•                 ഈശോ തന്‍റെ കുരിശുമരണത്തിനു തൊട്ടുമുമ്പ് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചു. അത്താഴസമയത്ത് ഈശോ ശിഷ്യന്മാര്‍ക്ക് ഒരു പുതിയ കല്പന നല്‍കി. സ്നേഹത്തിന്‍റെ കല്പനയായിരുന്നു അത്. പരസ്യജീവിതകാലത്ത് അവിടുന്നു പഠിപ്പിച്ച കാര്യങ്ങളുടെ ആകെത്തുകയാണ് സ്നേഹത്തിന്‍റെ പ്രമാണം. പഴയനിയമജനതയ്ക്ക്ദൈ വമായ കര്‍ത്താവ് നല്‍കിയ പത്തുപ്രമാണങ്ങളെയും വിശദീകരിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത ഈശോ ഇവയുടെയെല്ലാം പൂര്‍ണതയായി സ്നേഹത്തിന്‍റെ പുതിയ കല്പന നല്‍കി: "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍"(യോഹ.13:35).
   

  കല്പനകളുടെ അന്ത:സത്ത

   

                                        സ്നേഹമാണ് കല്പനകളുടെ കാതല്‍. സ്നേഹമാണ് മനുഷ്യജീവിതത്തെ നയിക്കേ ണ്ടതെന്ന് കല്പനകള്‍ വ്യക്തമാക്കുന്നു. ദൈവത്തെ സ്നേഹിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായ കല്പനയെന്നും രണ്ടാമത്തെ കല്പനയായ സഹോദരസ്നേഹം തുല്യപ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈശോ പഠിപ്പിച്ചു. സ്നേഹമെന്ന നാണയത്തിന്‍റെ രണ്ടുവശങ്ങളാണ് ദൈവസ്നേഹവും സഹോദരസ്നേഹവും.
   

  ദൈവസ്നേഹം

   

                 സ്നേഹം തന്നെയായ ദൈവത്തെ സ്നേഹിക്കുക എന്നത് സൃഷ്ടികളുടെ അവകാശവും കടമയുമാണ്. സ്നേഹത്തിന്‍റെ പൂര്‍ണതയില്‍ നിന്നാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. നമ്മെ പരിപാലിക്കുന്നതും രക്ഷിക്കുന്നതും ഈ ദൈവം തന്നെയാണ്. ദൈവത്തെ സ്നേഹിക്കാനും ആബാ പിതാവേ എന്നു വിളിക്കാനും ഈശോ നമ്മെ പ്രാപ്തരാക്കുന്നു. ദൈവത്തെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് ഈശോ നമുക്ക്കാണിച്ചുതന്നിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കിക്കൊണ്ടുംഅവിടുത്തെ കല്പനകള്‍ അനുസരിച്ചുകൊണ്ടും, ദൈവത്തിന് ആരാധനയും കൃതജ്ഞതയും അര്‍പ്പിച്ചുകൊണ്ടും, പരസ്നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ടുമാണ്നാം ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്.
   

  സഹോദരസ്നേഹം

                                        "ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം"  
  (1 യോഹ. 4:20-21). ക്രൈസ്തവ ജീവിതത്തിന്‍റെ മുഖമുദ്രയാണ് സഹോദരസ്നേഹം. മനുഷ്യര്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിച്ച് ഈശോ ദൈവസ്നേഹം വെളിപ്പെടുത്തി. നല്ല സമരിയാക്കാരന്‍റെ ഉപമയിലൂടെ ഈശോ പഠിപ്പിച്ചതും ഇതുതന്നെ (ലൂക്കാ 10:25-37).
   
   
                           സ്നേഹവും കാരുണ്യവും അര്‍ഹിക്കുന്നവരെ അവഗണിക്കാന്‍ ക്രൈസ്തവന് കഴിയുകയില്ല. മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ മക്കളാണെന്നും എല്ലാവരെയും സ്നേഹിക്കേണ്ടതും സഹായിക്കേണ്ടതും നമ്മുടെ കടമയാണെന്നും ഓരോ ക്രൈസ്തവനും ഓര്‍മിക്കണം. പ്രവൃത്തികളിലൂടെ സഹോദരസ്നേഹം നാം പ്രകടിപ്പിക്കണം. കാരുണ്യപ്രവൃത്തികള്‍ക്ക് അഥവാ പരസ്നേഹപ്രവൃത്തികള്‍ക്ക് ക്രിസ്തുശിഷ്യന്‍റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അന്ത്യവിധി ദിവസത്തില്‍ കര്‍ത്താവു നമ്മെ വിധിക്കുന്നതും നമ്മുടെ സഹോദരസ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ചെറുപ്പം മുതല്‍ പരസ്നേഹം നാം അഭ്യസിക്കണം. കുടുംബങ്ങളിലാണ് ഇത് ആരംഭിക്കേണ്ടത്. മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കണം.  നമ്മുടെ വിദ്യാലയങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും മറ്റു ജീവിതസാഹചര്യങ്ങളിലും സ്നേഹത്തിന്‍റെ മാതൃക നല്‍കുന്നവരായിരിക്കണം നമ്മള്‍.
   

  ശത്രുസ്നേഹം പരസ്നേഹത്തിന്‍റെ പാരമ്യം

   

                                ഗാഗുല്‍ത്താമലയിലെ കുരിശുമരണത്തിലൂടെ ഈശോ ശത്രുസ്നേഹത്തിന്‍റെ ഉദാത്തമാതൃക നമുക്കു നല്‍കി. വേദന സഹിച്ച് കുരിശില്‍ കിടന്ന ഈശോയെ ജനക്കൂട്ടം പരിഹസിക്കുകയാണ് ചെയ്തത്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും കുറ്റവാളിയാകേണ്ടിവന്ന ഈശോ കുരിശില്‍കിടന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. "പിതാവേ, അവരോട് ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല"(ലൂക്കാ 23:34). തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടിയാണ് അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത്. ഈശോയുടെ വാക്കുകളും പ്രവൃത്തികളും സ്നേഹത്തില്‍നിന്നാണ് ഉണ്ടായത്. അവിടുന്ന് ആരെയും ശത്രുവായി കരുതിയില്ല. തന്നെ ശത്രുവായി കരുതി പീഡിപ്പിച്ചവരെയും അവിടുന്ന് സ്നേഹിച്ചു. അങ്ങനെ ശത്രുക്കളെപ്പോലും സ്നേഹിച്ചുകൊണ്ട് പരസ്നേഹത്തിന്‍റെ പാരമ്യം ശത്രുസ്നേഹമാണെന്ന് ഈശോ നമുക്ക് വെളിപ്പെടുത്തിത്തന്നു. ലോകചരിത്രത്തില്‍ അന്നുവരെ മറ്റാരും പഠിപ്പിക്കാത്തതാണ് ശത്രുസ്നേഹത്തിന്‍റെ ഈ പാഠം.
   

  ഈശോയുടെ ആഹ്വാനം

   

                            സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതാണ് ലോകസ്വഭാവം. എന്നാല്‍ നമ്മുടെ രക്ഷകനും നാഥനുമായ ഈശോയുടെ ആഹ്വാനം മറിച്ചാണ്. അവിടുന്നു പഠിപ്പിച്ചു: "അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുല്ലോ: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍" (മത്താ. 5:43-44).
   
                              ശത്രുസ്നേഹം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഈശോ വിശദീകരിക്കുന്നുണ്ട്. "ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍; ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക" എന്നിങ്ങനെ ശത്രുസ്നേഹം പ്രകടമാക്കാനുള്ള വിവിധമാര്‍ഗങ്ങള്‍ ഈശോ പഠിപ്പിച്ചു(ലൂക്കാ 6:27-30).ഈശോ പഠിപ്പിച്ച കര്‍തൃപ്രാര്‍ത്ഥനയിലെ സുപ്രധാന ഭാഗമായ "ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്ന പ്രാര്‍ത്ഥനയും ഈ സന്ദേശമാണ് നമുക്ക് നല്കുന്നത് (മത്താ. 6:12). നാം മറ്റുള്ളവരോട് ക്ഷമിച്ചില്ലെങ്കില്‍ ദൈവം നമ്മോടും ക്ഷമിക്കുകയില്ല എന്നാണ് ഇതിനര്‍ത്ഥം. ശത്രുസ്നേഹത്തിന്‍റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ വ്യവസ്ഥ. അതിനാല്‍ ശത്രുക്കളോടു ക്ഷമിച്ചും അവരെ സ്നേഹിച്ചും അവര്‍ക്കായി പ്രാര്‍ത്ഥിച്ചും നമുക്ക് ശത്രുവിനെ മിത്രമാക്കി സ്വീകരിക്കാം. തെറ്റില്‍ വീണുപോവുകയെന്നത് മാനുഷികമാണ്. എന്നാല്‍ ക്ഷമിക്കുകയെന്നത് ദൈവികമായ പ്രവൃത്തിയാണ്. മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴാണ് നാം ദൈവികസ്വഭാവത്തില്‍ പങ്കുപറ്റുന്നത്.
   

  ഈശോ നല്കിയ പുതിയ കല്പന

   

                 അന്ത്യഅത്താഴവേളയില്‍ ഈശോ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു. വിനയത്തിന്‍റെയും സ്നേഹത്തിന്‍റെയും ഈ പ്രവൃത്തി ചെയ്തതിനുശേഷം അവിടുന്ന് ശിഷ്യരോടു പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു (യോഹ. 13:15). അതിനു ശേഷം ഈശോ ഒരു കല്പനയും അവര്‍ക്കു നല്‍കി: "ഞാന്‍ പുതിയൊരു കല്പനനിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'(യോഹ: 13: 34-35). എല്ലാ കല്പനകളെയും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഈശോ അവയെല്ലാം സ്നേഹമെന്ന ഒറ്റ കല്പനയില്‍ ഒതുക്കി. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്ന്
  അവിടുന്ന് ശിഷ്യരോട് ആവശ്യപ്പെട്ടു . ഈ സ്നേഹം പ്രകടിപ്പിക്കുവാനുള്ള മാര്‍ഗങ്ങളാണ് കാരുണ്യ പ്രവൃത്തികള്‍.
   
                                 ഈശോയുടെ സ്നേഹത്തിന് ചില സവിശേഷതകളുണ്ട്. സ്വാര്‍ത്ഥതയില്ലാത്ത സ്നേഹമാണത്; മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിക്കുന്ന സ്നേഹമാണത്; ശത്രുക്കളോടുപോലും ക്ഷമിക്കുന്ന സ്നേഹമാണത്; വ്യവസ്ഥകളില്ലാത്ത സ്നേഹമാണത്; ത്യാഗപൂര്‍ണമായ സ്നേഹമാണത്; എല്ലാവരേയും ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്ന സ്നേഹമാണത്.
   
   
                          ഈശോയുടെ സ്നേഹത്തിന്‍റെ ഈ സവിശേഷതകള്‍ നമ്മുടെ സ്നേഹത്തിലും ഉണ്ടാകണം. അപ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ അവിടുത്തെ ശിഷ്യരായിത്തീരുന്നത്. സ്നേഹത്തില്‍ വളരാനും സ്നേഹത്തില്‍ നിലനില്ക്കാനും നമുക്കു കഴിയണം. ഈശോയെപ്പോലെ സ്നേഹിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ ലോകത്തില്‍ വച്ചുതന്നെ സ്വര്‍ഗരാജ്യത്തിന്‍റെ അനുഭവം സ്വന്തമാക്കാന്‍ നമുക്കു കഴിയും.
   

  കാരുണ്യപ്രവൃത്തികള്‍ പതിനാല്

   

  ശാരീരികങ്ങള്‍ ഏഴ്

   

  1. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.
  2. ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുന്നത്.
  3. വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം കൊടുക്കുന്നത്.
  4. പാര്‍പ്പിടമില്ലാത്തവര്‍ക്കു പാര്‍പ്പിടം കൊടുക്കുന്നത്.
  5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
  6. അവശരെയും അഗതികളെയും സഹായിക്കുന്നത്.
  7. മരിച്ചവരെ അടക്കുന്നത്.
   

   

  ആദ്ധ്യാത്മികങ്ങള്‍ ഏഴ്

   

  1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
  2. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്.
  3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
  4. തെറ്റുചെയ്യുന്നവരെ തിരുത്തുന്നത്.
  5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്.
  6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്.
  7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  പരസ്നേഹത്തിന്‍റെ ഉത്തമമാതൃക നല്‍കിയ ഈശോയേ, അങ്ങ് ഞങ്ങളെ സ്നേഹിച്ചതുപോലെ, പരസ്പരം സ്നേഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
   
   

  നമുക്കു പാടാം

   

  (അഖിലാണ്ഡ മണ്ഡല..)
   
  സ്നേഹമാം ദൈവമന്നേകിയതല്ലോ
  സ്നേഹത്തിന്‍ കല്പന മാനവര്‍ക്കായി
  പൂര്‍ണ മനസോടെ, പൂര്‍ണാത്മാവോടെ
  സ്നേഹിക്കൂ ദൈവത്തെ സര്‍വവുമായി.
   
  നിന്നെപ്പോല്‍ നിന്നുടെ സോദരരെയും
  സ്നേഹിച്ചാല്‍ നിങ്ങ ളെന്‍ ശിഷ്യരായ്ത്തീരും
  ഈശോയന്നേകിയ മാതൃകയോര്‍ക്കാം
  ശത്രുവേ മിത്രമായ്ത്തീര്‍ത്തീടാം സ്നേഹത്താല്‍
   
  ദൈവത്തെ സ്നേഹിക്കാം പൂര്‍ണഹൃത്തോടെ
  സല്‍കൃത്യം, പ്രാര്‍ത്ഥന, ആരാധനയാല്‍
  നന്ദി നിറഞ്ഞൊരു ഹൃത്തോടെയെന്നും
  ദൈവഹിതം നിറവേറ്റുന്നോരാകാം.
   
  സ്വര്‍ഗീയ താതന്‍റെ നിര്‍മ്മലസ്നേഹം
  ജീവബലിയതാല്‍ നല്‍കിയോനേശു
  ഏകിയ ശ്രേഷ്ഠമാം കല്പനയേവം
  കാത്തുപാലിച്ചീടാം സ്നേഹമോടെന്നും.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (യോഹ. 13:1-20).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം" (യോഹ. 13:14)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  ഈശോ നല്‍കിയ സ്നേഹമാതൃക സ്വന്തമാക്കി ജീവിച്ച അഞ്ച് വിശുദ്ധരുടെ പേരുകള്‍ കണ്ടെത്തുക.
   

  എന്‍റെ തീരുമാനം

   

  ഓരോ ദിവസവും ഒരു കാരുണ്യപ്രവൃത്തിയെങ്കിലും ഞാന്‍ ചെയ്യും