•          

           ഭാര്യാഭര്‍തൃബന്ധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഈശോ ഫരിസേയരോട് സംസാരിക്കുന്നത് മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. വിവാഹത്തിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നായിത്തീരുമെന്ന് ഈശോ വ്യക്തമാക്കുന്നു. "തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല; ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന് അവിടുന്ന് പഠിപ്പിച്ചു"(മത്താ. 19:6).

  വിവാഹബന്ധം പഴയനിയമത്തില്‍

   

                          ദൈവമാണ് സ്ത്രീപുരുഷന്മാരെ വിവാഹബന്ധത്തിലേക്കും കുടുംബജീവിതത്തിലേക്കും നയിക്കുന്നതെന്ന് ഉല്‍പത്തി പുസ്തകം വ്യക്തമാക്കുന്നു. സ്ത്രീയെയും പുരുഷനെയും പരസ്പര പൂരകങ്ങളായി അവിടുന്ന് സൃഷ്ടിച്ചു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ലാത്തതിനാല്‍ പരസ്പരം ഇണയും തുണയുമായി അവര്‍ കഴിയണമെന്ന് ദൈവം ആഗ്രഹിച്ചു (ഉല്‍പ. 2:18). തന്‍റെ മാംസത്തിന്‍റെ മാംസവും അസ്ഥിയുടെ അസ്ഥിയുമായി അവര്‍ പരസ്പരം സ്വീകരിച്ചു. അവരുടെ സ്നേഹത്തിന്‍റെ കൂട്ടായ്മയിലേക്ക് ദൈവം സന്താനങ്ങളെ നല്‍കി അനുഗ്രഹിച്ചു.
   
   
                                 മാതൃകാപരമായ ജീവിതാവസ്ഥയായാണ് പഴയനിയമജനത വിവാഹത്തെ കണ്ടിരുന്നത്. വളരെ പരിശുദ്ധമായ ഒരു ഉടമ്പടിയാണിതെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തെ ഭാര്യാഭര്‍തൃബന്ധത്തോട് അവര്‍ ഉപമിച്ചിരുന്നു. അവിശ്വസ്തത കാണിക്കുന്ന ഇസ്രായേലിനെ അവിശ്വസ്തയായ ഭാര്യയോട് പ്രവാചകന്മാര്‍ ഉപമിച്ചിരുന്നതായി നാം വായിക്കുന്നുണ്ട്. ദാമ്പത്യജീവിതത്തിലെ അവിശ്വസ്തത വളരെ ഗൗരവമേറിയ തിന്മയായിട്ടാണ് യഹൂദജനം കണ്ടിരുന്നത്.
   

  വിവാഹബന്ധം പുതിയ നിയമത്തില്‍

   

                                            ഈശോ തന്‍റെ പരസ്യജീവിതത്തിലെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്നത് കാനായിലെ കല്യാണവിരുന്നില്‍ വച്ചാണ്. ഈ വിവാഹവിരുന്നിലെ ഈശോയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. വിവാഹത്തിലൂടെ ദമ്പതികള്‍ സ്വീകരിക്കുന്ന നന്മയെ ഈ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. വിവാഹം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ ഫലദായകമായ അടയാളമായി മാറി.
   
                                                   മിശിഹായും സഭയും തമ്മിലുള്ള ബന്ധമാണ് വിവാഹബന്ധത്തിന്‍റെ മാതൃകയായിപൗലോസ് ശ്ലീഹാ അവതരിപ്പിക്കുന്നത്. "ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം" (എഫേ. 5:25). മിശിഹായും സഭയും തമ്മിലുള്ള ഉടമ്പടിയെ വിവാഹം സൂചിപ്പിക്കുന്നു. ആ ഉടമ്പടിയുടെ കൂദാശയാണ് വിവാഹം. ഈ കൂദാശയിലൂടെ സമൃദ്ധമായ കൃപാവരം ദമ്പതികള്‍ സ്വീകരിക്കുന്നു.
   

  വിവാഹത്തിന്‍റെ അവിഭാജ്യത

   

   
                        വിവാഹം മരണംവരെ നീണ്ടുനില്‍ക്കുന്ന ബന്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ഉടമ്പടി എന്നതിലുപരി വിവാഹത്തിലൂടെ സ്ത്രീപുരുഷന്മാര്‍ ഈശോയില്‍ ഒന്നായിത്തീരുകയാണ് ചെയ്യുന്നത്. ദൈവം യോജിപ്പിക്കുന്ന ബന്ധമായതുകൊണ്ട് ഈ ബന്ധം വിച്ഛേദിക്കാനാവില്ല. ഇതിനെയാണ് വിവാഹത്തിന്‍റെ അഭേദ്യത  എന്നുപറയുന്നത്.
   

  തകരുന്ന കുടുംബ ബന്ധങ്ങള്‍

   

   
                              മനുഷ്യബന്ധങ്ങളില്‍ വളരെ പവിത്രമായതാണ് ദാമ്പത്യബന്ധം. ആധുനികലോകത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരാറിലാകുന്നതിന്‍റെ പ്രധാനകാരണം വിവാഹത്തിന്‍റെ പവിത്രതയെ അവഗണിക്കുന്നതാണ്. ദാമ്പത്യവിശുദ്ധി പ്രധാനമായും ലംഘിക്കപ്പെടുന്നത് അവിശ്വസ്തതയിലൂടെയാണ്. പരസ്പരം പൂര്‍ണമായി സമര്‍പ്പിക്ക പ്പെട്ടവരാണ് വിവാഹിതര്‍. സമ്പത്തും സൗന്ദര്യവും ഒക്കെ ദാമ്പത്യബന്ധത്തിന്‍റെ അടിസ്ഥാനമായി കണ്ടുതുടങ്ങുമ്പോള്‍ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങും.  നിസ്വാര്‍ത്ഥസ്നേഹമാണ് കുടുംബബന്ധത്തിന് അടിത്തറയാകേണ്ടത്.
   
   
                                   ജീവിതപങ്കാളിയെ ആദരിക്കുകയും നിഷ്കളങ്കമായി സ്നേഹിക്കുകയും ചെയ്യുന്നി ല്ലെങ്കില്‍ കുടുംബബന്ധങ്ങള്‍ ദുര്‍ബലമാകും. കുടുംബജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും സന്തോഷത്തോടെ ഏറ്റെടുക്കാനും തെറ്റുകള്‍ പരസ്പരം ക്ഷമിക്കാനും കഴിയാതിരിക്കുന്നതും പരസ്പര സ്നേഹത്തിന്‍റെയും ആദരവിന്‍റെയും കുറവുകൊണ്ടാണ്.
   
   
   
                                  എത്ര വലിയ സഹനത്തിലും ഒരു ശരീരവും ഒരു മനസ്സുമായി ജീവിക്കേണ്ടവരാണ്
  ദമ്പതികള്‍. സ്വാര്‍ത്ഥതാത്പര്യങ്ങളായിരിക്കും പലപ്പോഴും വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നത്. വിവാഹമോചനങ്ങള്‍ സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്നു. വിവാഹമോചനത്തിന്‍റെ ദുഷ്ഫലം ഏറ്റവും അനുഭവിക്കേ ണ്ടിവരുന്നത് കുട്ടികളാണ്. മാതാവില്‍നിന്നും പിതാവില്‍നിന്നും മക്കള്‍ക്ക് ലഭിക്കേണ്ട സംരക്ഷണവും സ്നേഹവും വിവാഹമോചനത്തിലൂടെ നഷ്ടമാകുന്നു. വിവാഹമോചനം അനുവദനീയമല്ലെന്ന് ഈശോ സംശയലേശമന്യേ പഠിപ്പിച്ചു. അവിടുന്ന് പറഞ്ഞു: "ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്താ. 19:6).
   

  ദാമ്പത്യവിശുദ്ധി

   

                                 വിശുദ്ധമായ ഒരു ജീവിതത്തിലേക്കാണ് വിവാഹത്തിലൂടെ ദമ്പതികള്‍ പ്രവേശിക്കുന്നത്. പരസ്പരമുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് അവരുടെ വിശുദ്ധിയിലേക്കുള്ള വഴി. ശരീരവും മനസ്സും ആത്മാവും അവര്‍ മുഴുവനായി പങ്കാളിക്ക് ദാനം ചെയ്യുന്നു. അതുകൊണ്ട് ദമ്പതികളുടെ ഈ ബന്ധത്തിലേക്ക് മൂന്നാമതൊരാളെ പ്രവേശിപ്പിക്കരുതെന്നാണ്. അന്യന്‍റെ ഭാര്യയെ മോഹിക്കരുത് എന്ന പ്രമാണം അര്‍ത്ഥമാക്കുന്നത്. ഇത് ദാമ്പത്യ വിശുദ്ധി കാത്തുപാലിക്കാനുള്ള കല്പനയാണ്. ജീവിതപങ്കാളിയെ പൂര്‍ണമായി സ്നേഹിക്കണമെന്നും ഈ കല്പന ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം ശരീരത്തെയെന്നപോലെ പങ്കാളിയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണ് സ്നേഹിക്കുന്നതെന്നും പൗലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു (എഫേ. 5:28-29).
   
                                   നല്ല കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്‍റെയും നട്ടെല്ല്. അതിനാല്‍ ക്രൈസ്തവദമ്പതികള്‍ വൈവാഹിക വിശുദ്ധിയില്‍ അടിയുറച്ച് ക്രിസ്തുഗാത്രമായ സഭയെ പടുത്തുയര്‍ത്താന്‍ ഇടയാകട്ടെ.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

             വിവാഹ ജീവിതത്തിന്‍റെ മഹനീയതയും പരിശുദ്ധിയും മനസ്സിലാക്കി പരസ്പരസ്നേഹത്തിലും ഐക്യത്തിലും ദൈവത്തോടു ചേര്‍ന്നു ജീവിക്കുവാന്‍ ദമ്പതിമാരെ അനുഗ്രഹിക്കണമേ.
   
   

  നമുക്കു പാടാം

   

  (കാക്കണമലിവൊടു..)
   
  ദൈവം മര്‍ത്യനെ സ്നേഹിച്ചു
  തന്നുടെ ദാനമവന്നേകി
  നിര്‍മ്മലസ്നേഹപ്പൂന്തോപ്പില്‍
  സ്ത്രീയും പുരുഷനും ഒന്നാകാന്‍
   
  പവിത്രമാമീ ബന്ധമതോ
  ദൈവത്താല്‍ സംയോജിതമാം
  വിശ്വസ്തതയതിന്നുടയാട
  അഭേദ്യമാം ഈ ബന്ധമതും
   
  ദേഹം, ദേഹി, മാനസവും
  പങ്കുവയ്ക്കും വേദിയതില്‍
  പുതുജീവന്‍ മുളപൊട്ടുകയായ്
  നവലോകത്തിന്‍ കാന്തിയുമായ്
   
   കുഞ്ഞോമനകള്‍ വളരുമ്പോള്‍
  സഭതന്‍ നട്ടെല്ലവരാകും
  ദൈവികപാതയില്‍ മുന്നേറാന്‍
  വരമിന്നേകുക ദൈവപിതാ.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (ഉല്‍പ. 2:22-24).

   

  വഴി കാട്ടാനൊരു തിരുവചനം

   

  "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും" (മത്താ. 5:8)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  കുടുംബബന്ധങ്ങള്‍ കെട്ടുറപ്പുള്ളതാകാന്‍ എന്തെല്ലാം ആവശ്യമാണെന്ന് ചര്‍ച്ചചെയ്യുക.
   
   

  എന്‍റെ തീരുമാനം

   

  കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുവേണ്ടി ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കും.