•                                  
                 ആദിമാതാപിതാക്കന്മാരുടെ മക്കളായിരുന്നു കായേനും ആബേലും. കായേന്‍ കൃഷിക്കാരനും ആബേല്‍ ആട്ടിടയനും ആയിരുന്നു. ഒരിക്കല്‍ ഇരുവരും ദൈവത്തിനു ബലിയര്‍പ്പിച്ചു. ഏറ്റവും നല്ല വസ്തുക്കള്‍ അര്‍പ്പിച്ച ആബേലിന്‍റെ ബലിയിലാണ് ദൈവം പ്രസാദിച്ചത്. ഇത് കായേന്‍റെ മനസ്സില്‍ അസൂയ ഉണര്‍ത്തി. അസൂയ മൂത്ത് സഹോദരനോടുള്ള വെറുപ്പായും വിദ്വേഷമായും മാറി.
   
                  "ഒരു ദിവസം കായേന്‍ തന്‍റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെ കൊന്നു. "കര്‍ത്താവ് കായേനോടു ചോദിച്ചു: നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍? എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍ നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ കൈയ്യില്‍ നിന്നു നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വായ്പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുമ്പോള്‍ മണ്ണ് നിനക്ക് ഫലം തരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും"(ഉല്‍പ. 4:8-12). ലോകത്തിലെ ആദ്യത്തെ കൊലപാതകത്തിന്‍റെ വിവരണമാണിത്. ദൈവം അതിന് നല്‍കുന്ന ശിക്ഷയും ഇവിടെയുണ്ട്.
   
                 മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നതാണ് മനുഷ്യജീവന്‍റെ മഹത്വത്തിന് നിദാനം. ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണ്. മനുഷ്യന്‍ ജീവന്‍റെ കാര്യസ്ഥന്‍ മാത്രമാണ്. അതിനാല്‍ ജീവന്‍ സംരക്ഷിക്കുക എന്നത് മനുഷ്യന്‍റെ പ്രധാനപ്പെട്ട കടമയാണ് ദൈവപ്രമാണങ്ങളില്‍ അഞ്ചാമത്തേത് 'കൊല്ലരുത്' എന്നാണ്. ആരുടെയും ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അധികാരമില്ല എന്ന് പ്രമാണം നമ്മെ പഠിപ്പിക്കുന്നു.
   

  അഞ്ചാം പ്രമാണം പുതിയ നിയമത്തില്‍

   

                       'കൊല്ലരുത്' എന്ന ദൈവകല്പനയെക്കുറിച്ച് മലയിലെ പ്രസംഗത്തില്‍ ഈശോ വിശദീകരിക്കുന്നുണ്ട് "കൊല്ലരുത്, കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ "ഭോഷാ" എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും (മത്താ 5:21-22).
   
                         കൊല്ലുക മാത്രമല്ല , സഹോദരനോടു കോപിക്കുന്നതും അപമര്യാദയായി പെരുമാറുന്നതും ഈ പ്രമാണത്തിന്‍റെ ലംഘനമാണെന്ന് ഈശോ പഠിപ്പിച്ചു. മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിക്കാനുള്ള ചിന്തയും, ആഗ്രഹം പോലും പാപമാണ്. അത്തരത്തിലുള്ള ഏതു ചെറിയ പ്രവൃത്തിയുമാകട്ടെ അഞ്ചാം പ്രമാണത്തിനു വിരുദ്ധവുമാണ്. ജീവനെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ആഹ്വാനം കൂടിയാണ് ഈശോ നല്‍കുന്നത്.
   
                             ജീവന്‍ നല്‍കുന്നതു ദൈവമാണ്. ദൈവം നല്‍കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജീവനെ നിലനിര്‍ത്താനും വളര്‍ത്താനും നമുക്കു കടമയുണ്ട്. ജീവന് അപകടം വരുത്തുന്ന നിരവധി സംഗതികള്‍ ലോകത്തിലുണ്ട്. അവയെ തിരിച്ചറിഞ്ഞ്  ഒഴിവാക്കാനും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും അഞ്ചാം പ്രമാണം ആവശ്യപ്പെടുന്നു.
   
                         രണ്ടുവിധത്തിലാണ് ജീവന് എതിരെയുള്ള ഭീഷണികള്‍ നിലനില്ക്കുന്നത്: ഒന്ന് സ്വന്തം ജീവന് അപകടം വരുത്തുന്നത്. രണ്ട്, മറ്റുള്ളവരുടെ ജീവന് നാശം വരുത്തുന്നത് . ഇവ രണ്ടും അഞ്ചാം പ്രമാണത്തിനെതിരായ ഗൗരവമായ തിന്മകളാണ്.
   

  മനുഷ്യജീവനെതിരായുള്ള തിന്മകള്‍

   

  കൊലപാതകം

   

                വിദ്വേഷത്തോടെയോ ദുരുദ്ദേശ്യത്തോടെയോ ബോധപൂര്‍വം നടത്തുന്ന മനുഷ്യവധമാണ് കൊലപാതകം. മറ്റൊരാളുടെ ജീവനെ നശിപ്പിക്കുന്ന ക്രൂരകൃത്യമാണിത്. ജീവന്‍റെ അധികാരിയും ദാതാവുമായ ദൈവത്തിന്‍റെ അധികാരത്തെ നിഷേധിക്കലാണ് കൊലപാതകം.
   
   

  ആത്മഹത്യ

   

                      സ്വന്തം ജീവനെ ബോധപൂര്‍വം നശിപ്പിക്കുന്നതാണ് ആത്മഹത്യ. ഇതിലൂടെ ജീവന്‍റെ മേല്‍ ദൈവത്തിനുള്ള പരമാധികാരം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജീവന്‍റെ പരിപോഷണത്തിനേ മനുഷ്യന് അവകാശമുള്ളൂ. അതു നശിപ്പിക്കാന്‍ അനുവാദമില്ല.
   
   

  ദയാവധം

   

                      ലക്ഷ്യങ്ങളും മാര്‍ഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണ് പ്രത്യക്ഷമായ ദയാവധം (രരര 2277). കാരുണ്യവധം എന്നും ഇതറിയപ്പെടുന്നു. നിയമം അനുവദിച്ചാലും ഇല്ലെങ്കിലും ദയാവധം ക്രൂരമായ കൊലപാതകത്തിനു തുല്യമാണ്. അഞ്ചാം പ്രമാണത്തിന് എതിരുമാണ്.
   
   

  ഭ്രൂണഹത്യ

   

                             ഗര്‍ഭത്തില്‍ വളരുന്ന ശിശുവിനെ അഥവാ ഭ്രൂണത്തെ കൊല്ലുന്ന പ്രവൃത്തിയാണ് ഭ്രൂണഹത്യ. മനുഷ്യജീവന് എതിരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും നീചവും മനുഷ്യത്വരഹിതവുമാണ് ഇത്. അമ്മയുടെ ഉദരത്തില്‍ മനുഷ്യന്‍ രൂപം കൊള്ളുന്നത് ദൈവത്തിന്‍റെ കരവേലയാല്‍ ആണ് (സങ്കീ 139:13). അതിനാല്‍ ഉദരത്തില്‍ ഉള്ള ശിശുവിനെ നശിപ്പിക്കുന്നത് കൊലപാതകവും ജീവദാതാവായ ദൈവത്തോടുള്ള വെല്ലുവിളിയുമാണ്.
   
   

  ഭീകരപ്രവര്‍ത്തനങ്ങള്‍

   

                     ചില സമൂഹങ്ങളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഫലമായി മനുഷ്യജീവന്‍ നശിപ്പിക്കപ്പെടാറുണ്ട്. പ്രത്യേക വിശ്വാസങ്ങളുടെയോ തത്വങ്ങളുടെയോ പേരില്‍ നടത്തപ്പെടുന്ന ഇത്തരം അക്രമ പ്രവൃത്തികളിലൂടെ ജീവനാശം വരുത്തുന്നത് അഞ്ചാം പ്രമാണത്തിന്‍റെ ലംഘനമാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ അത്   ഇല്ലാതാക്കുന്നു. ഏതുവിധത്തിലുള്ള അക്രമങ്ങളും ഒഴിവാക്കപ്പെടേണ്ട തിന്മ തന്നെയാണ്.
   

   

  ലഹരിവസ്തുക്കളുടെ ഉപയോഗം

   

                                    മദ്യം, മയക്കുമരുന്ന്, പാന്‍പരാഗ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം ജീവന് ഭീഷണിയാണ്. ഇവ ജീവനെ പരോക്ഷമായും അല്പാല്പമായും നശിപ്പിക്കുന്നു. ലഹരിവസ്തുക്ക ളോടുള്ള ആസക്തി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുവഴി ജീവന്‍റെ പരിപോഷണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഒരര്‍ത്ഥത്തില്‍ സാവധാനമുള്ള ആത്മഹത്യയ്ക്കു തുല്യമാണ് ലഹരി വസ്തുക്കളുടെ ഉപയോഗം.
   

  ജീവന്‍റെ സംരക്ഷണം

   

                     മനുഷ്യജീവനെ നശിപ്പിക്കരുത് എന്നു മാത്രമല്ല, അഞ്ചാം പ്രമാണത്തിന്‍റെ ലക്ഷ്യം. എല്ലാ വിധത്തിലും ജീവനെ സംരക്ഷിക്കണമെന്നും ഈ പ്രമാണം ആവശ്യപ്പെടുന്നു. സ്വജീവസംരക്ഷ ണപരമായ ചില കടമകളും ഈ പ്രമാണം മുന്നോട്ടു വയ്ക്കുന്നുണ്ട്.
   

  ആരോഗ്യ സംരക്ഷണം

   

                           ആത്മാവും ശരീരവും ഉള്ളവനാണ് മനുഷ്യന്‍. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യസംരക്ഷണം മനുഷ്യന്‍റെ കടമയാണ്. ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ വൈദ്യസഹായം, അനുയോജ്യമായ ആഹാരം, ശുചിത്വമുള്ള അന്തരീക്ഷം എന്നിവ എല്ലാവര്‍ക്കും ലഭ്യമാകണം. തന്‍റെ തന്നെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുവാന്‍ മനുഷ്യനു കടമയുണ്ട്. ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതില്‍ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും തെറ്റാണ്.
   
   

  സമാധാനസംരക്ഷണം

   

                   യുദ്ധങ്ങളും കലാപങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ സമാധാനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ജീവനെ ആദരിക്കുന്നതിന്‍റെ ഭാഗമാണ്. സമാധാനപൂര്‍ണമായി ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും കടമയുണ്ട്.

   

  പ്രകൃതി സംരക്ഷണം

   

                  മനുഷ്യന് അവന്‍ ജീവിക്കുന്ന പരിസ്ഥിതിയോട് പ്രത്യേക ഉത്തരവാദിത്വമുണ്ട്.  ദൈവം പ്രകൃതിയെ നല്കിയിരിക്കുന്നത് വരും തലമുറകള്‍ക്കു വേണ്ടിക്കൂടിയാണ്. പ്രകൃതിയുടെ നിലനില്പ് ഉറപ്പു വരുത്തിയാലേ വരും കാലങ്ങളില്‍ ഇവിടെ ജീവന് വളരാന്‍ കഴിയൂ. അതിനാല്‍ പ്രകൃതിയെ ശരിയായി ഉപയോഗിക്കാനും സംരക്ഷിക്കാനും നമുക്കു കടമയുണ്ട്. പരിസ്ഥിതി മലിനീകരണവും പ്രകൃതിയെ ചൂഷണം ചെയ്യലും ജീവനെതിരെയുള്ള തിന്മകളാണ്.
   
   
                       'കൊല്ലരുത്' എന്ന ദൈവപ്രമാണം ജീവന് ദോഷമായി ഒന്നും ചെയ്യരുതെന്നു മാത്രമല്ല ജീവനെ സംരക്ഷിക്കാനും, വളര്‍ത്താനുമുള്ള വലിയ ഉത്തരവാദിത്വം കൂടി ഉണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്ന സത്യം തിരിച്ചറിയാനും ആ ജീവന്‍റെ പരിപോഷകരായി മാറാനുമുള്ള കടമ ക്രൈസ്തവരായ നമുക്കുണ്ട്. ജീവന്‍ പരിപാലിക്കുന്നതില്‍ നമുക്ക് ജാഗ്രത പുലര്‍ത്താം. അതുവഴി നിത്യജീവന്‍ സ്വന്തമാക്കാം
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

       ജീവദാതാവായ ദൈവമേ, ജീവനെന്ന അമൂല്യദാനത്തിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. ആ ദാനത്തെ ആദരിക്കാനും സംരക്ഷിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
   
   

  നമുക്കു പാടാം

   

  (അമ്മേ അമ്മേ..)
  ദൈവം നല്‍കീടുന്ന ജീവനെന്നദാനം
  നന്ദിയോടെ ഏറ്റുവാങ്ങാം, ആദരിച്ചിടാം.
  ദൈവസൃഷ്ടിയാകും നമുക്കേറ്റുപാടാം
  ജീവപരിരക്ഷ നല്‍കും ദൈവത്തെ വാഴ്ത്താം.
   
   
   
  സൃഷ്ടിയാകും മര്‍ത്യന്‍ ജീവന്നുടമയല്ല
  കാര്യസ്ഥത മാത്രമങ്ങു നല്‍കിയവനായ്.
  യുദ്ധഭീതി നീക്കി ശാന്തിദൂതരാകാം
  പരിസ്ഥിതി സംരക്ഷണ വക്താവായ് മാറാം.
   
   
  ജീവഹത്യയാകും പ്രവൃത്തികളേവം
  നീക്കി നിത്യജീവന്‍ എന്നും കൈവരിച്ചിടാന്‍,
  കൊല്ലരുതെന്നുള്ള കല്പനയതേകി
  ജീവനേകും ദൈവം സ്നേഹാല്‍ മര്‍ത്യമക്കള്‍ക്കായ്.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (ഉല്‍പ. 4:1-12).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു (ഉല്‍പ. 1:27)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  ഒരു രോഗിയെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുക.
   
   

  എന്‍റെ തീരുമാനം

   

  ഞാന്‍ ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കുകയില്ല