പാഠം 4
വിശ്വാസത്തിന്റെ വീരസാക്ഷികൾ
-
ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരെ ഹേറോദേസ് രാജാവ് പീഡിപ്പിക്കാന്‍ തുടങ്ങി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അദ്ദേഹം വാളിനിരയാക്കി. ഇത് യഹൂദരെ സന്തോഷിപ്പിച്ചുവെന്നുകണ്ട് അദ്ദേഹം പത്രോസിനെയും ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചു. നാലു ഭടന്മാര് വീതമുള്ള നാലു സംഘങ്ങളെ കാവലിനും നിയോഗിച്ചു. പെസഹാ കഴിയുമ്പോള്‍ പത്രോസിനെ ജനത്തിന്റെ മുന്പില് കൊണ്ടുവരാനായിരുന്നു രാജാവിന്റെ ഉദ്ദേശ്യം. സഭാംഗങ്ങള്‍ മുഴുവന്‍ പത്രോസിനു വേണ്ടി ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു (അപ്പ. 12:1-5).
ഈശോയുടെയും ശിഷ്യന്മാരുടെയും സ്ഥലങ്ങളായ ജറുസലേമിലും യൂദയായിലും സമീപപ്രദേശങ്ങളിലുമാണ് സുവിശേഷം ആദ്യം പ്രസംഗിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. ഈ പ്രദേശങ്ങള്‍ അന്ന് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഈശോയുടെ ശിഷ്യډാര്‍ റോമാസാമ്രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സുവിശേഷ പ്രഘോഷണം തുടര്‍ന്നു. ശ്ലീഹന്മാരുടെ തീക്ഷ ്ണത നിറഞ്ഞ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് നയിച്ചു. ക്രിസ്തുമതം സ്വീകരിച്ചവരുടെ മാതൃകാപരമായ ജീവിതവും അനേകര്‍ക്ക് സഭാംഗങ്ങളാകാന് പ്രചോദനമേകി. എന്നാല്‍ യഹൂദര്‍ ക്രിസ്തീയ വിശ്വാസ പ്രചാരണത്തിന് തടസ്സങ്ങ ള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അവര്‍ അപ്പസ്തോലന്മാര് ക്കെതിരെ വ്യാജക്കേസുകള്‍ ഉണ്ടാക്കി ഭരണാധികാരികളെക്കൊണ്ട് അവരെ ശിക്ഷി പ്പിക്കാന് തന്ത്രങ്ങള്‍ ഒരുക്കിയിരുന്നു. അവരോടൊപ്പം അന്യമതങ്ങളിലെ പുരോഹിതരും വിഗ്രഹനിര്മ്മാതാക്കളും ക്രിസ്തീയ വിശ്വാസത്തിനെതിരായിരംഗത്തുവന്നു.
ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിലേയ്ക്കുപോയ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം വഴി അനേകര്‍ ഈശോയെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് സഭയിലേയ്ക്കു കടന്നു വന്നു.അതോടൊപ്പം ധാരാളം ശത്രുക്കളുമുായി. "അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളേയും പീഡിപ്പിക്കയും"(യോഹ. 15:20). എന്നും"നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു"(യോഹ. 16:2). എന്നും ഈശോ ശ്ലീഹന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മുന്നറിയിപ്പു പോലെതന്നെ ആരംഭം മുതല്‍ സഭക്ക് പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. പ്രഥമരക്തസാക്ഷിയായ സ്തേഫാനോസിന്റെ ചരിത്രം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുല്ലോ (അപ്പ. 6:8-7:60).യോഹന്നാന് ഒഴികെയുള്ള ശ്ലീഹന്മാരെല്ലാവരും രക്തസാക്ഷികളായി എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ശ്ലീഹന്മാര് സുവിശേഷം പ്രസംഗിച്ച സ്ഥലങ്ങളെക്കുറിച്ചും അവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചും ചരിത്രകാരനായ എവുസേബിയൂസ് വിവരിക്കുന്നു. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ ഹേറോദേസ് രാജാവ് വാളിനിരയാക്കിയെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍തന്നെ രേഖപ്പെടുത്തി യിട്ടുണ്ട് (അപ്പ. 12:2). പത്രോസ് ശ്ലീഹാ നീറോ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് റോമില്‍വച്ച് തലകീഴായി കുരിശില്‍ തറച്ച് കൊല്ലപ്പെട്ടു. മൈലാപ്പൂരിലെ ചിന്നമലയില്‍ കുന്തത്താല്‍ കുത്തപ്പെട്ട് തോമാശ്ലീഹ രക്തസാക്ഷിത്വം വരിച്ചു. അന്ത്രയോസ് കുരിശുമരണത്തിലൂടെ ഈശോയെ മഹത്വപ്പെടുത്തി. ചെറിയ യാക്കോബ് ക്രിസ്തുവര്‍ഷം 62-ല്‍ ജറുസലേമില്‍ വച്ച് വധിക്കപ്പെട്ടു. ശിമയോന്, ബര്‍ത്തലോമിയോ, പീലിപ്പോസ്, മത്തായി, യൂദാതദേവൂസ്, മത്തിയാസ് എന്നീ ശ്ലീഹന്മാരും ഈശോയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. യോഹന്നാന്‍ശ്ലീഹാ ഡൊമീഷ്യന്റെ മതപീഡനകാലത്ത് ദൈവവചനത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഫലമായി പാത്മോസ് ദ്വീപിലേയ്ക്ക് നാടുകടത്തപ്പെട്ടു. പിന്നീട് തിരിച്ചുവന്ന് എഫേസൂസില്‍ താമസിച്ചുവെന്നും വാര്‍ദ്ധക്യത്തിലെത്തി സ്വാഭാവിക മരണം വരിച്ചു എന്നും എവുസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. പൗലോസ് ശ്ലീഹായും റോമില്‍ വച്ച് വാളിനിരയാക്കപ്പെട്ടു.പ്രവര്‍ത്തനം 1
സ്തേഫാനോസിന്റെ വധത്തെക്കുറിച്ച് അപ്പസ്തോലപ്രവര്ത്തനങ്ങളില്നിന്ന് ഒരു വിവരണം തയ്യാറാക്കുക.മതപീഡനകാരണങ്ങള്
പന്തക്കുസ്താദിനം മുതല്‍ ക്രിസ്തുവര്‍ഷം 313 വരെ സഭയെ സംബന്ധിച്ചിടത്തോളം പീഡനങ്ങളുടെ കാലഘട്ടമായിരുന്നു. വിശ്വാസം കാത്തുസൂക്ഷി ക്കാനും പകര്‍ന്നു നല്‍കാനും ആദിമ ക്രൈസ്തവസമൂഹങ്ങള്‍ക്ക് ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു.ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ അനേകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. യഹൂദമതം ഉപേക്ഷിച്ച് പലരും ക്രിസ്ത്യാനികളായത് യഹൂദരെ പ്രകോപിപ്പിച്ചു. വിജാതീയര്ക്രിസ്ത്യാനികളായതും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ക്രിസ്ത്യാനികളെ ശത്രുക്കളായി കരുതുകയും അവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ചിന്തിക്കുകയും ചെയ്തു.ചക്രവര്‍ത്തിയെ ദേവനായി കരുതി ആരാധിക്കുന്ന രീതി റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്നു.അതിനു ക്രിസ്ത്യാനികള്‍ തയ്യാറായില്ല. പ്രത്യുത, സത്യദൈവത്തിലുള്ള വിശ്വാസം അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ഇത് റോമന്‍ ഭരണാധികാരികള്‍ക്കും തലവډാര്‍ക്കും ഇഷ്ടപ്പെട്ടില്ല . മാത്രമല്ല , ക്രിസ്ത്യാനികള്‍ നടത്തിപ്പോന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളെ മറ്റുള്ളവര്‍ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ തങ്ങള്‍ ഈശോയുടെ മാംസരക്തങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത് എന്ന ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും അവരുടെമേല്‍ ആരോപിക്കപ്പെടാന്‍ ഇടയാക്കി. സംസ്കാരശൂന്യരും അന്ധവിശ്വാസങ്ങളാല്‍ നയിക്കപ്പെടുന്നവരുമായി അവര്‍ ചിത്രീകരിക്കപ്പെട്ടു. അങ്ങനെ യഹൂദരുടെ വെറുപ്പും റോമന്‍ ഭരണാധികാരികളുടെ ശത്രുതയും ഗ്രീക്ക്റോമന്‍ എഴുത്തുകാരുടെ പരിഹാസങ്ങളും ഒന്നുചേര്‍ന്നപ്പോള്‍ ചക്രവര്‍ത്തിമാര്‍ക്ക് പീഡനങ്ങള്‍ നടത്താന്‍ വളരെ എളുപ്പമായി. റോമന്‍ ചക്രവര്‍ത്തിമാര്‍ നടത്തിയ പത്തു മതപീഡനങ്ങളാണ് ചരിത്രത്തില്‍ പ്രധാനമായും രേഖപ്പെടുത്തിയിട്ടുള്ളത്.റോമന്‍ ചക്രവര്‍ത്തിമാരും മതപീഡനങ്ങളും
നീറോ ചക്രവര്‍ത്തിയുടെ കാലം മുതല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലംവരെ കഠിനമായ പത്ത് മര്‍ദനങ്ങളാണ് ക്രിസ്ത്യാനികള്‍ക്ക് സഹിക്കേണ്ടിവന്നത്. നീറോ ചക്രവര്‍ത്തിയാണ് (54-68) ക്രിസ്ത്യാനികളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. ഏ.ഡി 64-ല്‍ റോമാ പട്ടണത്തിലുണ്ടായ ഒരു തീപിടുത്തത്തിന്റെ പിന്നില്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പീഡനങ്ങളുടെ തുടക്കം. അനേകര്‍ വധിക്കപ്പെട്ടു. തീപിടുത്തം വലിയ നാശമുണ്ടാക്കിയില്ലെങ്കിലും അതിന്റെ പേരില്‍ ക്രിസ്ത്യാനികളെ വധിക്കാന്‍ ചക്രവര്‍ത്തി തന്നെ കല്പന നല്‍കുകയായിരുന്നു. തീപിടുത്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ചക്രവര്‍ത്തിയുടെ ആളുകളായിരുന്നു. വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും രക്തസാക്ഷ ിത്വം വരിച്ചത് നീറോചക്രവര്‍ത്തിയുടെ കാലത്താണ്.നീറോയ്ക്കു ശേഷം ഭരണത്തില്‍ വന്ന ഡൊമീഷ്യന്‍ ചക്രവര്‍ത്തി (81-95) നീറോയെപ്പോലെതന്നെ ക്രിസ്ത്യാനികളോട് ക്രൂരമായി പെരുമാറി. അദ്ദേഹത്തിന്റെ ബന്ധുക്കളായിരുന്ന ഫ്ളാവിയസ് ക്ലമന്സും ഭാര്യ ഡൊമിറ്റില്ലയും ഈ കാലത്ത് രക്തസാ ക്ഷി കളായത്. ട്രാജന്‍ ചക്രവര്‍ത്തി (98-117) യുടെ കാലത്ത് അന്ത്യോക്യായിലെ മെത്രാനായിരുന്ന ഇഗ്നേഷ്യസ്, റോമിലെ മറ്റു രണ്ടു മെത്രന്മാരായിരുന്ന ക്ലെമന്റ ്, തെലസ്ഫോറസ്, ജറുസലത്തെ മെത്രാനായിരുന്ന ശിമയോന് എന്നിവര്‍ രക്തസാക്ഷി കളായി. മാര്‍പാപ്പമാരായ വിശുദ്ധ ഹിജിനൂസ്, പീയൂസ് ഒന്നാമന്, മഹാനായ പോളിക്കാര്‍പ്പ് എന്നിവര്‍ അന്റോണിയൂസ് പയസിന്റെ കാലത്താണ് (138-161) രക്തസാക്ഷിത്വം വരിച്ചത്. മാര്‍ക്കസ് ഔറേലിയൂസ് (161-180) ക്രിസ്ത്യാനികളെ കൊല്ലുകയും നാടുകടത്തുകയും കഠിനമായ ജോലികള്‍ക്കായി ജീവപര്യന്തശിക്ഷ നല്‍കുകയും ചെയ്തിരുന്നു. ലയണ്‍സിലെ ഫോത്തിനൂസ്, ജസ്റ്റിന് എന്നിവര്‍ ഇദ്ദേഹത്തിന്റെ കാലത്ത് രക്തസാക്ഷ ികളായി.സെപ്തമിയസ് സെവേരിയൂസ് (193-211) മാമ്മോദീസാ സ്വീകരിച്ചവരേയും അതിനായി ഒരുങ്ങുന്നവരേയും പീഡിപ്പിച്ചു. വിശ്വാസം ഉപേക്ഷിച്ചവരെ വെറുതെ വിട്ടു. മാക്സിമിന് ട്രാസ് (235-238) സഭാധികാരികളെ വധിക്കാനാണ് പരിശ്രമിച്ചത്. റോമന്‍ ദേവന്മാര്ക്ക ് ആരാധനയര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്നവരെ വെറുതെ വിടുക, അതിനു തയ്യാറാകാത്തവരെ പീഡിപ്പിച്ച് കൊല്ലുക എന്നതായിരുന്നു മാക്സിയന്‍ ഡേഷ്യസ് (249-251) ചക്രവര്‍ത്തി ചെയ്തത്. പിന്നീട് അധികാരത്തില്‍വന്ന വലേരിയന്‍ (253-260) ചക്രവര്‍ത്തി റോമന്‍ ദേവന്മാരെ ആരാധിക്കണമെന്ന കാര്യത്തില്‍ മെത്രാډാരെയും വൈദികരെയും ഡീക്കന്മാരെയും നിര്‍ബന്ധിച്ചു. അവര്‍ ഇപ്രകാരം ആരാധന നടത്തുമ്പോള്‍ ജനങ്ങളും അതിനു തയ്യാറായിക്കൊള്ളും എന്നായിരുന്നു ചക്രവര്‍ത്തിയുടെ ചിന്ത. എന്നാല്‍ വിശ്വാസം ഉപേക്ഷിക്കാനും റോമന്‍ ദേവന്മാരെ ആരാധിക്കാനും അവരാരും തയ്യാറായില്ല. അതിനാല്‍ വളരെപ്പേര്‍ പീഡിപ്പിക്കപ്പെടുകയും ദാരുണമായി വധിക്കപ്പെടുകയും ചെയ്തു. സിപ്രിയാന്‍, സിക്സ്റ്റസ് രണ്ടാമന് മാര്‍പാപ്പ, ഡീക്കന്‍ ലോറന്‍സ് തുടങ്ങിയവര്‍ ഈ കാലത്താണ് രക്തസാക്ഷികളായത്.ഡയോക്ലീന് (284-305) ചക്രവര്‍ത്തി ക്രിസ്ത്യാനികളെന്നു തോന്നിയവരെയെല്ലാം ജോലികളില്‍ നിന്ന് പിരിച്ചുവിട്ടും, അവരുടെ വിശുദ്ധഗ്രന്ഥങ്ങളും മറ്റു പുസ്തകങ്ങളും നശിപ്പിച്ചും ക്രിസ്ത്യാനികളെ പീഡിപ്പിച്ചു. ആരാധനാലയങ്ങള്‍ തകര്‍ക്കുകയും സഭാധികാരികളെ ജയിലിലടയ്ക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു. വിശുദ്ധ ആഗ്നസ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ഫെലിക്സ് തുടങ്ങി ധാരാളം പേര് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായി.എ.ഡി. 313-ലെ കോണ്‍സ്റ്റന്‍ന്റെയിന്‍ ചക്രവര്‍ത്തിയുടെ മിലാന് വിളംബരത്തോടുകൂടി സഭയ്ക്ക് സ്വാതന്ത്ര്യം കിട്ടി. എന്നാല്‍ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച അനവധിപ്പേര്‍ പില്കാലത്തും സഭയില്‍ ഉണ്ടായിരുന്നു.പ്രവര്‍ത്തനം 2
ഈ പാഠത്തില്‍ വിശദീകരിച്ചിട്ടില്ലാത്ത ആധുനിക രക്തസാക്ഷികളെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.പൗരസ്ത്യരക്തസാക്ഷികള്
ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സാപ്പോര്‍ ചക്രവര്‍ത്തിമാര്‍ പേര്‍ഷ്യയിലെ ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായവരാണ് വിശുദ്ധ കാന്ഡിഡ, സെലൂഷ്യാസ്തെസിഫണിലെ മെത്രാനായിരുന്ന ശെമയോന് ബര്സബൈ, അദ്ദേഹത്തിന്റെ സഹോദരിമാര്‍, രാജകൊട്ടാരത്തിലെ ജോലിക്കാരനായിരുന്ന പോസി, അദ്ദേഹത്തിന്റെ മകള്‍ മര്‍ത്താ,വിശുദ്ധ മാറൂത്ത തുടങ്ങിയവര്‍. ഇവരോടൊപ്പം മെത്രാന്മാരും വൈദികരും സന്യാസികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പീഡനങ്ങള്‍ക്കു വിധേയരാവുകയും രക്തസാക്ഷിമകുടം ചൂടുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍ ഇറാനിലും ജപ്പാനിലും കൊറിയയിലും വിയറ്റ്നാമിലും ചൈനയിലുമെല്ലാം ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അനവധിപ്പേര്‍ ജീവന് വെടിഞ്ഞിട്ടുണ്ട്.പില്ക്കാലരക്തസാക്ഷികള്
16-ാം നൂറ്റാണ്ടില്‍ ക്രിസ്തീയ വിശ്വാസത്തിനും സഭയുടെ പ്രബോധനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷിയായിത്തീര്‍ന്ന വ്യക്തിയാണ് ഹെന്‍ട്രി എട്ടാമന് രാജാവിന്റെ ചാന്‍സലറായിരുന്ന വിശുദ്ധ തോമസ്മൂര്‍. ഭാര്യയായിരുന്ന കാതറൈനെ ഉപേക്ഷിച്ച് തോഴിയായിരുന്ന ആനിബോളിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച രാജാവിനെ എതിര്‍ത്തതിന്റെ പേരിലാണ് അദ്ദേഹത്തിനു രക്തസാക്ഷിയാകേണ്ടിവന്നത്. ഭൗതിക നേട്ടങ്ങളെക്കാള്‍ സ്വര്‍ഗീയ സമ്മാനത്തെ വിലമതിച്ച അദ്ദേഹം"ഏകവും അഭേദ്യവുമായ സഭയെ വിഭജിക്കാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും അധികാരമില്ല"എന്ന് ഏറ്റുപറഞ്ഞു കൊണ്ടാണ് വധശിക്ഷ ഏറ്റുവാങ്ങ ിയത്. ക്രിസ്തീയ സ്നേഹത്തെ പ്രതി ജീവന് ത്യജിച്ച പുരോഹിതനായിരുന്നു വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബേ. രണ്ടാംലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ തടങ്കല്‍ പാളയത്തില്‍ നിന്നും ഒരാള്രക്ഷ പെട്ടതിനു പ്രതികാരമായി ഗ്യാസ്ചേംബറില്‍ അടച്ചു കൊല്ലാന്‍ ഹിറ്റ്ലര്‍ കുറിയിട്ടെടുത്ത പത്തു പേരില്‍ ഒരാള്‍ക്കു പകരമായി മരണം വരിച്ചുകൊണ്ടാണ് അദ്ദേഹം രക്തസാക്ഷിത്വമകുടം ചൂടിയത്ഭാരതത്തിലെ രക്തസാക്ഷികള്‍
ഭാരതമണ്ണില്‍ രക്തസാക്ഷികളായിത്തീര്ന്നവരില് ജോണ്‍ ബ്രിട്ടോ, ദേവസഹായം പിള്ള എന്നിവര്‍ പ്രത്യേകം സ്മരണീയരാണ്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ജനിച്ച് ഈശോസഭാ വൈദികനായി ഭാരതത്തിലെത്തിയ ജോണ്‍ബ്രിട്ടോ മധുരമിഷനില്‍ അരുളാനന്ദര്‍ എന്ന പേരില്‍ പ്രേഷിതവേല ചെയ്തു. സുവിശേഷം പ്രസംഗിക്കുകയും ക്രിസ്തുമത പ്രചാരത്തിലേര്പ്പെടുകയും ചെയ്തു എന്നതിന്റെ പേരില്‍ 1663 ഫെബ്രുവരി 4-ാം തീയതി ശിരസ് ഛേദിക്കപ്പെട്ട് രക്തസാക്ഷിയായിത്തീര്‍ന്നു.നാഗര്‍കോവിലിനടുത്ത് നാട്ടളം ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ദേവസഹായംപിള്ള ജനിച്ചത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മന്ത്രിയായിരുന്ന അദ്ദേഹം ഡച്ചു ക്യാപ്റ്റനായിരുന്ന ഡലനോയിയുമായുള്ള സമ്പര്‍ക്കത്തിലൂടെ ക്രിസ്ത്യാനിയായിത്തീര്‍ന്നു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ രാജാവിനാല്‍ തടവിലാക്കപ്പെടുകയും 1752 ജനുവരി 14-ന് കാറ്റാടിമലയില്‍ വെടിയേറ്റ് രക്തസാക്ഷിയായിത്തീരുകയും ചെയ്തു ഇതുപോലെയുള്ള അനേകം ധീരരക്തസാക്ഷികള്‍ ഭാരത സഭയിലുണ്ട്. സി. റാണി മരിയ, ഫാ.അരുള്‍ദാസ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.രക്തസാക്ഷികളുടെ ധീരത
രക്തസാക്ഷികള്‍ പീഡനമേറ്റപ്പോള്‍ പ്രകടമാക്കിയ വിശ്വാസവും ധീരതയും അത്ഭുതകരമായിരുന്നു. സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളിക്കാര്‍പ്പിനെ വധിക്കാനായി നിര്‍ത്തിയപ്പോള്‍ ന്യയാധിപനും വിശുദ്ധ പൊളിക്കാര്പ്പും തമ്മില്‍ നടന്ന സംഭാഷണം ഇതിനു തെളിവാണ്. ന്യായാധിപന് പറഞ്ഞു: "ക്രിസ്തുവിനെ ശപിക്കുക; ഞാന്‍ നിന്നെ സ്വതന്ത്രനാക്കാം". വിശുദ്ധന് മറുപടി പറഞ്ഞു: "എണ്പത്താറു വര്‍ഷം ഞാന്‍ അദ്ദേഹത്തെ സേവിച്ചു. അദ്ദേഹം ഒരിക്കലും എന്നെ കൈവെടിഞ്ഞിട്ടില്ല. അങ്ങനെയുള്ള എന്റെ രക്ഷകനായ രാജാവിനെ ഇപ്പോള്‍ ഞാന്‍ എങ്ങനെ ശപിക്കും ? സത്യമായി ഞാന്‍ പ്രഖ്യാപിക്കുന്നു : ഞാനൊരു ക്രിസ്ത്യാനിയാണ്". അഗ്നിയില്‍ ദഹിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ വിശുദ്ധ പൊളിക്കാര്പ്പു പറഞ്ഞു: "നിങ്ങള്‍ എന്നെ അഗ്നി കാണിച്ചു ഭയപ്പെടുത്തുന്നു. അതു പെട്ടെന്നു നശിക്കുന്ന തീയാണ്. നിത്യമായ അഗ്നിയെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? അതു നിങ്ങള്‍ക്കുള്ളതാണ്. വരൂ; എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ". വിശുദ്ധ പൊളിക്കാര്പ്പിന്റെ ശരീരം അഗ്നിയില്‍ കത്തിയെരിഞ്ഞപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍പോലും വെടിയാനുള്ള ധീരത വിശ്വാസികളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചു.മതപീഡനങ്ങള്‍ സഭയെ തളര്‍ത്തുകയല്ല വളര്ത്തുകയാണു ചെയ്തത്. രക്തസാക്ഷ ികളുടെ ധീരമായ സഹനവും, വിശ്വാസസ്ഥിരതയും അനേകരെ ക്രിസ്തുവിശ്വാസത്തിലേയ്ക്ക ് ആകര്‍ഷിച്ചു. അവരെ മര്ദ്ദിച്ചവര്പോലും അവരുടെ വിശ്വാസം കണ്ട് തങ്ങളും ക്രിസ്ത്യാനികളാണെന്ന് ഏറ്റുപറഞ്ഞ ് മരണം വരിച്ചു. രക്തസാക്ഷികളുടെ ചുടുനിണംവീണു കുതിര്‍ന്ന മണ്ണില്‍ സഭാതരുതഴച്ചു വളര്‍ന്നു.വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി ജീവന് ത്യജിക്കേണ്ടിവരുന്നില്ലെങ്കില് പോലും ഈശോ കാണിച്ചുതന്ന സ്നേഹത്തിന്റെയും ക്ഷമയുടെയും മാര്‍ഗം പിന്തുടരാന് ത്യാഗവും ധൈര്യവും ആവശ്യമാണ്. ക്ഷമിക്കുന്ന സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും സാക്ഷികളാകാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ത്യാഗപൂര്‍വം ഏറ്റെടുത്തുകൊണ്ട് രക്തസാക്ഷികളുടെ വിശ്വാസധീരത സ്വന്തമാക്കി നമുക്കും ജീവിക്കാം.ദൈവവചനം വായിക്കാം; ധ്യാനിക്കാം
മത്താ. 10:16-23ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും" (മത്താ 10:32).നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ ഈശോയേ, സത്യവിശ്വാസത്തെപ്രതി ജീവന് ഹോമിച്ച രക്തസാക്ഷ ികളുടെ ജീവിതമാതൃക പിഞ്ചെല്ലുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ.എന്റെ തീരുമാനം
ലോകത്തില്‍ വിശ്വാസസംരക്ഷണത്തിനായി പീഡനമേല്‍ക്കുന്ന വര്‍ക്കുവേണ്ടി ഞാന്‍ എന്റെ സഹനങ്ങളും വേദനകളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.സഭയോടൊത്തു ചിന്തിക്കാം
മിശിഹായുടെ അരൂപിയാല്‍ നയിക്കപ്പെടുന്ന സഭ അവിടുന്നു സഞ്ചരിച്ച പാതയിലൂടെതന്നെ സഞ്ചരിക്കണം. ദാരിദ്ര്യത്തിന്റെയും അനുസരണത്തിന്റെയും സേവനത്തിന്റെയും മരണംവരെയുള്ള ആത്മസമര്‍പ്പണത്തിന്റെയും മാര്‍ഗമാണത്. ഈ മരണത്തില്‍നിന്നാണ് മിശിഹാ ഉത്ഥാനം വഴി വിജയശ്രീലാളിതനായത്. തന്റെ ശരീരമായ സഭയ്ക്കുവേണ്ടി ഈശോ സഹിച്ചതുപോലെ ശ്ലീഹന്മാരും പലവിധ ഞെരുക്കങ്ങളും പീഡനങ്ങളും സഹിച്ചു. പലപ്പോഴും ക്രൈസ്തവ രക്തം സഭാബീജമായി പരിണമിച്ചിട്ടുണ്ട് (അഏ 5).ഉത്തരം കണ്ടെത്താം
നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു രക്തസാക്ഷിയുടെ ജീവിതകഥ വായിച്ചശേഷം ഒരു അനുമോദനക്കുറിപ്പു തയ്യാറാക്കുക.
ഹൃദയം ദീപ്തമാക്കാം
1 ഹേറോദേസ് രാജാവിന്റെ കാലം മുതല്‍തന്നെ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടു തുടങ്ങി. 2 എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശ്ലീഹന്മാരും പിന്‍ഗാമികളും ധീരതയോടെ ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് മരണംപുല്‍കി. 3 അനേകര്‍ യഹൂദമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതും വിജാതീയര്‍ ക്രിസ്ത്യാനികളായതും യഹൂദരെ ചൊടിപ്പിച്ചു. രാജാവിനെ ദൈവമായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകാതിരുന്നതു ഭരണാധികാരികളെയും ശത്രുക്കളാക്കി. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയത്. 4 നീറോ ചക്രവര്‍ത്തിമുതല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിവരെയുള്ള റോമന്‍ രാജാക്കന്മാരെല്ലാം അതിക്രൂരമായ മതമര്ദനം നടത്തിയവരാണ്. അതിനാല്‍ ഈ കാലഘട്ടത്തില്‍ സഭയ്ക്ക് ധാരാളം വിശുദ്ധ രക്തസാക്ഷികളെ ലഭിച്ചു. പൗരസ്ത്യ സഭയിലും ഈ കാലഘട്ടത്തില്‍ അനേകം രക്തസാക്ഷികള്‍ ഉണ്ടായിരുന്നു. 5 എ.ഡി. 313 ലെ മിലാന് വിളംബരത്തോടെയാണ് സഭയ്ക്ക് റോമാസാമ്രാജ്യത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത്. 6 വിശുദ്ധ തോമസ്മൂര്‍, മാക്സ്മില്യന്‍ കോള്‍ബേ തുടങ്ങിയവര്‍ പില്ക്കാലങ്ങളില് രക്തസാക്ഷികളായവരാണ്. വിശുദ്ധ ജോണ്‍ബ്രിട്ടോ, ദൈവസഹായംപിള്ള തുടങ്ങിയവര്‍ ഭാരതത്തിലെ രക്തസാക്ഷികളാണ്. 7 മതപീഡനങ്ങള്‍ സഭയെ തളര്‍ത്തുകയല്ല വളര്ത്തുകയാണു ചെയ്തത്.