•                  
                      തങ്ങളുടെ ഗുരുവിന്‍റെ വേര്‍പാടില്‍ നിരാശരായി ജറുസലേമില്‍ നിന്നും എമ്മാവൂസിലേക്ക് പോകുകയായിരുന്നു ഈശോയുടെ രണ്ടു ശിഷ്യډാര്‍. വഴിമദ്ധ്യേ ഈശോയും അവരോടൊപ്പം ചേര്‍ന്നു. ദു:ഖിതരായിരുന്ന അവരോട് മോശ തുടങ്ങി എല്ലാ പ്രവാചകډാരും മിശിഹായെക്കുറിച്ചു പ്രവചിച്ചിരുന്നവയെ അടിസ്ഥാനമാക്കി അവിടുന്നു സംസാരിച്ചു. അവിടുത്തെ സാന്നിദ്ധ്യത്താലും വാക്കുകളാലും അവരുടെ ഹൃദയം ജ്വലിച്ചിരുന്നു. എങ്കിലും അവര്‍ അവിടുത്തെ തിരിച്ചറിഞ്ഞില്ല. ജ്വലിക്കുന്ന ഹൃദയങ്ങളോടെ സത്രത്തില്‍ രാത്രി കഴിച്ചുകൂട്ടിയ അവര്‍ക്കായി ഈശോ അപ്പം മുറിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു. അവര്‍ അവിടുത്തെ തിരിച്ചറിഞ്ഞു. വഴിമദ്ധ്യേ ഈശോ അവരോടു സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം ജ്വലിച്ചത് അവര്‍ ഓര്‍ത്തു (ലൂക്കാ 24:13-35).
   
                     വചനത്താല്‍ ജ്വലിക്കുന്ന ഹൃദയത്തോടെ അപ്പം മുറിക്കുമ്പോഴാണ് നമുക്ക് ഈശോയെ തിരിച്ചറിയാനാവുന്നത്. ഈ യാഥാര്‍ത്ഥ്യം അനുഭവവേദ്യമാകത്തക്ക രീതിയില്‍ വിശുദ്ധ കുര്‍ബാനയില്‍ വചനശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലെ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ബലിയര്‍പ്പണശുശ്രൂഷയിലൂടെ ഈശോയെ തിരിച്ചറിയുന്നതിനും അനുഭവിക്കുന്നതിനും നമ്മെ ഒരുക്കുന്നു
   

   

  ആമുഖശുശ്രൂഷ

                           വരാനിരുന്ന രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിനെയും അവിടുത്തെ തിരുപ്പിറവിയെയും, അവിടുത്തെ രഹസ്യജീവിതത്തെയും വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഭാഗമാണ് ആമുഖശുശ്രൂഷ. അന്നാപ്പെസഹാത്തിരുനാളില്‍.. എന്ന ഗീതം മുതല്‍ സര്‍വാധിപനാം കര്‍ത്താവേ.. എന്നു തുടങ്ങുന്ന ഉത്ഥാനഗീതത്തിനുശേഷം വരുന്ന പ്രാര്‍ത്ഥനവരെയുള്ള ഭാഗമാണ് ആമുഖ ശുശ്രൂഷ.
   

  അന്നാപ്പെസഹാതിരുനാളില്‍

   
                          അന്നാപ്പെസഹാതിരുനാളില്‍.. എന്ന ഗീതം പെസഹാത്തിരുനാളില്‍ ഈശോ നല്കിയ കല്പനയനുസരിച്ചാണ് നമ്മള്‍ ബലിയര്‍പ്പിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അനുസ്മരിപ്പിക്കുന്നു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ച   ശേഷം ഈശോ പറഞ്ഞു: "ഇത് എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍". വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോഴെല്ലാം ഈ കല്പന നാം അനുസരിക്കുന്നു. സ്നേഹത്തിന്‍റെ പുതിയ കല്പനയും ഈശോ അന്നു നല്കി. ബലിയര്‍പ്പണത്തിന്‍റെ അവശ്യയോഗ്യതയാണ് സ്നേഹം. അപരനെ ദ്വേഷിക്കുന്ന മനസ്സോടെ അര്‍പ്പിക്കുന്ന ബലി ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. ഈശോ പറഞ്ഞു: "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുന്‍പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക, പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ. 5:23-24). അതുകൊണ്ട് ഈ ഗീതമാലപിക്കുമ്പോള്‍ ആരോടെങ്കിലും വിരോധമുണ്ടോ എന്ന് നാം സ്വയം ചിന്തിക്കണം. ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി രമ്യപ്പെട്ടിട്ടുവേണം ബലിയില്‍ പങ്കുചേരുവാന്‍.
   

  പ്രവര്‍ത്തനം 1

         വിശുദ്ധ കുര്‍ബാനയുടെ ആമുഖശുശ്രൂഷയിലെ കര്‍മങ്ങള്‍ ഏവയെന്ന് കുര്‍ബാനപ്പുസ്തകം ഉപയോഗിച്ച് കണ്ടെത്തി എഴുതുക. കര്‍മങ്ങളുടെ  അര്‍ത്ഥം അവയോടു ചേര്‍ന്നുള്ള പ്രാര്‍ത്ഥനകളില്‍ നിന്നും മനസ്സിലാക്കി എഴുതുക.
   

  അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി

   
                  ഈശോയുടെ ജനനവേളയില്‍ മാലാഖമാര്‍ പാടിയ ഈ ഗീതം അവിടുത്തെ ജനനത്തെ അനുസ്മരിപ്പിക്കുന്നു. പാപികളായ നമ്മെ രക്ഷിക്കാന്‍ വേണ്ടി സ്വര്‍ഗത്തിന്‍റെ മഹിമ വെടിഞ്ഞ് മനുഷ്യനായി പിറന്ന് കാലിത്തൊഴുത്തിലെ പരിമിതികള്‍ സഹിച്ച് നമ്മെ സ്നേഹിച്ച ഈശോയുടെ സ്നേഹമോര്‍ത്ത് ഈ സമയം നമ്മള്‍ ദൈവത്തെ സ്തുതിക്കണം. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന്‍റെ പിറവി പാപത്തിനടിമപ്പെട്ട മനുഷ്യര്‍ക്ക് രക്ഷയുടെ സദ്വാര്‍ത്ത വിളംബരം ചെയ്യുന്നതായിരുന്നു. څരക്ഷ چ എന്ന അര്‍ത്ഥത്തിലാണ് ഈ ഗീതത്തിന്‍റെ രണ്ടാമത്തെ പാദത്തില്‍ 'സമാധാനം' എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്. ഈ സമാധാനത്തിന്‍റെ - രക്ഷയുടെ - പൂര്‍ണതയിലേക്കാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്.

   

  "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ.."

                   "തന്‍റെ ഏകജാതനെ നല്കാന്‍ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു"(യോഹ.3:16). ആദിമാതാപിതാക്കള്‍ പാപം വഴി നഷ്ടപ്പെടുത്തിയ ദൈവികജീവന്‍ നല്കി നമ്മെ ദൈവപുത്രരാക്കുവാന്‍ ഈശോ മനുഷ്യനായി അവതരിച്ചു. ദൈവത്തെ 'പിതാവേ' എന്നു വിളിക്കുവാനുള്ള അവകാശം നമുക്കു നല്കി. അതിനാല്‍ ഈശോയുടെ ജനനം അനുസ്മരിച്ചശേഷം നമ്മള്‍ ദൈവത്തെ 'പിതാവേ' എന്നു വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവസന്നിധിയിലേക്ക് നമ്മുടെ ചിന്തകളെ ഉയര്‍ത്തിക്കൊണ്ട് അവിടുത്തെ സ്തുതിക്കാന്‍ ഈശോ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.
   
  'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടുകൂടി 'പരിശുദ്ധന്‍, പരിശുദ്ധന്‍..' എന്നുള്ള സ്തുതിപ്പ് (കാനോന) കൂട്ടിച്ചേര്‍ത്തിരിക്കുന്നു 'പരിശുദ്ധന്‍, പരിശുദ്ധന്‍..' എന്നുള്ളത് സ്വര്‍ഗത്തില്‍ അനവരതം മുഴങ്ങുന്ന ഗീതമാണല്ലോ. ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ നമ്മള്‍ തനിച്ചല്ലെന്നും സ്വര്‍ഗവാസികളും ഭൂവാസികളും നമ്മോടൊപ്പമുണ്ടെന്നും ഈ സ്തുതിപ്പ് നമ്മെ അനുസ്മരിപ്പിക്കുന്നു. സ്വര്‍ഗീയസാന്നിധ്യം അനുസ്മരിച്ച് ഭയഭക്ത്യാദരവോടും സ്നേഹത്തോടുംകൂടി വേണം 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍.
   

  നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ

                  വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ശുശ്രൂഷി ആവര്‍ത്തിക്കുന്ന ഈ ആഹ്വാനം നമ്മോടൊത്തുവസിക്കുന്ന ഈശോയുടെ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നമ്മുടെ സമാധാനം ഈശോ ആണ് (എഫേ.2:14).
   

  കാര്‍മികന്‍റെ പ്രാര്‍ത്ഥനകള്‍ (സ്ലോസകള്‍)

                 തുടര്‍ന്നുവരുന്ന കാര്‍മികന്‍റെ പ്രാര്‍ത്ഥനകളില്‍ ദൈവം കനിഞ്ഞു നല്കിയ ഈ മഹാദാനത്തെ (വിശുദ്ധ കുര്‍ബാനയെ) നന്ദിയോടെ ഏറ്റുപറയുകയും അതു യോഗ്യതയോടെ അര്‍പ്പിക്കുവാനുള്ള കൃപയാചിക്കുകയും ചെയ്യുന്നു.
   

  സങ്കീര്‍ത്തനങ്ങള്‍

   
                  രക്ഷകനെ കാത്തിരുന്ന പഴയനിയമജനതയുടെ ചരിത്രത്തിലേക്കും ജീവിതത്തിലേക്കും പിന്തിരിഞ്ഞു നോക്കുന്നതിനും അവയെ രക്ഷാകരപദ്ധതിയുടെ ഭാഗമായി ഏറ്റുപറയുന്നതിനും സങ്കീര്‍ത്തനങ്ങള്‍ സഹായിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ ഇസ്രായേല്‍ക്കാരുടെ മതാത്മക ജീവിതത്തിന്‍റെ ഹൃദയത്തുടിപ്പുകളാണ്. അവരുടെ ഹൃദയവികാരങ്ങളോടുചേര്‍ന്ന് നമ്മളും ദൈവത്തെ സ്തുതിക്കുന്നു. ഈശോയും പ്രാര്‍ത്ഥനയ്ക്കായി സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ചിരുന്നു.
   

  സ്ലീവാചുംബനം

   
                  സീറോ മലബാര്‍ സഭയുടെ റാസക്രമത്തിലെ ഒരു കര്‍മമാണിത്. ഈശോ മനുഷ്യന് രക്ഷ നേടിത്തന്നത് തന്‍റെ കുരിശിലെ ബലിവഴിയാണ്. ക്രൈസ്തവജീവിതത്തില്‍ കുരിശിന്‍റെ സ്ഥാനത്തെയും ഔന്നത്യത്തെയും ഏറ്റുപറഞ്ഞുകൊണ്ട് ഈശോയിലുള്ള പ്രത്യാശ പ്രകടമാക്കുന്ന കര്‍മമാണ് സ്ലീവാചുംബനം. കുരിശ് മിശിഹായുടെ രണ്ടാമത്തെ ആഗമനത്തില്‍ അവിടുത്തെ അടയാളമായിരിക്കുമെന്ന് നാം വിശ്വസിക്കുന്നു. മിശിഹായുടെ ഈ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചും അവിടുത്തെ കാത്തിരിക്കുന്ന മണവാട്ടിയായ സഭയെക്കുറിച്ചുമുള്ള ചിന്തകളാണ് സ്ലീവാ ചുംബനത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകളുടെ സാരാംശം.
   
   

  ഉത്ഥാനഗീതം

   
                          തുടര്‍ന്നുവരുന്ന ഉത്ഥാനഗീതം ഈശോയുടെ മാമ്മോദീസായെ അനുസ്മരിപ്പിക്കുന്നു. ഉത്ഥാനം ചെയ്ത ഈശോയെ പ്രകീര്‍ത്തിച്ചുകൊണ്ട്  ആലപിക്കപ്പെട്ട കീര്‍ത്തനമായും ഇതു കണക്കാക്കപ്പെടുന്നു. (മാമ്മോദീസാവേളയില്‍ സ്വര്‍ഗം തുറക്കപ്പെട്ടതും പരിശുദ്ധ ത്രിത്വരഹസ്യം വെളിപ്പെടുത്തപ്പെട്ടതും അനുസ്മരിച്ചുകൊണ്ടാണ് മദ്ഹവിരി മാറ്റുന്നത്. അപ്പോള്‍ സ്വര്‍ഗത്തിന്‍റെ പ്രതീകമായ മദ്ഹ ദൃശ്യമാകുന്നു. ദീപപ്രഭയും ധൂപവും ചേര്‍ന്ന് സ്വര്‍ഗീയമായ ഒരനുഭവം ആരാധനാസമൂഹത്തിനു നല്കുന്നു).
   
                        ഈശോയുടെ മാമ്മോദീസ, അവിടുത്തെ രണ്ടാമത്തെ മാമ്മോദീസയായ മരണവും ഉത്ഥാനവും, ഇവയില്‍ നമ്മെ പങ്കുകാരാക്കുന്ന നമ്മുടെ മാമ്മോദീസ, നമുക്കു ലഭിക്കാനിരിക്കുന്ന സ്വര്‍ഗീയമഹത്വം ഇവയെല്ലാമാണ് ഈ കീര്‍ത്തനത്തിന്‍റെ അവസരത്തില്‍ നാം അനുസ്മരിക്കുന്നത്. തുടര്‍ന്നുവരുന്ന കാര്‍മികന്‍റെ പ്രാര്‍ത്ഥനയോടുകൂടി ആമുഖശുശ്രൂഷ സമാപിക്കുന്നു.
   

   

  വചനശുശ്രൂഷ

   
                                  ഈശോയുടെ പരസ്യജീവിതം സുവിശേഷപ്രഘോഷണം, പ്രേഷിതപ്രവൃത്തികള്‍ ഇവയെല്ലാമാണ് വചനശുശ്രൂഷയില്‍ നാം അനുസ്മരിക്കുന്നത്.
   

  ത്രൈശുദ്ധകീര്‍ത്തനം

                                         ത്രൈശുദ്ധകീര്‍ത്തനത്തോടുകൂടിയാണ് വചനശുശ്രൂഷ ആരംഭിക്കുന്നത്. ശബ്ദമുയര്‍ത്തി ദൈവത്തെ സ്തുതിക്കാനുള്ള ശുശ്രൂഷിയുടെ ആഹ്വാനമാണ് ഇതിലെ ആദ്യഭാഗം. രണ്ടാം ഭാഗത്ത് പരിശുദ്ധനും ബലവാനും അമര്‍ത്യനുമായ ദൈവത്തെ ഏറ്റുപറഞ്ഞ്
  കൃപ യാചിക്കുന്നു. മാലാഖമാര്‍ ദൈവത്തെ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു പാടിസ്തുതിക്കുന്ന ഏശയ്യായുടെ അനുഭവമാണ് ഈ കീര്‍ത്തനം നമുക്കു നല്കുന്നത്.
   
   
   

  തിരുവചന വായനകള്‍

                                    നാലു വായനകളാണ് നമുക്കുള്ളത്. ആദ്യത്തെരുവായനകള്‍ പഴയനിയമത്തില്‍ നിന്നും മറ്റു രണ്ടു വായനകള്‍ പുതിയനിയമത്തില്‍ നിന്നുമാണ്. പഴയനിയമത്തിന്‍റെ ഉള്ളടക്കം നിയമവും പ്രവാചകډാരുമാണല്ലോ. അതുകൊണ്ട് സാധാരണയായി ഒന്നാം വായന നിയമഗ്രന്ഥമായ പഞ്ച ഗ്രന്ഥിയില്‍ നിന്നും രണ്ടാം വായന പ്രവാചകഗ്രന്ഥങ്ങളില്‍ നിന്നുമാണ്. ചിലപ്പോള്‍ രണ്ടാം വായന അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാറുണ്ട്. ലേഖനങ്ങളില്‍ നിന്നും സുവിശേഷങ്ങ ളില്‍ നിന്നുമാണ് യഥാക്രമം മൂന്നും നാലും വായനകള്‍ തെരഞ്ഞെടുക്കുന്നത്. ഓരോ വായനയ്ക്കും ഒരുക്കമായി കാര്‍മികന്‍ പ്രാര്‍ത്ഥിക്കുകയും സമൂഹം ഗീതങ്ങളാലപിക്കുകയും ചെയ്യുന്നു. ശ്രവിച്ച ദൈവവചനത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും വായനകള്‍ക്കുശേഷം സമൂഹം 'ദൈവമായ കര്‍ത്താവിനു സ്തുതി' എന്നു പ്രത്യുത്തരിക്കുന്നു. ലേഖനത്തിന്‍റെയും സുവിശേഷത്തിന്‍റെയും വായനകഴിയുമ്പോള്‍ 'നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി' എന്നും മറുപടിപറയുന്നു.
   

  പ്രവര്‍ത്തനം 2

  ഏശയ്യ 6:1-7, വെളി 4:1-11 എന്നീ വചനഭാഗങ്ങള്‍ വായിക്കുക. ഈ വചനഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ത്രൈശുദ്ധകീര്‍ത്തനത്തിന്‍റെ
  സാംഗത്യം മനസ്സിലാക്കുകയും ഈ കീര്‍ത്തനം നമ്മില്‍ ഉളവാക്കേണ്ട മനോഭാവം എന്തെന്ന് കണ്ടെത്തുകയുംചെയ്യുക.
   

  സുവിശേഷപ്രദക്ഷ ിണവും വായനയും

                                സുവിശേഷവായനയ്ക്കു മുന്‍പായി കാര്‍മികന്‍ സുവിശേഷഗ്രന്ഥം വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നു. അള്‍ത്താരയുടെ വലത്തുവശത്തുനിന്നും സുവിശേഷഗ്രന്ഥമെടുത്ത് ആഘോഷമായി ബേമ്മയിലേക്കു കൊണ്ടുവരുന്നത് ഈശോ ഭൂമിയിലേക്കു വന്നതിനെ സൂചിപ്പിക്കുന്നു. സുവിശേഷഗ്രന്ഥം നെറ്റിവരെ ഉയര്‍ത്തി പ്പിടിച്ചുകൊണ്ട് ഇറങ്ങിവരുന്നത്, വൈദികനല്ല ഈശോതന്നെയാണ് തിരുവചനവുമായി നമ്മുടെ പക്കലേക്കുവരുന്നത് എന്നു സൂചിപ്പിക്കുന്നു. ദൈവാരാധനയില്‍ വചനത്തിലൂടെ നമ്മോടു സംസാരിക്കുന്നത് ഈശോ തന്നെയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കാര്‍മ്മികന്‍ സുവിശേഷഗ്രന്ഥംകൊണ്ട് 'സമാധാനം നിങ്ങളോടുകൂടെ' എന്നുപറഞ്ഞ് ആശീര്‍വദിക്കുമ്പോള്‍ ജനം തല കുനിച്ചു ആശീര്‍വാദം സ്വീകരിക്കുന്നു. ദൈവവചനം നമ്മുടെ പാദങ്ങള്‍ക്കു വിളക്കും പാതകളില്‍ പ്രകാശവുമാകുന്നു (സങ്കീ. 119:105). അനുദിനജീവിതത്തിനാവശ്യമായ വചനം ഓരോ ബലിയിലും ഈശോതന്നെ നമ്മോട് അരുളുന്നു. ദൈവവചനം ജീവനും, ശക്തിയും സൗഖ്യവും പ്രദാനം ചെയ്യുന്നതാണ്. ഭക്ത്യാദരവുകളോടെ ദൈവവചനം ശ്രവിക്കുകയും അതു ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം വചനത്താല്‍ പ്രകാശിതമാകും.
   

  സുവിശേഷപ്രസംഗം

                         ദൈവവചനത്തിന്‍റെ വ്യാഖ്യാനമാണ് സുവിശേഷപ്രസംഗ.  ദിവ്യബലിയര്‍പ്പണത്തിനിടയില്‍ ക്രമാനുഗതമായി നല്കപ്പെടുന്ന വചനപ്രഭാഷണങ്ങള്‍ക്ക് പ്രത്യേക ചൈതന്യവും ശക്തിയുമുണ്ട്. ദൈവവചനത്തെ അനുദിനജീവിതസാഹചര്യങ്ങളില്‍ എങ്ങനെ സ്വീകരിച്ച് ഫലമുളവാക്കാമെന്ന് സഭ പഠിപ്പിക്കുന്നു. ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുകയും അതിന്‍റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത ബുദ്ധിമാനു സദൃശ്യനായിത്തീരും.
   

  പ്രഘോഷണ പ്രാര്‍ത്ഥന (കാറോസൂസ)

                       ശ്രവിച്ച വചനത്തിനുള്ള പ്രത്യുത്തരവും വിശ്വാസപ്രഘോഷണവുമാണ് കാറോസൂസ പ്രാര്‍ത്ഥന. ഭൗതികദാനങ്ങളേക്കാളുപരി ആത്മീയദാനങ്ങള്‍ക്കു വേണ്ടിയാണ് കാറോസൂസയില്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തിന്‍റെ ശക്തിയിലും പരിപാലനയിലുമുള്ള വിശ്വാസം ഏറ്റുപറയുകയാണ് കാറോസൂസയില്‍ ചെയ്യുന്നത്. ദൈവ വചനാനുസൃതം ജീവിക്കാനുള്ള കൃപയാചിച്ചുകൊണ്ടും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കരങ്ങളില്‍ നമ്മെ സമര്‍പ്പിച്ചു കൊണ്ടും ശുശ്രൂഷി കാറോസൂസ അവസാനിപ്പിക്കുന്നു.
   
   

  ആശീര്‍വാദപ്രാര്‍ത്ഥനകള്‍

   
                             കുര്‍ബാനയുടെ പ്രധാനഭാഗമായ അനാഫൊറയിലേക്കു പ്രവേശിക്കുന്നതിനു മുന്‍പായി സമൂഹത്തെ ആശീര്‍വദിച്ച് ഒരുക്കുകയാണ് ആശീര്‍വാദപ്രാര്‍ത്ഥനയിലൂടെ. മാമ്മോദീസ സ്വീകരിക്കാനൊരുങ്ങുന്നവര്‍ക്ക് വചനശുശ്രൂഷവരെ മാത്രമേ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അവരെ പറഞ്ഞയക്കുന്നതിനു മുന്‍പുള്ള ആശീര്‍വാദപ്രാര്‍ത്ഥനകൂടിയായിരുന്നു ഇത്. കാര്‍മികന്‍ ഈ പ്രാര്‍ത്ഥനചൊല്ലുമ്പോള്‍ തല കുമ്പിട്ടുനിന്ന് നമ്മള്‍ ആശീര്‍വാദം ഏറ്റുവാങ്ങണം.
               
                           ആശീര്‍വാദപ്രാര്‍ത്ഥനയോടുകൂടി വചനശുശ്രൂഷ അവസാനിക്കുന്നു. വചനശുശ്രൂഷയിലൂടെ ദൈവവചനത്തെ ആത്മീയഭോജനമായി സ്വീകരിച്ചുകൊണ്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി ഒരുങ്ങുവാന്‍ നമുക്കു സാധിക്കുന്നു.
   

   

  ദൈവവചനം വായിക്കാം; ധ്യാനിക്കാം

  (യോഹ. 1:1-18).
   

  ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

   
  "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1 യോഹ. 1:1).
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   
  ആദിമസഭയിലെന്നപോലെ ഒരേ ആത്മാവോടും ഒരേ മനസ്സോടും കൂടി
  വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ ഈശോയേ ഞങ്ങളെ സഹായിക്കണമേ.
   

  എന്‍റെ തീരുമാനം

   
  വിശുദ്ധ കുര്‍ബാനയിലെ വചനപ്രസംഗങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കും.
   

  സഭാപിതാക്കډാര്‍ പറയുന്നത്

   
  "ഹൃദയത്തില്‍ അനൈക്യവുമായി ബലിയര്‍പ്പിക്കാന്‍ അണയുന്നവന്‍റെ ബലിപീഠത്തില്‍നിന്നു മിശിഹാ പിന്‍തിരിയുന്നു"
  (വിശുദ്ധ സിപ്രിയാന്‍).