പാഠം 11

പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ശിഷ്യന്മാര്‍

  •  
                       ഉയിര്‍ത്തെഴുന്നേറ്റ ഈശോ നാല്പതാം ദിവസം സ്വര്‍ഗാരോഹണം ചെയ്തു. സ്വര്‍ഗാരോഹണത്തിനുമുമ്പ് ഈശോ ശിഷ്യന്മാരോട് അരുളിച്ചെയ്തു. ഇതാ, എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാനയയ്ക്കുന്നു. ഉന്നതത്തില്‍ത്തന്നെ നിങ്ങള്‍ വസിക്കുവിന്‍. ഈശോയുടെ നിര്‍ദ്ദേശമനുസരിച്ച് ശ്ലീഹന്മാര്‍ പരി. അമ്മയോടുകൂടി സെഹിയോന്‍ ഉട്ടുശാലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 
     
    പന്തക്കുസ്താദിവസം അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കു മ്പോള്‍ കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:2-4)
     
                     പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ പത്രോസ് മറ്റു ശിഷ്യന്മാരോടൊപ്പം എഴുന്നേറ്റു നിന്ന്ഈശോയെക്കുറിച്ച് പരസ്യമായി പ്രഘോഷിക്കുവാന്‍ തുടങ്ങി. പത്രോസിന്‍റെ പ്രസംഗം വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ജനങ്ങള്‍ താന്താങ്ങളുടെ ഭാഷയില്‍ കേട്ടു. ഇതുകേട്ട് അനേകം ആളുകള്‍ ഈശോയില്‍ വിശ്വസിക്കുകയും മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു. ആ ദിവസം തന്നെ മൂവായിരത്തോളം പേര്‍ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചു.
     
                       പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതിനെപ്പറ്റി ഈശോ ശിഷ്യന്മാരോട് മുന്‍കൂട്ടി പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ "എന്‍റെ കല്പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും  നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരികയും ചെയ്യും" (യോഹ 14:15-16). പന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ പ്രത്യേകമായി സ്വീകരിച്ചതുപോലെ തൈലാഭിഷേകമെന്ന കൂദാശയിലൂടെ നമ്മളും പരിശുദ്ധാത്മാവിനെ പ്രത്യേകമായി സ്വീകരിക്കുന്നു.
     
            

     മാമ്മോദീസായിലൂടെ പരിശുദ്ധാത്മാവില്‍ വീണ്ടും ജനിച്ച് ദൈവമക്കളായിത്തീര്‍ന്ന നമുക്ക് ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനും അവിടുത്തേക്ക് സാക്ഷ്യം വഹിക്കുന്നതിനും ആവശ്യമായ പരിശുദ്ധാമാവിന്‍റെ പ്രത്യേകമായ ശക്തിയും വരങ്ങളും നല്‍കുന്ന കൂദാശയാണ് തൈലാഭിഷേകം.
     
                     തൈലാഭിഷേകം എന്ന കൂദാശ മെത്രാനോ വൈദികനോ ആണ് നല്‍കുന്നത്. ഈ കൂദാശ സ്വീകരിക്കുമ്പോള്‍ കാര്‍മ്മികന്‍ നമ്മുടെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുകയും നെറ്റിയില്‍ വിശുദ്ധതൈലം (മൂറോന്‍) പൂശുകയും ചെയ്യുന്നു. മെത്രാന്‍ പ്രത്യേകമായി ആശീര്‍വദിച്ചിട്ടുള്ള തൈലമാണ് മൂറോന്‍. ഈ തൈലംകൊണ്ട് നമ്മെ ലേപനം ചെയ്യുമ്പോള്‍ പരിശുദ്ധാത്മാഭിഷേകത്തിന്‍റെ മായാത്ത മുദ്ര നമ്മില്‍ പതിയുന്നുഅങ്ങനെ നാം ദൈവത്തിന്‍റെ സാന്നിധ്യം നിരന്തരം അനുഭവിക്കുന്നു, പ്രസാദവരത്താല്‍ നിറയുന്നു.
     
                          പരിശുദ്ധാത്മാവ് നമുക്ക് നന്മ ചെയ്യാനുള്ള പ്രേരണയും ശക്തിയും നിരന്തരം നല്കി ക്കൊണ്ടിരിക്കുന്നു. സഭാംഗങ്ങളെന്ന നിലയില്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കുന്ന പടയാളികളാകുവാന്‍ ഈ കൂദാശ നമുക്ക് ശക്തി പകരുന്നു. സഭയുടെ അംഗങ്ങളായ നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്ന ദൈവത്തിനു നന്ദിപറയാം. നമ്മുടെയുള്ളില്‍ വന്നു വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങ ള്‍ക്കനുസരിച്ച് നന്മ ചെയ്ത ഈശോയ്ക്ക് സാക്ഷികളായി ജീവിക്കാം.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    തൈലാഭിഷേകമെന്ന കൂദാശയിലൂടെ പ്രത്യേകമായി എന്നിലേക്ക് എഴുന്നള്ളിവരുന്ന പരിശുദ്ധാത്മാവേ,
    ന്മയുടെ വഴികളില്‍ ചരിക്കാനുള്ള പ്രേരണയും
    ശക്തിയും എനിക്കു നല്കണമേ.
     

    നമുക്കു പാടാം

     

    പന്തക്കുസ്താദിനമണഞ്ഞു
    പാവനാത്മന്‍ വന്നു
    അഗ്നിനാവായ് ശിഷ്യര്‍ തന്നില്‍
    ആത്മശക്തിയായി.
    സ്ഥൈര്യലേപനത്തിന്‍ നാളില്‍
    നമ്മിലും നിറഞ്ഞു
    പാവനനാം റൂഹാതന്‍റെ
    ദിവ്യശക്തിയേകി.
     
     

    ബൈബിള്‍ വായന (യോഹ 14:15-24)

    എന്‍റെ ബൈബിള്‍ വാക്യം

     

    നമുക്കു പൂരിപ്പിക്കാം

     

    അഗ്നി ജ്വാലകള്‍ പോലുള്ള ..
    തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായിഅവര്‍കണ്ടു. അവരെല്ലാവരും..
    നിറഞ്ഞു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:3-4).
     
     

    ഓര്‍ത്തുപറയാം

     

    പന്തക്കുസ്താദിനത്തില്‍ ശ്ലീഹന്മാരുടെമേല്‍
    പരിശുദ്ധാത്മാവ് എഴുന്നള്ളിവന്ന
    സംഭവം വിവരിച്ചുപറയുക.
     
     

    എന്‍റെ തീരുമാനം

     

    പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ഈശോയ്ക്കു സാക്ഷ്യം നല്കിയ
    ശ്ലീഹന്മാരെപ്പോലെ ഞാനും ഈശോയുടെ സാക്ഷിയായി ജീവിക്കും.