•                        
                              ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചിതരായി കാനാന്‍ ദേശത്തേക്കുള്ള യാത്രയില്‍ ഇസ്രായേല്‍ ജനം ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിച്ചു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്‍റെ ഇടയിലേക്ക് അഗ്നേയസര്‍പ്പങ്ങളെ അയച്ചു . അവയുടെ ദംശനമേറ്റ ് വളരെപ്പേര്‍ മരിച്ചു. ജനം മോശയുടെ അടുക്കല്‍ വന്നുപറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനും എതിരായി സംസാരിച്ച ഞങ്ങള്‍ പാപംചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണമേ ! മോശ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു : ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍, പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു (സംഖ്യ. 21:5-9).
   
                           ഈ പിച്ചളസര്‍പ്പം ഒരടയാളമായിരുന്നു; രക്ഷയുടെ അടയാളം. ഈ അടയാളം ഈശോയില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. "ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും " (യോഹ. 12:32) എന്ന് അവിടുന്നു പറഞ്ഞു. കാല്‍വരിയില്‍ ഇത് അന്വര്‍ത്ഥമായി.
   

  അടയാളങ്ങള്‍ നിത്യജീവിതത്തില്‍

                 മനുഷ്യജീവിതത്തില്‍ അടയാളങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. നേരിട്ടു കാണാനും കേള്‍ക്കാനും അറിയാനും അനുഭവിക്കാനും സാധിക്കാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങളുമായി മനുഷ്യന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നത്. ചില  മാധ്യമങ്ങളിലൂടെയാണ് ഈ ബന്ധപ്പെടല്‍ സാധിക്കുന്നത്. ഉദാഹരണമായി, സ്നേഹം ഒരു അദൃശ്യയാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ദൃശ്യമായ അടയാളങ്ങളിലൂടെ നമുക്കതു പ്രകടിപ്പിക്കാന്‍ സാധിക്കും. ആലിംഗനം, സമ്മാനദാനം തുടങ്ങിയവ സ്നേഹത്തിന്‍റെ ദൃശ്യമായ അടയാളങ്ങളാണ്.
                ഇതുപോലെതന്നെ കൈയ്യടിക്ക ുക,നൃത്തംചെയ്യുക, തുടങ്ങിയവ ആഹ്ലാദത്തിന്‍റെയും അഭിനന്ദനത്തിന്‍റെയും അടയാളമായി കണക്കാക്കാം. റോഡിന്‍റെ ഗതിവിഗതികള്‍ സൂചിപ്പിക്കുന്ന മുദ്രകളും സ്ഥലങ്ങളുടെ ദിശ കാണിക്കുന്ന ബോര്‍ഡുകളും അടയാളങ്ങളാണ്. നമ്മുടെ വാക്കുകളും ആംഗ്യങ്ങളുമെല്ലാം ഏതെങ്കിലും അദൃശ്യയാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍തന്നെ. ചുരുക്കത്തില്‍, അടയാളങ്ങള്‍ കൂടാതെ മനുഷ്യജീവിതം അസാദ്ധ്യമാണ്.
   

  സ്വാഭാവിക അടയാളങ്ങളും കല്പിത അടയാളങ്ങളും

                        അടയാളങ്ങളെ രണ്ടു ഗണമായി തിരിക്കാം. സ്വാഭാവിക അടയാളങ്ങളും കല്പിത അടയാളങ്ങളും. സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തോടു പ്രകൃതിദത്തമായ ബന്ധമുള്ളവയാണ് സ്വാഭാവിക അടയാളങ്ങള്‍. ഉദാ. തീ ഒരു യാഥാര്‍ത്ഥ്യമാണ്; പുക അടയാളവും. മനുഷ്യന്‍ കല്പിച്ചു നല്കുന്ന ബന്ധമാണ് കല്പിത അടയാളങ്ങള്‍ക്കുള്ളത്. ഉദാ.ദേശീയ പതാക.

   

  അടയാളങ്ങളും പ്രതീകങ്ങളും

  അടയാളങ്ങളും പ്രതീകങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പ്രതീകങ്ങള്‍ എല്ലാം അടയാളങ്ങളാണ്; എന്നാല്‍ അടയാളങ്ങളെല്ലാം പ്രതീകങ്ങളല്ല. മനുഷ്യന്‍ തന്‍റെ സ്വതന്ത്ര ബുദ്ധിയില്‍ നിശ്ചയിച്ചുറപ്പിക്കുന്നവയാണ് പ്രതീകങ്ങള്‍. ഉദാഹരണമായി ത്രാസ് നീതിയും, ഒലിവില കൊത്തി പറക്കുന്ന പ്രാവ് സമധാനവും, ചെങ്കോല്‍ രാജകീയാധികാരവും സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്.

   

  പ്രവര്‍ത്തനം 1

   
             ഗ്രൂപ്പുകളായി തിരിഞ്ഞ ് നമ്മുടെ സാധാരണ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന പരമാവധി അടയാളങ്ങള്‍ കണ്ടെത്തുക. അടയാളങ്ങളുടെ പേര് എഴുതുകയോ അവയെ  വരയ്ക്കുകയോ ചെയ്യാം. ഓരോ അടയാളത്തിന്‍റെയും അര്‍ത്ഥം കാണുന്നവര്‍ക്ക ്മനസ്സിലാകുന്നില്ലെങ്കില്‍ എന്തെല്ലാം സംഭവിക്കാം എന്ന് ചര്‍ച്ച ചെയ്ത് ക്ലാസ്സില്‍ അവതരിപ്പിക്കുക.
   

   

   

  അടയാളങ്ങളും പ്രതീകങ്ങളും ദൈവാരാധനയില്‍

   

              ദൈവാനുഭവത്തിന്‍റെ വേദിയാണ് ദൈവാരാധന. മനുഷ്യന്‍ അവിടെ ദൈവത്തെ കണ്ടുമുട്ടുകയും അനുഭവിക്കുകയും ചെയ്യുന്നു. അദൃശ്യനും മഹത്ത്വപൂര്‍ണനുമായ ദൈവത്തെ എങ്ങനെ മനുഷ്യന് അനുഭവിക്കാന്‍ സാധിക്കും ? ഇവിടെയാണ് അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രസക്തി. അദൃശ്യനായ ദൈവത്തെ അനുഭവിക്കാന്‍ നമ്മെ സഹായിക്കുന്ന മാധ്യമങ്ങളായി അടയാളങ്ങളും പ്രതീകങ്ങളും നിലകൊള്ളുന്നു.
   
              ദൈവാരാധനയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അടയാളങ്ങളും പ്രതീകങ്ങളും നമ്മുടെ രക്ഷയുടെ സ്വര്‍ഗീയയാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു. സഭാമാതാവ് മിശിഹായില്‍നിന്ന് ലഭിച്ച അധികാരത്താല്‍ പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലും ശക്തിയിലും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള അടയാളങ്ങളാണ് ആരാധനക്രമത്തിലുള്ളത്. അവ മിശിഹാസംഭവത്തെ സ്പര്‍ശിച്ചനുഭവിക്കാന്‍ നമ്മെ സഹായിക്കുന്നു.
   

  കൂദാശകള്‍: അടയാളങ്ങള്‍

                          അദൃശ്യമായ സ്വര്‍ഗീയയാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്ന അടയാളമാണ് കൂദാശ. അദൃശ്യമായ കൃപാവരം കൂദാശകളിലെ ദൃശ്യമായ അടയാളങ്ങളിലൂടെ നമുക്കു ലഭിക്കുന്നു. തന്‍റെ ബലിയര്‍പ്പണത്തിലൂടെ ഈശോ നേടിയ രക്ഷയിലുള്ള പങ്കാളിത്തമാണ് ഇതിലൂടെ സാധിക്കുന്നത്.
   

  ദൈവാരാധനയിലെ വിവിധ അടയാളങ്ങള്‍

                 ദൈവാരാധനിലെ അടയാളങ്ങളെ പൊതുവെ വാക്കുകള്‍, കര്‍മങ്ങള്‍, വസ്തുക്കള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍, കലകള്‍, കാലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഈ അടയാളങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയാലേ ദൈവാരാധനയില്‍, വിശിഷ്യ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ.
   

  പ്രവര്‍ത്തനം 2

                 ഇടവക ദൈവാലയവും പരിസരവും സന്ദര്‍ശിക്കുക. ദൈവാലയത്തിന്‍റെ ഉള്‍ഭാഗവും സന്ദര്‍ശിക്കണം. വിവിധ കൂദാശകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടതിനെ ഓര്‍മ്മിക്കുക. ഇവിടെയെല്ലാം കണ്ടുമുട്ടിയ അടയാളങ്ങളും പ്രതീകങ്ങളും പരമാവധി ഓര്‍ത്ത് എഴുതുക. അവയെ പ്രത്യേക വിഭാഗങ്ങളിലായി തിരിച്ച് പട്ടിക തയ്യാറാക്കുക.പട്ടികയില്‍ അവയുടെ അര്‍ത്ഥവും സൂചിപ്പിക്കണം.
   

  വാക്കുകള്‍

                    ദൈവാരാധനയില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന അടയാളമാണ് വാക്കുകള്‍. ഏറ്റവും പ്രധാനപ്പെട്ടവയും അവതന്നെ. വാക്കുകളെല്ലാം പ്രതീകങ്ങളാണ്. ആശയങ്ങളെ കൈമാറുന്ന അടയാളങ്ങളാണവ. കര്‍മാനുഷ്ഠാനങ്ങളുടെ  ഉദ്ദേശ്യവും അര്‍ത്ഥവും വെളിപ്പെടുത്തുന്നത് വാക്കുകളാണ്.
   

  ഉദാഹരണങ്ങള്‍ 

  1. കുര്‍ബാനയില്‍ കാര്‍മികന്‍ കൈകഴുകുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥന കൈകഴുകലിന്‍റെ അര്‍ത്ഥം
  എന്തെന്നു വ്യക്തമാക്കുന്നു.
  "സകലത്തിന്‍റെയും നാഥനായ ദൈവം തന്‍റെ അനുഗ്രഹമാകുന്ന ജലത്താല്‍ നമ്മുടെ പാപങ്ങളുടെ
  കറ കഴുകിക്കളയട്ടെ."
  2. മാമ്മോദീസായില്‍ സ്നാനാര്‍ത്ഥികളുടെ ശിരസ്സില്‍ ജലമൊഴിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണ്
  പ്രസ്തുത കര്‍മത്തെ കൂദാശയാക്കി മാറ്റുന്നത്.
   
   

  കര്‍മങ്ങള്‍

                ശരീരത്തിന്‍റെ വിവിധ തരത്തിലുള്ള ചലനങ്ങളും നിലപാടുകളുമാണിവ . അവയ്ക്കോരോന്നിനും പ്രത്യേക അര്‍ത്ഥം ഉണ്ടാകും. ചില കര്‍മങ്ങള്‍ സ്വന്തംആന്തരിക മനോഭാവങ്ങളെ സൂചിപ്പിക്കുന്നവയാകാം. ഉദാഹരണത്തിന് കുനിഞ്ഞാചാരം ചെയ്യുക, കൈ വിരിച്ചുപിടിക്കുക, നില്ക്കുക, മുട്ടുകുത്തുക തുടങ്ങിയവ വ്യത്യസ്ത ആന്തരിക ഭാവങ്ങളെ സൂചിപ്പിക്കുന്നു. ചില കര്‍മങ്ങള്‍ മറ്റു വസ്തുക്കളെ കേന്ദ്രമാക്കിയുള്ളവയാണ്. ആശീര്‍വദിക്കുക, തൈലം പൂശുക, കുരിശടയാളം വരയ്ക്കുക, ദീപം തെളിക്കുക തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്

  വസ്തുക്കള്‍

                  ദൈവാരാധനയില്‍ ഉപയോഗിക്കുന്ന വസ്തുക്കളെ രണ്ടായി തിരിക്കാം. പ്രകൃതിവസ്തുക്കളും മനുഷ്യനിര്‍മിത വസ്തുക്കളും. വെള്ളം, വീഞ്ഞ ്, എണ്ണ, അപ്പം തുടങ്ങിയവ പ്രകൃതി വസ്തുക്കളാണ് .അള്‍ത്താര, തിരുവസ്ത്രങ്ങള്‍ തുടങ്ങിയവ മനുഷ്യനിര്‍മിതവും.

  സ്ഥലങ്ങള്‍

                 ദൈവാരാധനയുമായി ബന്ധപ്പെട്ട ഓരോ സ്ഥലത്തിനും പ്രത്യേകമായ പ്രതീകാത്മക അര്‍ത്ഥമുണ്ട്. ബലിവേദി (മദ്ഹ), വചനവേദി (ബേമ്മ), ഉപപീഠങ്ങള്‍ (ബേസ്ഗസ), മാമ്മോദീസാത്തൊട്ടി തുടങ്ങി ഓരോ സ്ഥലവും പ്രത്യേകമായ അര്‍ത്ഥം സൂചിപ്പിക്കുന്നു.

   വ്യക്തികള്‍

                 ദൈവാരാധനയ്ക്കണയുന്ന വിശ്വാസികളുടെ സമൂഹത്തിലെ വ്യക്തികളെല്ലാംതന്നെ അടയാളങ്ങളാണ്. ഉദാഹരണത്തിന്, കാര്‍മികനായ വൈദികന് മിശിഹായുടെ സ്ഥാനമാണുള്ളത്. ദൈവാരാധനയില്‍ ശുശ്രൂഷിക്കുന്ന ഡീക്കډാര്‍ മാലാഖമാരെ സൂചിപ്പിക്കുന്നു.

  കലകള്‍

                      ദൈവാരാധനയില്‍ കലകള്‍ക്ക ് പ്രതീകാത്മകമായ അര്‍ത്ഥമുണ്ട്. ചിത്രപ്പണികളാല്‍ അലങ്കരിക്കപ്പെട്ട മദ്ഹ മഹത്വപൂര്‍ണമായ സ്വര്‍ഗത്തെയും, ആരാധനാവേളയില്‍ ആലപിക്കുന്ന ഗാനങ്ങള്‍ മാലാഖമാരുടെ സ്വര്‍ഗീയ കീര്‍ത്തനങ്ങളെയും സൂചിപ്പിക്കുന്നു.

  കാലങ്ങള്‍

                       ദൈവവും ദൈവികരഹസ്യങ്ങളും കാലത്തിന് അതീതമാണ്. എന്നാല്‍ മനുഷ്യന്‍ ജീവിക്കുന്നത് കാലത്തിനു വിധേയനായാണ്. അതുകൊണ്ടുതന്നെ കാലത്തിനതീതമായ ദൈവീകരഹസ്യങ്ങള്‍ അടയാളങ്ങളിലൂടെ മാത്രമേ കാലത്തിനുള്ളില്‍ അവതരിപ്പിക്കാന്‍ സാധിക്കൂ. ഇപ്രകാരം ആരാധനാവത്സരത്തിലൂടെയും ആരാധനാവത്സരത്തിലെ വിവിധ തിരുനാളുകളിലൂടെയും കാലത്തിനും ചരിത്രത്തിനും അതീതമായ രക്ഷാകര രഹസ്യങ്ങളെ സഭ വിശ്വാസികള്‍ക്കായി അവതരിപ്പിക്കുന്നു.
   

  അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രാധാന്യം

                      ദൈവാരാധന അടയാളങ്ങളാലും പ്രതീകങ്ങളാലും സമ്പന്നമാണ്. എന്നാല്‍ അവയെല്ലാം ഒറ്റപ്പെട്ടല്ല സ്ഥിതിചെയ്യുന്നത്. ഒന്നു മറ്റൊന്നില്‍ അലിഞ്ഞുചേര്‍ന്ന് ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. അടയാളങ്ങള്‍ ഉപയോഗിക്കുക എന്നത് ദെവികപദ്ധതിയുടെ ഭാഗമാണ്. മനുഷ്യാവതാരത്തില്‍ നാം ഇതാണ് കാണുന്നത്. അദൃശ്യനായ ദൈവം തന്‍റെ സ്നേഹം വെളിപ്പെടുത്താന്‍ മനുഷ്യനായി. ഈശോ താന്‍ നേടിയെടുത്ത രക്ഷയുടെ ഫലം മനുഷ്യന് അനുഭവിക്കത്തക്ക വിധം ദൃശ്യമായ സഭയെ സ്ഥാപിച്ചു. ഈ സഭയില്‍ ദൈവികജീവന്‍ പ്രാപിക്കുന്നതിനായി ദൃശ്യസ്വഭാവത്തോടുകൂടിയ കൂദാശകളും സ്ഥാപിച്ചു. ഈശോയുടെ ഈ മാതൃകയെ അടിസ്ഥാനമാക്കിയാണ് സഭയും ദൈവാരാധനയില്‍ അടയാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ അടയാളങ്ങള്‍ നമ്മള്‍ അംഗീകരിക്കുകയും അവ സൂചിപ്പിക്കുന്ന അദൃശ്യ യാഥാര്‍ത്ഥ്യങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കുകയും വേണം. അടയാളങ്ങളിലൂടെ അവ സൂചിപ്പിക്കുന്ന ദൈവകൃപയെ പ്രാപിക്കുവാന്‍ കഴിയുമെന്ന് നാം വിശ്വസിക്കണം. വിശുദ്ധ കുര്‍ബാനയില്‍ സജീവമായും ഫലപ്രദമായും പങ്കുചേരണമെങ്കില്‍ വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളുടെയും അര്‍ത്ഥവും അവ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കണം. അടയാളങ്ങളെക്കുറിച്ചുള്ള അവബോധത്തിന്‍റെയും അവയിലുള്ള വിശ്വാസത്തിന്‍റെയും ആഴം അനുസരിച്ചായിരിക്കും നമുക്കു ദൈവാരാധന അനുഭവമാകുന്നതും അതില്‍നിന്നും ഫലം ഉണ്ടാകുന്നതും.