•    
                         ഈശോയുടെ ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നവയാണ് സുവിശേഷങ്ങള്‍. നാലു സുവിശേഷങ്ങളിലുമായി അവിടുത്തെ വാക്കുകളും പ്രവൃത്തികളും വിവരിച്ചിട്ടുണ്ട്. ഈശോയുടെ പ്രബോധനങ്ങളുടെ രത്നച്ചുരുക്കമാണ് മലയിലെ പ്രസംഗം. ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്‍ ആരാണെന്നും അവന്‍ എപ്രകാരമാണ് ജീവിക്കേണ്ടതെന്നും അവന് ലഭിക്കുന്ന സൗഭാഗ്യങ്ങളേവയാണെന്നും ഈശോ വിശദമായി പഠിപ്പിച്ചു. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം തന്നെ നിങ്ങളും പ്രവര്‍ത്തിക്കണമെന്നതാണ് എല്ലാ പ്രവചനങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനമെന്നും ഈശോ പഠിപ്പിച്ചു. ഈശോയുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലയിലെ പ്രസംഗം മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ അഞ്ചുമുതല്‍ ഏഴുവരെയുള്ള അധ്യായങ്ങളിലാണ് നമ്മള്‍ കാണുന്നത്.
   

  ക്രിസ്തുശിഷ്യന്‍റെ സൗഭാഗ്യങ്ങള്‍

   

                         മലയിലെ പ്രസംഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സുവിശേഷഭാഗ്യങ്ങള്‍ അഥവാ അഷ്ടസൗഭാഗ്യങ്ങള്‍. ക്രിസ്തുശിഷ്യര്‍ നേടാനിരിക്കുന്ന എട്ടു സൗഭാഗ്യങ്ങളെക്കുറിച്ചാണ് ഇവിടെ ഈശോ പറയുന്നത്. ഈ അഷ്ടസൗഭാഗ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
   
  1. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
  2. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.
  3. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും.
  4. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു     സംതൃപ്തി ലഭിക്കും.
  5. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
  6. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.
  7. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
  8. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്
   (മത്താ.  5:3-10).
   

  ക്രിസ്തുശിഷ്യന്‍റെ രൂപഭാവങ്ങള്‍

   

                             ക്രിസ്തുശിഷ്യന്‍ നേടാനിരിക്കുന്ന സൗഭാഗ്യങ്ങളോടൊപ്പം അവന്‍ ആരാണെന്നും ഈശോ പഠിപ്പിച്ചു. ക്രിസ്തുശിഷ്യര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണെന്ന് അവിടുന്ന് ഉദ്ബോധിപ്പിച്ചു (മത്താ. 5:13-14). ഉപ്പിന് ഉറ ഉണ്ടാവണമെന്നും വിളക്കുകൊളുത്തി പീഠത്തില്‍ വയ്ക്കണമെന്നും അവിടുന്നു പറഞ്ഞു. ക്രൈസ്തവര്‍ ലോകത്തിനു മുഴുവന്‍ രുചിയും വെളിച്ചവും നല്‍കുന്നവരാകണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. "മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ"എന്നും ഈശോ പറഞ്ഞു (മത്താ. 5:16).
   
                              ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിത്തീരുവാന്‍ ദൈവപ്രമാണങ്ങള്‍ പാലിച്ചു ജീവിക്കണമെന്നും ഈശോ നിഷ്കര്‍ഷിച്ചു. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സകലതും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍ അത് അനുസരിക്കുകയും അനുസരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
   
                         ദൈവപരിപാലനയില്‍ ആശ്രയിച്ചുജീവിക്കുന്നവനാണ് ക്രിസ്തു ശിഷ്യന്‍. ദൈവപരിപാലന യില്‍ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഈശോ ഇങ്ങനെ പഠിപ്പിച്ചു: ആഹാരത്തെക്കുറിച്ചും, വസ്ത്രത്തെക്കുറിച്ചും ആകുലരാകേണ്ടതില്ല. അതിനര്‍ത്ഥം അവയൊന്നും വേണ്ടെന്നല്ല. സ്വര്‍ഗസ്ഥനായ പിതാവ് അവ തന്‍റെ മക്കള്‍ക്കു നല്‍കുമെന്നാണ്. ഈശോ പറഞ്ഞു: "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയല്ലാം നിങ്ങള്‍ക്കു ലഭിക്കും'(മത്താ. 6:33).
   
                            ഈശോയുടെ വചനം കേട്ട് അതനുസരിച്ച് ജീവിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍, "നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും" എന്ന് ഈശോപഠിപ്പിച്ചു (യോഹ. 13:35).
   

  യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാകാന്‍

   

                              യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍റെ സവിശേഷതകള്‍ എന്തെല്ലാമായിരിക്കണമെന്നും മലയിലെ പ്രസംഗത്തില്‍ ഈശോ പഠിപ്പിച്ചു. ബാഹ്യമായ നിയമങ്ങളില്‍ മാത്രം ശ്രദ്ധിച്ച്, വിശ്വാസജീവിതത്തില്‍ വളരാതിരുന്ന ജനക്കൂട്ടത്തോട് അവിടുന്ന് പറഞ്ഞു: "കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക"(മത്താ. 7:21).
   
                              മനോഹരമായ ഒരു ഉപമയിലൂടെയാണ് ഈശോ മലയിലെ പ്രസംഗം അവസാനിപ്പിക്കുന്നത്. "എന്‍റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്ക മുണ്ടായി, കാറ്റൂതി, അതു ഭവനത്തിേډല്‍ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല.എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്‍റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി,കാറ്റൂതി, അതു ഭവനത്തിേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്‍റെ വീഴ്ച വലുതായിരുന്നു" (മത്താ.7:24-27).
   
                ഈശോ പറഞ്ഞ ഈ ഉപമയിലെ പാറപോലെ നമ്മുടെ ജീവിതത്തിന് ഉറപ്പും ബലവും നല്‍കുന്നതാണ് ദൈവവചനം. കാരണം ആകാശവും ഭൂമിയും കടന്നുപോയാലും ദൈവത്തിന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ലെന്ന്  ഈശോപഠിപ്പിക്കുന്നു . അതിനാല്‍ ദൈവവചനത്തിലധിഷ് ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നവര്‍ ശക്തരായിത്തീരും. മാത്രമല്ല അവര്‍ ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാന്‍ കെല്‍പുള്ളവരായിരിക്കുകയും ചെയ്യും.
   
                      ഈശോയുടെ യഥാര്‍ത്ഥ ശിഷ്യരായിത്തീരാന്‍ നാം ഈശോയില്‍ വിശ്വസിച്ചാല്‍ മാത്രം പോരാ, മറിച്ച് ദൈവഹിതമറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍കൂടി ആകണമെന്ന് ഈശോ ആഗ്രഹിക്കുന്നു. ദൈവഹിതം ഇന്ന് നമുക്ക് വെളിവാകുന്നത് ദൈവവചനത്തിലൂടെയാണ്. ഈ
  വചനങ്ങള്‍, തുറന്ന മനസ്സോടെ സ്വീകരിച്ച് അവ അനുസരിച്ച് ജീവിച്ചു കൊണ്ട് യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായിത്തീരുവാനും നിത്യജീവന്‍ അവകാശമാക്കുവാനും സ്വര്‍ഗരാജ്യം സ്വന്തമാക്കുവാനും നമുക്കു പരിശ്രമിക്കാം.
   

  നമുക്കു പ്രാര്‍ത്ഥിക്കാം 

   

  രക്ഷയുടെ മാര്‍ഗം ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ,
  അങ്ങയുടെ വചനം ശ്രവിച്ച് അവയനുസരിച്ചു ജീവിച്ചുകൊണ്ട്
  സ്വര്‍ഗരാജ്യം സ്വന്തമാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
   
   

  നമുക്കു പാടാം

   

  (കാക്കണമലിവോടു..)
  വചനം കേട്ടുനടക്കുന്നോര്‍
  ദൈവഹിതം നിറവേറ്റുന്നോര്‍
  ദൈവികസ്നേഹത്തികവിലവര്‍
  വിശ്വത്തിന്‍റെ വെളിച്ചമതാം. (2)
   
  മലമേലരുളീ തിരുനാഥന്‍
  സുവിശേഷത്തിന്‍ ഭാഗ്യങ്ങള്‍
  അതുജീവിക്കും ക്രൈസ്തവനോ
  ദൈവിക മഹിമയെ വെളിവാക്കും. (2)
   
  ദൈവത്തിന്‍ തിരുവചനമതില്‍
  പണിതീര്‍ക്കുന്നൊരു ഭവനമതോ
  പാപത്തിരയടിയേശാതെ
  തകരാതെന്നും നിലനില്ക്കും. (2)
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (മത്താ. 7:21-28). 
   

   

  വഴി കാട്ടാനൊരു തിരുവചനം

   

  "എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്,
  സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക"
   (മത്താ. 7:21)
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  സുവിശേഷഭാഗ്യങ്ങള്‍ മനഃപാഠമാക്കുക.

   

  എന്‍റെ തീരുമാനം

   

  ഈശോയുടെ വചനമനുസരിച്ച് ഞാന്‍ ജീവിക്കും