•  
     
                    ഇസ്രായേല്‍ക്കാര്‍ ദൈവകല്പനകള്‍ പാലിച്ചുകൊള്ളാമെന്ന് പറഞ്ഞെങ്കിലും മോശ മലയില്‍ പോയി തിരിച്ചുവന്നപ്പോള്‍ അവര്‍ സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി അതിനുചുറ്റും നൃത്തംചെയ്ത് അതിനെ ആരാധിക്കുന്നതാണ് കണ്ടത്. അങ്ങനെ അവര്‍ വിഗ്രഹാരാധന നടത്തി ദൈവത്തിന്‍റെ ആദ്യകല്പനതന്നെ ലംഘിച്ചു.
     
                ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സന്തോഷത്തോടെ ജീവിക്കുവാനാണ്. ദൈവത്തിന്‍റെ കല്പനകള്‍ പാലിച്ചുകൊണ്ട് ജീവിക്കുമ്പോള്‍ നമുക്കു സന്തോഷമുണ്ടാകും. സന്തോഷത്തോടെ ജീവിക്കാനുള്ള
    മാര്‍ഗങ്ങളാണ് കല്പനകള്‍ നമുക്കു കാണിച്ചുതരുന്നത്. മാത്രമല്ല, ദൈവകല്പനകള്‍ പാലിക്കുകവഴി നമ്മള്‍ അവിടുത്തെ
     
                  സ്നേഹിക്കുന്നു. ദൈവമക്കളായ നാം ദൈവത്തിന്‍റെ കല്പനകള്‍പാലിച്ചുകൊണ്ട് അവിടുത്തെ സ്നേഹത്തില്‍  നിലനില്‍ക്കുവാന്‍ കടപ്പെട്ടവരാണ്. "പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്" (1 യോഹന്നാന്‍ 3:4).
     
               ഈശോ പറയുന്നു: "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും" (യോഹന്നാന്‍ 15:10). പിതാവായ ദൈവമാണ് നമുക്കു പത്തു കല്പനകള്‍ നല്‍കിയത്. ഈ കല്പനകള്‍ അനുസരിക്കുമ്പോള്‍ നമ്മള്‍ ദൈവത്തെ സ്നേഹിക്കുന്നവരാകും.
     
                        ഈശോ ഈ കാര്യത്തില്‍ നമുക്കു മാതൃകയാണ്. ഈശോ പിതാവിന്‍റെ കല്പനകള്‍ പാലിച്ചുകൊണ്ട് അവിടുത്തെ സ്നേഹിക്കുകയും ആ സ്നേഹത്തില്‍ നിലനില്ക്കുകയും ചെയ്തു. ഈശോയെപ്പോലെ
    നാമും ദൈവത്തിന്‍റെ കല്പനകള്‍ അനുസരിച്ചു ജീവിച്ചാല്‍ ദൈവത്തെ സ്നേഹിക്കുന്നവരാകും. കല്പനകള്‍ ലംഘിക്കുമ്പോള്‍ നാം ദൈവത്തെ എതിര്‍ക്കുന്നു. അത് പാപമാണ്.
     
                            ദൈവം നല്കിയ പത്തുകല്പനകളെ രണ്ടു കല്പനകളായി സംഗ്രഹിക്കാം: എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
    അതിനാല്‍ ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാതിരിക്കുന്നത്.പാപമായിത്തീരുന്നു. ദൈവസ്നേഹവും  പരസ്നേഹവുമാകുന്ന രണ്ടു പാളങ്ങളിലൂടെയാണ് സ്വര്‍ഗരാജ്യത്തെ ലക്ഷ്യം വച്ചുള്ള നമ്മുടെ ജീവിതയാത്ര തുടരേണ്ടത്.
     
                

       ദൈവകല്പനകള്‍ ലംഘിക്കുവാനുള്ള പ്രേരണകള്‍ നമുക്ക് ഉണ്ടാകാം ഈ പ്രേരണകളെയാണ് പ്രലോഭനങ്ങള്‍ എന്നു പറയുന്നത്. ആദത്തെയും ഹവ്വായെയും പ്രലോഭിപ്പിച്ച സാത്താനാണ് ഇതിലൂടെ നമ്മെ പ്രലോഭിപ്പിക്കുന്നത്. തെറ്റായ ആഗ്രഹങ്ങളും സാഹചര്യങ്ങളും സ്വാധീനങ്ങളും പ്രലോഭനങ്ങളായി
    മാറുന്നു. അവ നമ്മുടെ ജീവിതത്തെ പാപത്തിലേക്കു നയിക്കുന്നു. അതിനാല്‍ നാം അവയെ എതിര്‍ക്കണം, എതിര്‍ത്തു തോല്പിക്കണം.
     
             ഈശോയെയും സാത്താന്‍ പരീക്ഷിച്ചു. എന്നാല്‍ അവിടുന്ന് അവന്‍റെ  പ്രലോഭനങ്ങളെ എതിര്‍ത്തു തോല്പിച്ചു. പ്രലോഭനങ്ങളെ തോല്പിക്കാനുള്ള വഴി ഈശോ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. അവിടുന്നു പറയുന്നു: "നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍." (ലൂക്കാ 22:46). ഈശോ പറഞ്ഞതുപോലെ പ്രാര്‍ത്ഥനയിലൂടെ ശക്തിനേടിയാല്‍ അതുവഴി സാത്താനെയും അവന്‍റെ പ്രലോഭനങ്ങളെയും എതിര്‍ത്തു തോല്പിക്കുവാന്‍ നമുക്കു കഴിയും.
     

    നമുക്കു പ്രാര്‍ത്ഥിക്കാം

    പിതാവിന്‍റെ കല്പനകള്‍ പാലിച്ച ഈശോയേ, കല്പനകള്‍ പാലിച്ചുകൊണ്ട്
    അങ്ങയെ സ്നേഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
     
     

    ബൈബിള്‍ വായന (യോഹന്നാന്‍ 4:7-20)

    എന്‍റെ ബൈബിള്‍ വാക്യം

     

    ദൈവകല്പനകള്‍

    പദസഞ്ചിയില്‍നിന്ന് ചേരുന്നവ എടുത്തെഴുതുക.
    ജീവന്‍, വെറുപ്പ്, സൗഭാഗ്യം, സങ്കടം, സംതൃപ്തി, നിരാശ, ഐശ്വര്യം, നാശം, അനുഗ്രഹം.
    പാലിച്ചാല്‍ ലംഘിച്ചാല്‍
     

    നമുക്കു പാടാം

    നേരായ പാതേ നടന്നീടുവാന്‍ സന്തോഷചിത്തരായ് ജീവിക്കുവാന്‍ സ്നേഹസ്വരൂപനാം നല്ല ദൈവം
    തന്നല്ലോ ഞങ്ങള്‍ക്ക് കല്പനകള്‍ കല്പനകള്‍ നിത്യം പാലിച്ചീടാന്‍
    തിന്മയെ എന്നും ചെറുത്ത് നില്ക്കാം പ്രാര്‍ത്ഥിച്ചാല്‍ നമ്മളും ശക്തരാകും
    സാത്താനെ തോല്പിക്കാന്‍ പ്രാപ്തരാകും.
     

    എന്‍റെ തീരുമാനം

    എന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രലോഭനങ്ങളെ ഈശോയെപ്പോലെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍
    ഞാന്‍ ചെറുത്തു തോല്പിക്കും.