•  
                മോശവഴി ദൈവം കല്പനകള്‍ നല്‍കിയത് പഴയനിയമജനത്തിനാണ്. അവരാണ് ഇസ്രായേല്‍ക്കാര്‍. അവരുടെ സന്തതിപരമ്പരകള്‍ ദൈവപ്രമാണങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവരായി. പുതിയനിയമജനതയായ സഭയുടെ മക്കള്‍ക്കും ഈ കല്പനകള്‍ അനുസരിക്കാന്‍ കടമയുണ്ട്. നാമെല്ലാവരും പുതിയ ഇസ്രായേലിലെ അംഗങ്ങളാണ്. പഴയനിയമത്തില്‍ ലഭിച്ച പ്രമാണങ്ങള്‍ ഈശോ പുതിയനിയമത്തില്‍ വ്യാഖ്യാനിക്കുകയും പൂര്‍ണമാക്കുകയും ചെയ്തു.
   

  സഭയുടെ നിയമങ്ങള്‍

   

                                                       ദൈവപ്രമാണങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അവയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ അവയെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ഈശോ സഭയ്ക്കാണ് നല്‍കിയിട്ടുള്ളത്. സഭയുടെ പ്രബോധനമനുസരിച്ച് ദൈവകല്പനകളെ സ്വീകരിക്കാനും ജീവിതത്തില്‍ പാലിക്കാനും നാം ശ്രദ്ധിക്കണം.
   
                                                ക്രിസ്തുശിഷ്യരെ നയിക്കാനും പഠിപ്പിക്കാനുമുള്ള അധികാരം ഈശോ അപ്പസ്തോലډാര്‍ക്ക് നല്‍കി. അവരിലൂടെ അത് തിരുസഭയ്ക്കു ലഭിച്ചിരിക്കുന്നു. വിശ്വാസികള്‍ക്ക് നിത്യരക്ഷ കൈവരിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ സഭ പഠിപ്പിക്കുന്നുണ്ട്. ദൈവാരാധന, കൂദാശകളുടെ സ്വീകരണം, കല്പനകളുടെ പാലനം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഇവയോടൊപ്പം സഭാസമൂഹത്തിന്‍റെ നിലനില്പിനും വളര്‍ച്ചയ്ക്കും ഉപകരിക്കുന്ന ചില കല്പനകളും തിരുസഭ നമുക്ക് നല്‍കുന്നുണ്ട്. ഇവയാണ് തിരുസഭയുടെ അഞ്ചു കല്പനകള്‍. ഇവ സഭാംഗങ്ങള്‍ പാലിക്കേണ്ടവയാണ്.
   

  തിരുസഭയുടെ കല്പനകള്‍

   

                                       കാലഘട്ടങ്ങളിലൂടെ സഭയില്‍ രൂപം പ്രാപിച്ചവയാണ് തിരുസ്സഭയുടെ കല്പനകള്‍. ഈ കല്പനകളുടെ പിന്നിലുള്ള ഉദ്ദേശ്യം ഗ്രഹിച്ച്, ശരിയായി ഇവ പാലിക്കാന്‍ സഭാതനയര്‍ക്ക് കടമയുണ്ട്.
   
  1 ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളണം. ആ ദിവസങ്ങള്‍ വിശുദ്ധമായി ആചരിക്കുന്നതിന് തടസമാകുന്ന ജോലികള്‍ ചെയ്യരുത്.
   
                                 ദൈവപ്രമാണങ്ങളില്‍ മൂന്നാമത്തേതുമായി ബന്ധമുള്ളതാണ് ഈ കല്പന. സഭയുടെ പരമോന്നതമായ ആരാധനയാണ് വിശുദ്ധ കുര്‍ബാന. കുര്‍ബാനയില്‍ സംബന്ധിക്കുന്നതും കുര്‍ബാന സ്വീകരിക്കുന്നതും ഒരു ക്രൈസ്തവന്‍റെ ജീവിതത്തിലെ ധന്യമായ അനുഭവമാണ്. കുര്‍ബാനയില്‍ നിന്നു ലഭിക്കുന്ന ശക്തിയാണ് വിശുദ്ധജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. ഞായറാഴ്ചകളില്‍ കുര്‍ബാനയില്‍ സംബന്ധിക്കേണ്ടത് സഭാംഗങ്ങളുടെ കടമയാണ്. പൂര്‍ണമായി കുര്‍ബാനയില്‍ പങ്കുകൊള്ളുവാനാണ് സഭ നിര്‍ദേശിക്കുന്നത്. കഴിയുന്നതും ഇടവകദൈവാലയത്തില്‍ തന്നെ കുര്‍ബാനയര്‍പ്പണത്തില്‍ സംബന്ധിക്കേണ്ടതാണ്. ഇടവക സമൂഹത്തിന്‍റെ ഐക്യത്തിനും വളര്‍ച്ചയ്ക്കും അത് ആവശ്യമാണ്.
   
     സഭയോടൊത്ത് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമായി ഞായറാഴ്ചകളെ കാണണം. ദൈവാരാധനയില്‍ പങ്കുചേരാനും കാരുണ്യ പ്രവൃത്തികളില്‍ വ്യാപരിക്കാനും സമയം കണ്ടെത്തുന്നതിനാണ് അന്നേ ദിവസം വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭ നിര്‍ദേശിക്കുന്നത്. ഞായറാഴ്ചകള്‍പോലെതന്നെ കടപ്പെട്ട തിരുനാള്‍ ദിനങ്ങളും ആചരിക്കാന്‍ ഈ കല്പന നമ്മോട് ആവശ്യപ്പെടുന്നു.
   
  2. ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജനകൂദാശ സ്വീകരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും വേണം.
   
                          കൂദാശകളുടെ സ്വീകരണം ക്രൈസ്തവജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പാപങ്ങളുടെ മോചനത്തിനായി ഇടയ്ക്കിടെ കുമ്പസാരിക്കുവാനാണ് സഭ അനുശാസിക്കുന്നത് . എന്നാല്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും കാരണത്താല്‍ അതു പാലിക്കാന്‍ കഴിയാതെ വന്നാല്‍ അവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്നാണ് ഈ കല്പനയുടെ സാരം. ഇതിനായി സഭ നിര്‍ ദ്ദേശിക്കുന്നത് പെസഹാക്കാലമാണ് . പെസഹാക്കാലമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അമ്പത് നോമ്പ് ആരംഭം മുതല്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളിന്‍റെ തലേ ദിവസം വരെയുള്ള കാലഘട്ടമാണ്. വലിയ ആഴ്ച, വിശുദ്ധവാരം എന്നെല്ലാം അറിയപ്പെടുന്ന ഈ കാലഘട്ടത്തിലാണ് രക്ഷാകരരഹസ്യങ്ങളുടെ അനുസ്മരണം സഭ പ്രത്യേകമായി കൊണ്ടാടുന്നത്. അതിനാലാണ് ആണ്ടുകുമ്പസാരത്തിനുള്ള അവസരമായി പെസഹാക്കാലത്തെ ഉപയോഗിക്കണമെന്ന് തിരുസഭ പഠിപ്പിക്കുന്നത്.
   
  3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.
   
                                നോമ്പും ഉപവാസവും ക്രൈസ്തവജീവിതത്തിന്‍റെ ഭാഗങ്ങളാണ്. എല്ലാ സഭാംഗങ്ങളും ഇവ പാലിക്കുന്നതിനായി ചില പ്രത്യേക ദിവസങ്ങളും കാലഘട്ടങ്ങളും തിരുസഭ നിര്‍ദ്ദേശിക്കുന്നുണ്ട്. ആ ദിവസങ്ങളില്‍ ഉപവസിക്കാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്. വെള്ളിയാഴ്ചകളില്‍ മാംസവര്‍ജനം പാലിക്കണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു. നോമ്പുകാലത്ത് മാംസവര്‍ജനത്തോടൊപ്പം ചില ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതും,പ്രത്യേക പ്രായശ്ചിത്തപ്രവൃത്തികള്‍ നിര്‍വഹിക്കുന്നതും സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഇത് ക്രൈസ്തവ ജീവിതത്തെ കൂടുതല്‍ ശക്തമാക്കും.
   
        4. വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
   
                               നോമ്പുകാലം പരിത്യാഗത്തിന്‍റെ നാളുകളാണ്. ആഘോഷങ്ങള്‍ക്കുള്ള അവസരങ്ങ ളല്ല. അതിനാല്‍ അക്കാലത്ത് വിവാഹ ആഘോഷങ്ങളും മറ്റ് ആഘോഷപരിപാടികളും നടത്താന്‍ സഭ അനുവദിക്കുന്നില്ല. അതുപോലെ തന്നെ സഭയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവരുമായുള്ള വിവാഹമാണ് സഭ ആഗ്രഹിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ സഭ വിലക്ക് കല്‍പിച്ചിരിക്കുന്ന വ്യക്തികളുമായി വിവാഹം നടത്താന്‍ സഭാംഗങ്ങള്‍ക്ക് അനുവാദമില്ല. ഇതാണ് ഈ കല്പനയുടെ സാരം.
   
  5. ദൈവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികമേലധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
   
                              ദൈവാലയത്തിന്‍റെ സംരക്ഷണവും ദൈവാലയശുശ്രൂഷകരുടെ പരിപാലനയും സാധുക്കളുടെ സംരക്ഷണവും സഭാസമൂഹത്തിന്‍റെ കടമയാണെന്ന് ഈ കല്പന നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവജനത്തിന് ഒരുമിച്ചുകൂടാനും ബലിയര്‍പ്പിക്കാനുമുള്ള സ്ഥലമാണ് ദൈവാലയം. ദൈവാരാധനയ്ക്കുള്ള ദൈവാലയം നിര്‍മ്മിക്കേണ്ട ചുമതല ദൈവജനത്തിന്‍റേതാണ്. ദൈവാലയത്തിലെ വിവിധ ചെലവുകളും അവര്‍ നിര്‍വഹിക്കേ ണ്ടതാണ്. ഇടവകസമൂഹത്തിന്‍റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കുമുള്ള കേന്ദ്രസ്ഥാനം കൂടിയാണ് ഇടവകദൈവാലയം. അതിനാല്‍ ദൈവാലയത്തിന് ആവശ്യമായ സാമ്പത്തികസഹായം നല്‍കാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്.
   
                                   വൈദികര്‍ ദൈവജനത്തിനുവേണ്ടി ശുശ്രൂഷചെയ്യുന്നവരാണ്. ദൈവാലയവുമായി ബന്ധപ്പെട്ട മറ്റ് ശുശ്രൂഷകരും സഭയിലുണ്ട്. അവരെയും സംരക്ഷിക്കേണ്ട ചുമതല ഇടവകജനത്തിനുണ്ട്. അതിനാല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നാം പള്ളിക്കും, ദൈവാലയ ശുശ്രൂഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കും നല്‍കേണ്ട ഓഹരി മെത്രാന്മാര്‍ നിശ്ചയിക്കുന്നു. അതിനാണ് പതവാരം എന്നുപറയുന്നത്. അത് യഥാസമയം നല്‍കാന്‍ സഭാംഗങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
   
                            ദൈവപ്രമാണങ്ങള്‍ പോലെ ഒരിക്കലും മാറ്റം വരാത്തവയല്ല തിരുസഭയുടെ കല്പനകള്‍. കാലത്തിനും ദേശത്തിനും സംസ്ക്കാരത്തിനും അനുസരിച്ച് ഇവയില്‍ വ്യത്യാസങ്ങള്‍ അനുവദിക്കാറുണ്ട്. മാര്‍പാപ്പായ്ക്കും മെത്രാന്മാര്‍ക്കും മാത്രമേ ഇങ്ങനെ വ്യത്യാസങ്ങള്‍ വരുത്തുവാന്‍ അധികാരമുള്ളൂ.
   
                                           സഭാംഗങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയ്ക്കുപരി ഐക്യത്തിനും അച്ചടക്കത്തിനും ഉപകരിക്കുന്നവയാണ് തിരുസഭയുടെ കല്പനകള്‍. സഭാമാതാവ് മക്കള്‍ക്കു നല്കുന്ന നല്ല നിര്‍ദേശങ്ങളായിവേണം ഇവയെ സ്വീകരിക്കാന്‍. അനുസരണമനോഭാവത്തോടും വിശ്വസ്തതയോടും കൂടി തിരുസഭയുടെ കല്പനകള്‍ പാലിക്കുമ്പോഴാണ് നാം സഭാമക്കളും ദൈവമക്കളുമായി വളരുന്നത്.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  നല്ല ദൈവമേ, ഞങ്ങളുടെ നന്മയ്ക്കായി തിരുസഭ നല്‍കുന്ന കല്പനകളുടെ യഥാര്‍ത്ഥ ചൈതന്യം മനസിലാക്കി അവയനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്ക ണമേ.
   
   

  നമുക്കു പാടാം

   

  (കാക്കണമലിവൊടു കര്‍ത്താവേ..)
   
  വിശ്വാസികള്‍തന്‍ കൂട്ടായ്മ
  തിരുസഭയാണെന്നോര്‍ക്കുക നാം
  രക്ഷാപാതയില്‍ നീങ്ങിടുവാന്‍
  തിരുസഭയേകി കല്പനകള്‍.
  ബലിയേകുന്നൊരു സൗഭാഗ്യം
  പങ്കിട്ടൊന്നായ്ത്തീര്‍ന്നീടാന്‍
  കാരുണ്യത്തികവേകീടും
  അനുരഞ്ജനകൂദാശയതും.
   
  തന്നുടെ ഹൃദയകോവിലതില്‍
  ഏറ്റതുവാങ്ങും ക്രൈസ്തവനും
  നോമ്പുപവാസപ്രാര്‍ത്ഥനയാല്‍
  സല്‍കൃത്യങ്ങള്‍ ചെയ്തിടുക.
   
  ദേവാലയമതിനോഹരിയും,
  നല്‍കീടുക മടികൂടാതെ
  സഭയോടൊത്തു ചിന്തിക്കാം,
  സഭയോടൊത്തു പ്രവര്‍ത്തിക്കാം.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (മത്താ. 16:13-20).
   
   

  വഴികാട്ടാനൊരു തിരുവചനം

   

  "നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്താ. 16:19)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  തിരുസഭയുടെ കല്പനകള്‍ മനഃപ്പാഠമാക്കുക.
   
   

  എന്‍റെ തീരുമാനം

   

  തിരുസഭയുടെ കല്പനകള്‍ അനുസരിച്ചുകൊണ്ട് സഭയുടെ വിശ്വസ്ത മകനായി / മകളായി ഞാന്‍ ജീവിക്കും.