്ധനായ റൂഹായോടുമാണ് ബന്ധപ്പെടുന്നതെന്നും അതുവഴി നാം ദൈവികപരിശുദ്ധിയില്‍ പങ്കുചേരുകയാണെന്നും നമ്മെ അനുസ്മരിപ്പിക്കുന്നു.
   

  വിശുദ്ധ കുര്‍ബാനസ്വീകരണം

                         കാര്‍മികന്‍റെ ക്ഷ ണത്തിനു മറുപടിയായി ദൈവം മാത്രമേ പരിശുദ്ധനായുള്ളു എന്നു സമൂഹം ഏറ്റു പറയുന്നു. അവിടുത്തെ കൃപയാണ് നമ്മെ ദിവ്യകാരുണ്യ സ്വീകരണത്തിനുയോഗ്യരാക്കുന്നത ് . ഈ കൃപയ്ക്കായി ഹൃദയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുവേണം വിശുദ്ധകുര്‍ബാന സ്വീകരിക്കുവാന്‍ . വിശുദ്ധ കുര്‍ബാനസ്വീകരണം ബലിയര്‍പ്പണത്തിന്‍റെ അവശ്യഘടകമാണ്.
               
                         ബലിയും വിരുന്നുമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന നാം ഈശോ നമുക്കായി മുറിച്ചുവിളമ്പുന്ന അവിടുത്തെ തിരുശരീര രക്തങ്ങള്‍ സ്വീകരിക്കുന്നത് വിശുദ്ധ കുര്‍ബാനാനുഭവത്തിന്‍റെ പൂര്‍ണതയ്ക്ക ് ആവശ്യമാണ്. അതിനാല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍തക്ക ഒരുക്കത്തോടും വിശുദ്ധിയോടും കൂടിവേണം ബലിയില്‍ പങ്കുചേരാന്‍.
   

  വിശുദ്ധ കുര്‍ബാനയുടെ ഫലങ്ങള്‍

                      വിശുദ്ധ കുര്‍ബാന വിരുന്നും ബലിയുമാണ്. ഇത് പാപമോചനവും കടങ്ങളുടെ പൊറുതിയും ദൈവികജീവനും നമുക്കു നല്കുന്നു. മരിച്ചവരുടെ ഉത്ഥാനത്തിലുള്ള പ്രത്യാശയും സ്വര്‍ഗത്തില്‍ നവമായജീവിതവും നമുക്കു വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാനയിലൂടെ നാം ദൈവത്തിന്‍റെ പരിശുദ്ധിയില്‍ പങ്കുപറ്റുകയും ദൈവികജീവന്‍ പ്രാപിക്കുകയും ചെയ്യും. ഇതു രക്ഷയുടെ അനുഭവം പ്രദാനം ചെയ്യുന്നു. തന്നിമിത്തം വിശുദ്ധ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമാണ്.
   
   

   

  സമാപനശുശ്രൂഷ

                         ദൈവത്തിന്‍റെ അവര്‍ണനീയ ദാനമായ വിശുദ്ധ കുര്‍ബാനയ്ക്കായി സമൂഹവും
  ശുശ്രൂഷികളും കാര്‍മികനും പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കുന്ന കൃതജ്ഞതാപ്രാര്‍ത്ഥനകളാണ് സമാപനശുശ്രൂഷയുടെ പ്രധാന ഉള്ളടക്കം. കര്‍തൃപ്രാര്‍ത്ഥന (ആഘോഷമായ ക്രമത്തില്‍), സമാപനാശീര്‍വാദം, വിടവാങ്ങല്‍പ്രാര്‍ത്ഥന, ബലിപീഠചുംബനം എന്നിവയാണ് ഈ ഭാഗത്തെ ഇതര കര്‍മങ്ങളും പ്രാര്‍ത്ഥനകളും.
   

  കൃതജ്ഞതാപ്രാര്‍ത്ഥനകള്‍

                      വിശുദ്ധ കുര്‍ബാനയിലൂടെ സ്വര്‍ഗത്തിന്‍റെ മുന്നാസ്വാദനം ലഭിച്ച ആരാധനാ സമൂഹം യുഗാന്ത്യത്തിലും സ്വര്‍ഗീയ ജീവിത്തിലും പ്രത്യാശയര്‍പ്പിച്ചുകൊണ്ട് കൃതജ്ഞതാ പ്രാര്‍ത്ഥനകളിലൂടെ കര്‍ത്താവിനു സ്തോത്രം ചെയ്യുന്നു. അവിടുത്തെ രക്ഷാകരപ്രവൃത്തികളെ അനുസ്മരിച്ചും യുഗാന്ത്യരക്ഷയ്ക്കായി യാചിച്ചും കര്‍ത്താവു വര്‍ഷിച്ച അനുഗ്രഹങ്ങളെ വിവരിച്ചും മിശിഹായ്ക്കു സ്തുതികളര്‍പ്പിക്കുന്നു. വിശ്വാസപൂര്‍വം തങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍ കടങ്ങളുടെ പൊറുതിക്കു കാരണമാകണമെന്നും കര്‍ത്താവിന്‍റെ മഹത്വപൂര്‍ണമായ ആഗമനത്തില്‍ മനോ വിശ്വാസത്തോടെ അവിടുത്തെ എതിരേല്ക്കാനും സ്വര്‍ഗീയഗണങ്ങളോടുകൂടെ സ്തുതിക്കാനും യോഗ്യരാക്കണമെന്നു പ്രാര്‍ത്ഥിക്കുന്നു. ജീവദായകമായ ഈ ബലിയില്‍ പങ്കുചേരാന്‍ യോഗ്യരാക്കിയതിനു നന്ദിപറയുന്നതോടൊപ്പം ബലിയര്‍പണത്തിന്‍റെ ഫലങ്ങളായ പാപമോചനവും ഉയിര്‍പ്പും സ്വര്‍ഗത്തില്‍ നവജീവിതവും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

  കര്‍തൃപ്രാര്‍ത്ഥന

  ഈ സമയത്ത് കര്‍തൃപ്രാര്‍ത്ഥന ചൊല്ലുന്നുണ്ടെങ്കില്‍ അതിലൂടെ ഈശോയോട് ഒന്നായ്ത്തീര്‍ന്ന ആരാധനാസമൂഹം സ്വര്‍ഗീയപിതാവിനെ ആനന്ദവായ്പോടെ സ്തുതിക്കുകയാണ് ചെയ്യുന്നത്.
   

  സമാപനാശീര്‍വാദം

                       ഈശോ സ്വര്‍ഗാരോഹണത്തിനു മുന്‍പ് തന്‍റെ ശിഷ്യസമൂഹത്തെ ആശീര്‍വദിച്ചു കൊണ്ടുപറഞ്ഞു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ. 16:15). ദിവ്യബലിയില്‍ പങ്കുചേര്‍ന്ന ഒരോരുത്തരെയും ഈശോ ആശീര്‍വദിച്ചയയ്ക്കുന്നതും ഈ ദൗത്യം തുടരുവാനാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയും ശക്തിയും അവിടുന്നു നമ്മില്‍ നിറച്ചുതരുന്നു. തുടര്‍ന്നുള്ള ജീവിതത്തില്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ദൈവവചനത്തിനു സാക്ഷികളാകുവാനുള്ള ആശീര്‍വാദമാണ് ഈശോ ഇതുവഴി നല്കുന്നത്. ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്ന ആരാധകര്‍ ജീവന്‍റെ വചനം ശ്രവിച്ചും മിശിഹായുടെ പെസഹാരഹസ്യത്തില്‍ പങ്കുപറ്റിയും ജീവന്‍റെ അപ്പം ഭക്ഷിച്ചും വിശുദ്ധീകരിക്കപ്പെട്ട് പ്രേഷിതരായി അയയ്ക്കപ്പെടുകയാണ്.
   

   

   

   

   

  ബലിപീഠം ചുംബിക്കുന്നു

   
  കര്‍ത്താവിന്‍റെ കബറിടവും നമ്മുടെ വിശുദ്ധീകരണത്തിന്‍റെ വേദിയുമായ  ബലിപീഠം ചുംബിച്ചുകൊണ്ട് അതിനോടു വിടപറയുന്ന പ്രാര്‍ത്ഥന കാര്‍മികന്‍  ചൊല്ലുന്നു.
                             ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചുകൂട്ടുവാന്‍(യോഹ.11:53) ഈശോ
  ബലിയായിത്തീര്‍ന്നു. മാനവമക്കളുടെ ബന്ധത്തകര്‍ച്ചകളെ ഇല്ലാതാക്കി ഒരുമയിലേയ്ക്കും ജീവനിലേക്കും അവരെ ആനയിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു.അതിനായി തന്‍റെ തിരുശരീരരക്തങ്ങളെ ഭക്ഷണ പാനീയങ്ങളായി അവിടുന്നു നല്കി. അവിടുത്തെ ബലിയില്‍ പങ്കുപറ്റുകയും അവിടുത്തെ ശരീരം ഭക്ഷ ിക്കുകയും തിരുരക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ രക്ഷാകരമായ ദൈവിക ജീവന്‍ പ്രാപിക്കും.
                          വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് അവിടുത്തെ ശരീരരക്തങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത് അവിടുന്നുമായി നമുക്ക ് ഐക്യപ്പെടാം. വിശുദ്ധ കുര്‍ബാനയുടെ ചൈതന്യം അനുസരിച്ച് നമ്മുടെ ജീവിതരംഗങ്ങളില്‍ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ശുശ്രൂഷകരായി നമ്മെത്തന്നെ ബലിയര്‍പ്പിക്കാം അപ്പോള്‍ നമ്മുടെ ജീവിതം ധന്യമാകും; രക്ഷാകരമാകും.
   

   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

  (യോഹ. 6:48-59).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

  "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്"
  (യോഹ. 6:54).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  തന്‍റെ ശരീരരക്തങ്ങളാല്‍ ഞങ്ങളെ പരിപോഷിപ്പിച്ച ഈശോയേ, അങ്ങയുടെ നിത്യവിരുന്നിന് ഞങ്ങളെയും യോഗ്യരാക്കണമേ.
   

  എന്‍റെ തീരുമാനം

   
  വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം ഞാന്‍ ദിവ്യകാരുണ്യം സ്വീകരിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
                         "ഈജിപ്തില്‍വച്ച് ഇസ്രായേല്‍ ജനം കുഞ്ഞാടിനെ ഭക്ഷിച്ചു. അതിന്‍റെ പ്രതീകം അവരെ വിശുദ്ധീകരിച്ചു. അങ്ങനെയെങ്കില്‍ സത്യകുഞ്ഞാട് എത്രയധികമായി ജനതകള്‍ക്ക ് വിശുദ്ധീകരണം നല്കുകയില്ല" (മാര്‍ അപ്രേം).