•          "അതിനാല്‍, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്‍റെ അവയങ്ങളാണ്." എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (എഫേ. 4:25). ദൈവം സത്യവാനാകയാല്‍ ദൈവമക്കളായ നമ്മളും സത്യത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (റോമ. 3:4). എപ്പോഴും സത്യസന്ധമായി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം എന്നാണ് കള്ളസാക്ഷ്യം പറയരുതെന്ന എട്ടാം പ്രമാണം നമ്മെ അനുസ്മരിപ്പിക്കുന്നത്.
   

  സത്യത്തിന്‍റെ പ്രസക്തി

   

                                                        ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കുവാന്‍ നമുക്കോരോ രുത്തര്‍ക്കും കടമയുണ്ട്. പരസ്പര വിശ്വാസമാണ് മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനം. "നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു" (മത്താ. 5:37). ഈ വിശ്വസ്തത ദൈവത്തോടും മനുഷ്യരോടും പുലര്‍ത്തേതുണ്ട്. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ ഉണ്ടായാല്‍ ജീവിതം എത്ര ദുഷ്കരമായിരിക്കും?
   
   
                                       സത്യസന്ധത പാലിക്കാനുള്ള ദൈവിക പ്രേരണയോടെയാണ് ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സത്യത്തിന്‍റെ പൂര്‍ണത ദൈവമാണ്. താന്‍ സത്യം തന്നെയാകുന്നുവെന്ന് ഈശോ പഠിപ്പിച്ചു (യോഹ.14:6). ഈശോയെ സ്വീകരിക്കുകയും ഈശോയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ സ്വജീവിതത്തില്‍ സത്യസന്ധത പ്രകടമാക്കാന്‍ ബാധ്യസ്ഥരാണ്.
   

  സത്യത്തിന് സാക്ഷ്യം വഹിക്കുക

   

                        താന്‍ ലോകത്തിലേക്ക് വന്നത് സത്യത്തിന് സാക്ഷ്യം വഹിക്കാനാണെന്ന് ഈശോ പീലാത്തോസിനോട് പറഞ്ഞു.  സത്യത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് ക്രൈസ്തവരായ നമ്മുടെ ദൗത്യം. സത്യത്തിന് വിരുദ്ധമായ പ്രസ്താവനകളെല്ലാം കള്ളമാണ്. മറ്റുള്ളവര്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്നതും കള്ളം പറയുക എന്നതിന് തുല്യമാണ്. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി മനഃപൂര്‍വം സ്വന്തം
  ബോധ്യത്തിനും അറിവിനും എതിരേ സംസാരിക്കുന്നതും തെറ്റാണ്. സാഹചര്യങ്ങള്‍ക്കും പറയുന്ന കാര്യത്തിന്‍റെ ഗൗരവത്തിനും അനുസരിച്ച് കള്ളം പറയുന്നതിലെ തിډയുടെ ഗൗരവം ഏറിയും കുറഞ്ഞുമിരിക്കും. എങ്കിലും എത്ര നിസ്സാര കാര്യമാണെങ്കില്‍പോലും കള്ളം പറയുന്നത് ഒഴിവാക്കേണ്ടതുണ്ട്. കള്ളം പറയുന്നതുവഴി വ്യക്തിയുടെ വിശ്വാസ്യതയ്ക്ക് സമൂഹത്തില്‍ കോട്ടംവരുകയും ചെയ്യുന്നു. സത്യത്തിന് വിരുദ്ധമായൊരു പ്രസ്താവന പരസ്യമായി ചെയ്യുമ്പോള്‍, പ്രത്യേകിച്ച് കോടതികളില്‍ നടത്തുമ്പോള്‍ അത് കള്ളസാക്ഷ്യമായി തീരുന്നു. ഇത് ഗൗരവമുള്ള തെറ്റാണ്.

  സത്യത്തിന് വിരുദ്ധമായ തിന്മകള്‍

   

  അപവാദം

   

               ഒരു വ്യക്തിയെക്കുറിച്ച് സത്യവിരുദ്ധമോ, രഹസ്യ സ്വഭാവമുള്ളതോആയ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതാണ് അപവാദം. വളരെ ലഘുവായി ചെയ്യുന്ന അപവാദപ്രചരണങ്ങള്‍ വലിയ നഷ്ടങ്ങള്‍ക്ക് ഇടവരുത്താറുണ്ട്. അപവാദം പറയുന്നവരും അത് കേട്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരും ഒരുപോലെ എട്ടാം പ്രമാണത്തിനെതിരായി തെറ്റ് ചെയ്യുന്നു.
   
   

  ഏഷണി

   

                          രണ്ടു പേര്‍ തമ്മില്‍ കലഹമോ ശത്രുതയോ ഉണ്ടാക്കുക എന്നതാണ് ഏഷണി പറയുന്നതിന്‍റെ ഉദ്ദേശ്യം. ഒരാള്‍ പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങള്‍ മറ്റൊരാളുടെ ചെവിയില്‍ എത്തിക്കുകയും അതുവഴി കലഹത്തിന് പ്രേരിപ്പിക്കുകയുമാണ് ഏഷണിക്കാരന്‍ ചെയ്യുന്നത്. ഏഷണി പറയുന്നതിലൂടെ സന്തോഷമനുഭവിക്കുന്നവരും സ്വന്തം കാര്യം നേടുന്നവരുമുണ്ട്, ഏഷണി ഗൗരവമുള്ള തിന്മയാണ്.
   
   

  നുണ

   

                            സ്വന്തം ബോധ്യത്തിനും അറിവിനും എതിരായി സംസാരിക്കുന്നതാണിത്. നമ്മുടെ വാക്കുകള്‍ സത്യമാണ് എന്ന ബോധ്യത്തോടെയാണ് മറ്റുള്ളവര്‍ കേള്‍ക്കുന്നത്. പറയുന്നത് നുണയാകുമ്പോള്‍ കേള്‍വിക്കാരന്‍ വഞ്ചിക്കപ്പെടുന്നു. സത്യം മറച്ചുവച്ച് സംസാരിക്കുമ്പോള്‍ കേള്‍വിക്കാരന്‍ ഇല്ലെന്നു പറയുന്നതും ഇല്ലാത്തവ ഉണ്ടെന്നതും എട്ടാം പ്രമാണത്തിന്‍റെ ലംഘനമാണ്.
   
   
   

  രഹസ്യം വെളിപ്പെടുത്തല്‍

   

  മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലാന്‍ ആര്‍ക്കും അവകാശമില്ല. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ മാനിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഒളിഞ്ഞു നോക്കുക, സംസാരം മറഞ്ഞു നിന്നു കേള്‍ക്കുക, മറ്റുള്ളവരുടെ കത്തുകള്‍ അവരുടെ അനുവാദം കൂടാതെ വായിക്കുക തുടങ്ങിയവയെല്ലാം തെറ്റാണ്. ഏതെങ്കിലും കാരണവശാല്‍ ആരെയെങ്കിലും സംബന്ധിക്കുന്ന രഹസ്യങ്ങള്‍ അറിയാനിടയായാല്‍ അവ രഹസ്യമായി സൂക്ഷിക്കാന്‍ കടമയുണ്ട്. രഹസ്യം വെളിപ്പെടുത്തിയാലുണ്ടാകാവു ന്നതിനേക്കാള്‍ വളരെ വലിയ തിന്‍മ സംഭവിക്കാന്‍ സാധ്യതയുള്ള അവസരങ്ങളില്‍ രഹസ്യം വെളിപ്പെടുത്താവുന്നതാണ്. എന്നാല്‍ വൈദികന്‍ കുമ്പസാര രഹസ്യം യാതൊരു കാരണവശാലും വെളിപ്പെടുത്താന്‍ പാടില്ല.
   

   

  സല്‍പേര് നശിപ്പിക്കല്‍

   

                  ഒരാളുടെ സല്‍പേര് നശിപ്പിക്കാന്‍ നടത്തുന്ന ബോധപൂര്‍വകമായ ശ്രമങ്ങള്‍ ഗൗരവമുള്ള തിന്‍മയാണ്. ഒരാള്‍ തെറ്റുകാരനാണെന്ന് വ്യാജമായി പറയുകയും അതിന് സാക്ഷ്യം നില്‍ക്കുകയുമാണ് സല്‍പേര് നശിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്.
   
   
   

  പരീക്ഷയിലെ കോപ്പിയടിക്കല്‍

   

                           സത്യസന്ധതയ്ക്ക് വിരുദ്ധമായ ഒരു തിന്മയാണ് കോപ്പിയടി. തനിക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്ന് അദ്ധ്യാപകനെ തെറ്റിദ്ധരിപ്പിക്കുകയും അര്‍ഹമല്ലാത്ത മാര്‍ക്ക് കരസ്ഥമാക്കുകയുമാണ് ഇവിടെ നടക്കുന്നത്. കോപ്പിയടിക്കുന്നതും അതിന് സഹായിക്കുന്നതും ഒരുപോലെ തിډയാണ്. സത്യസന്ധനായ ഒരു വിദ്യാര്‍ത്ഥി ഒരിക്കലും കോപ്പിയടിക്കില്ല.
   
   

  മുഖസ്തുതി പറയല്‍

   

                               ഒരുവന് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് പറയുന്നതും ഒരുവന്‍റെ തിന്മ നിറഞ്ഞ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ട് പറയുന്നതുമായ വാക്കുകളാണ് മുഖസ്തുതി. ഇതുവഴി അപരന്‍റെ തെറ്റിനെ തിരുത്താത്തതിനാലും തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാലും മുഖസ്തുതി പറയല്‍ തിന്മയായി തീരുന്നു.
   
                                കള്ളം പറയുന്നതിലെ ധാര്‍മിക പ്രശ്നം അവകാശ ലംഘനത്തിന്‍റേതാണ്. ശരിയായ അറിവ് ലഭിക്കാന്‍ മനുഷ്യന് അവകാശമുണ്ട്. സത്യം അറിയാനുള്ള ഈ അവകാശമാണ് കള്ളം പറയുമ്പോള്‍ ലംഘിക്കപ്പെടുന്നത്. കള്ളം പറയുമ്പോഴും പറയേണ്ട സത്യം പറയേണ്ട അവസരത്തില്‍ പറയാതിരിക്കുമ്പോഴും അവകാശലംഘനം നടക്കുന്നു. സത്യം അറിയാനുള്ള അവകാശം ലംഘിക്കപ്പെടുന്നിടത്ത് സാമൂഹ്യജീവിതം ദുഷ്കരമായി ത്തീരുന്നു. അതുകൊണ്ട് സന്തുഷ്ടമായ സമൂഹജീവിതത്തിനും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നതിനും സത്യസന്ധത പാലിക്കേണ്ടതുണ്ട്. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും സത്യസന്ധരായവരെ സമൂഹം ബഹുമാനിക്കുന്നു. ജീവിതകാലം മുഴുവനും സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരായി നമുക്ക് നിലകൊള്ളാം.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  സത്യം തന്നെയായ ഈശോയേ, ഞങ്ങളുടെ ജീവിതംകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
   
   

  നമുക്കു പാടാം

   

  (വഞ്ചിപ്പാട്ട്..)
   
  സത്യംതന്നെയായ യേശു
  തന്നരികെ വന്നുചേര്‍ന്ന
  ശിഷ്യരോടായോതിയല്ലോ
  തിരുമൊഴികള്‍.
  നിന്‍റെ വാക്ക് സത്യമായും
  അതെയെന്നോ അല്ലായെന്നോ,
  മാത്രമായി ഭവിക്കട്ടെ
  വ്യാജം വെടിയൂ.
  വിശ്വസിക്കാം പരസ്പരം
  സത്യം മാത്രം ചൊല്ലിയെന്നാല്‍
  അപവാദം, ഏഷണിയും
  കൈവെടിഞ്ഞീടാം.
   
  പൊങ്ങച്ചവും, മുഖസ്തുതി
  ദൈവമക്കള്‍ക്കനുയോജ്യ
  മല്ലയെന്നുറച്ചിടുക
  ശങ്ക കൂടാതെ.
  സത്യമേകും സ്വാതന്ത്ര്യത്തെ
  അനുഭവിച്ചാനന്ദിക്കാം
  ചരിച്ചിടാം നിത്യവും നാം
  യേശുനാഥനില്‍.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (യോഹ. 8:31-38).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "നിങ്ങള്‍ എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും, അപവാദവും ഉപേക്ഷിക്കുവിന്‍" (1 പത്രോ. 2:1)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  കള്ളം പറയുന്ന ശീലമുള്ള നിങ്ങളുടെ സുഹൃത്തിന് എങ്ങനെ ആ തെറ്റു മനസ്സിലാക്കിക്കൊടുക്കാമെന്ന് ചര്‍ച്ച ചെയ്യുക.

   

  എന്‍റെ തീരുമാനം

   

  എന്തു വിലകൊടുത്തും സത്യസന്ധതയെ ജീവിതമൂല്യമായി ഞാന്‍ കാത്തുസൂക്ഷിക്കും.