•    ഒരു സാബത്തു ദിവസം ഈശോ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഇതുകണ്ട് ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ് (ലൂക്കാ 6:1-5).കര്‍ത്താവിന്‍റെ ദിവസമായ സാബത്തിന്‍റെ പ്രാധാന്യവും അതിന്‍റെ ആചരണത്തില്‍ ഉണ്ടായിരിക്കേണ്ട മനോഭാവവും ഈശോ ഇവിടെ വ്യക്തമാക്കുന്നു.
   

  സാബത്ത് പഴയനിയമത്തില്‍

   

                    സീനായ് മലയില്‍ വച്ച് ദൈവം മോശയ്ക്ക് നല്‍കിയ കല്‍പനകളില്‍ മൂന്നാമത്തേത് സാബത്തിനെ സംബന്ധിച്ചുള്ളതാണ്. "സാബത്തുവിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക, എന്നാല്‍ ഏഴാംദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന് നിങ്ങളാരും യാതൊരു ജോലിയും ചെയ്യരുത്"പുറ. 20:8-10).
   
  ആഴ്ചയിലെ അവസാനദിവസമാണ് പഴയനിയമജനത സാബത്തായി ആചരിച്ചിരുന്നത്. ആറുദിവസംകൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി ഏഴാം ദിവസം ദൈവം വിശ്രമിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് അവര്‍ സാബത്ത് ആചരിച്ചിരുന്നത്. "സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്‍റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി"(ഉല്‍പത്തി. 2:3). എല്ലാത്തരം  ജോലികളില്‍ നിന്നും അകന്നുനില്‍ക്കുക എന്ന ഒരര്‍ത്ഥമാണ് പഴയനിയമജനത സാബത്തിന് നല്‍കിയിരുന്നത്. വിശ്രമിക്കുക, വിരാമമിടുക എന്നിങ്ങനെ അര്‍ത്ഥം വരുന്ന സാബാത്ത്  എന്ന ഹീബ്രുമൂലത്തില്‍ നിന്നാണ് സാബത്ത്എന്ന പദമുണ്ടായത്.
   
                       വിശ്രമത്തിന്‍റെയും ആരാധനയുടെയും ദിനമായ സാബത്തില്‍ മനുഷ്യനോ, മൃഗങ്ങളോ യാതൊരുവിധ വേലകളും ചെയ്യാന്‍ ഇസ്രായേല്‍ജനത അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ അവര്‍ സാബത്ത് ആചരിച്ചു. കാലക്രമേണ സാബത്തില്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നിയമമാക്കി. കര്‍ശനമായ നിയമങ്ങള്‍ സാബത്താചരണത്തെ ദുഷ്കരമാക്കിത്തീര്‍ത്തു.
   

  ഈശോയും സാബത്തും

   

                           ഒരിക്കല്‍ ഈശോ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഈശോയില്‍ കുറ്റമാരോപിക്കാന്‍  വേണ്ടി  ചിലര്‍ അവിടുത്തോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ? അതിന് ഈശോ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: "സാബത്തില്‍ നന്മ ചെയ്യുക അനുവദനീയമാണ്" (മത്താ. 12:12). അവരുടെ മുമ്പില്‍ വച്ച് ഈശോ കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുകയും ചെയ്തുമനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണെന്ന് അവിടുന്ന് പഠിപ്പിച്ചു. സാബത്തിന്‍റെയും കര്‍ത്താവായ ദൈവത്തെ ആരാധിക്കാന്‍ ഈശോ ഉദ്ബോധിപ്പിച്ചു.
   
                              സാബത്തു ദിനം പരിശുദ്ധമായി ആചരിക്കാന്‍ ഈശോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ യഹൂദന്മാരുടെ സാബത്താചരണത്തിലെ അപാകതകള്‍ അവിടുന്ന് ഒഴിവാക്കി. സാബത്തില്‍ രോഗശാന്തി നല്‍കിക്കൊണ്ട് നന്മ ചെയ്യുന്നത് സാബത്തിനു ചേര്‍ന്നതാണെന്ന് അവിടുന്നു തെളിയിച്ചു. അങ്ങനെ സാബത്തിനെക്കുറിച്ചുള്ള തെറ്റായ മനോഭാവത്തെ ഈശോ തിരുത്തി.
   

  ഞായറാഴ്ച : കര്‍ത്താവിന്‍റെ ദിനം

   

                         ക്രൈസ്തവരുടെ സാബത്തു ദിനം ഞായറാഴ്ചയാണ്. അത് കര്‍ത്താവിന്‍റെ ദിനമാണ്. ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനമായി ആചരിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടത് രക്ഷാകര ചരിത്രത്തിലെ നിര്‍ണായക സംഭവമായ ഈശോയുടെ ഉത്ഥാനം നടന്നത് ഒരു ഞായറാഴ്ചയായിരുന്നു എന്നതാണ്. (മര്‍ക്കോ. 16:12, മത്താ.28:1, ലൂക്കാ 24:1, യോഹ.20). പാപത്തിന്‍റെയും മരണത്തിന്‍റെയുംമേല്‍ വിജയംവരിച്ചുകൊണ്ട് ഈശോ ഉയിര്‍ത്തെഴുന്നേറ്റത് ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ച ആയതിനാല്‍ അത് ക്രിസ്ത്യാനികള്‍ക്ക് പുണ്യദിനമായി മാറി. ഉത്ഥാനശേഷം ഈശോ ശിഷ്യന്മാര്‍ക്കും മറ്റുപലര്‍ക്കും പലതവണ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രത്യക്ഷപ്പെടലുകളില്‍ പ്രധാനപ്പെട്ടവയെല്ലാം നടന്നത് ഞായറാഴ്ചകളിലായിരുന്നു (മത്താ. 28, ലൂക്കാ. 24, യോഹ.20). ഉയിര്‍പ്പിനുശേഷം അമ്പതുദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ചയാണ് ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നത് സഭ സ്ഥാപിതമായതും പന്തക്കുസ്താ ദിനത്തിലാണല്ലോ.
   
  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് എഴുതിയ 'കര്‍ത്താവിന്‍റെ ദിനം' എന്ന അപ്പസ്തോലിക ലേഖനത്തില്‍ ക്രിസ്തുരഹസ്യത്തിന്‍റെ കേന്ദ്രമായ ഉത്ഥാനവുമായി ഞായറാഴ്ചയ്ക്കുള്ള ബന്ധം വിവരിക്കുന്നു. ആഴ്ചതോറുമുള്ള ഈസ്റ്റര്‍ദിനമെന്നാണ് മാര്‍പാപ്പ ഞായറാഴ്ചയെ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുവാനുള്ള വരം ലഭിച്ചവര്‍ക്ക് ഞായറാഴ്ചയുടെ പ്രാധാന്യം മറക്കാനാവില്ലെന്ന് പരിശുദ്ധ പിതാവ് പറയുന്നു. അതിനാല്‍ വിശ്രമത്തിനായി മാത്രം മാറ്റിവയ്ക്കേണ്ട ദിനമല്ല ഞായര്‍, മറിച്ച് ഈശോയുടെ ഉത്ഥാനത്തെപ്പറ്റി ധ്യാനിക്കാനും ഉത്ഥാനമഹത്വത്തില്‍ പങ്കാളികളാകാനും നമുക്ക് ലഭിക്കുന്ന ഒരവസരമാണത്.
   
                                            ഞായറാഴ്ച സഭയുടെ ദിനമാണ്. വിശ്വാസം പ്രഘോഷിക്കാനും ആഘോഷിക്കാനുമായി നീക്കിവച്ചിരിക്കുന്ന ദിനമാണത്. അന്നത്തെ കുര്‍ബാനയര്‍പ്പണത്തിന് മറ്റു ദിവസങ്ങളിലേതിനെക്കാള്‍ സവിശേഷതയുണ്ട്. അന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സഭാംഗങ്ങള്‍ക്ക് കടമയുണ്ട്. ദിവസങ്ങളുടെ ദിവസമെന്നും ഞായറാഴ്ചയെ സഭ വിശേഷിപ്പിക്കുന്നുണ്ട്. ഒരു കല്പന എന്ന നിലയില്‍ മാത്രം ഞായറാഴ്ച ആചരണത്തെ കണക്കാക്കാതെ, ക്രൈസ്തവ ജീവിതത്തിന്‍റെ ഒരു ആവശ്യമായി ഇതിനെ കരുതുവാന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന ദൈവപ്രമാണം ദൈവത്തോടും സഭയോടുമൊത്ത് വളരുവാന്‍ നമ്മെ സഹായിക്കുന്നു.
   

  പുതിയനിയമ ജനതയായ നാം കര്‍ത്താവിന്‍റെ ദിനമായ ഞായറാഴ്ച ആചരിക്കേണ്ട ത് പ്രധാനമായും മൂന്നുവിധത്തിലാണ്.

   

   

  1. ആരാധനാദിനം

   

                           ക്രിസ്ത്യാനിയുടെ വിശ്വാസ ജീവിതത്തെ രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഞായറാഴ്ച ആചരണം. അത് ദൈവാരാധനയ്ക്കുള്ള ദിവസമാണ്. ദൈവത്തിന് ആരാധനാസ്തുതികള്‍ അര്‍പ്പിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ പ്രധാനലക്ഷ്യം. സമൂഹം ഒന്നു ചേര്‍ന്നു നടത്തുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ വിശുദ്ധ കുര്‍ബാനയര്‍പ്പണമാണ് ഈ ദിനാചരണത്തിന്‍റെ കേന്ദ്രം. വിശ്വാസജീവിതത്തിനുള്ള ശക്തി ലഭിക്കുന്നതും സമര്‍പ്പണം നവീകരിക്കപ്പെടുന്നതും കുര്‍ബാനയിലൂടെയാണ്. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടിയാവണം ബലിയര്‍പ്പണത്തില്‍ നാം പങ്കുകൊള്ളേണ്ടത്. ഞായറാഴ്ചകളിലും മറ്റു കടപ്പെട്ട ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് കടമയുണ്ടെന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസ പരിശീലനത്തിനുള്ള പ്രത്യേകദിവസം കൂടിയാണ് ഞായറാഴ്ച.
   

  2. വിശ്രമദിനം

   

                  പ്രവര്‍ത്തനനിരതനായ മനുഷ്യന് വിശ്രമം ആവശ്യവും അവകാശവുമാണ്. അറ്റു ദിവസങ്ങളില്‍ ചെയ്യുന്ന കഠിനജോലികളില്‍ നിന്ന് ഞായറാഴ്ചകളില്‍ വിട്ടുനില്‍ക്കണം. കുടുംബ സാമൂഹ്യബന്ധങ്ങള്‍ പരിപോഷിപ്പിക്കാനും ഇത് സഹായിക്കും. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതിന് സമയം കണ്ടെത്തുക, ദിവസം മുഴുവന്‍ ആരാധനാ ചൈതന്യത്തില്‍ വ്യാപരിക്കുക എന്നിവയാണ് ഞായറാഴ്ചയാചരണത്തില്‍ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം. അതു കാത്തുസൂക്ഷിക്കാന്‍ തക്കവിധം കഠിനാധ്വാനം ഒഴിവാക്കണം. കര്‍ത്താവിന്‍റെ ദിവസം ആചരിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുന്ന കാര്യങ്ങള്‍ അത്യാവശ്യമില്ലാതെ ഒരു ക്രൈസ്തവനും ആവശ്യപ്പെടരുതെന്നും സഭ പഠിപ്പിക്കുന്നു (രരര2195).
   
   

  3. കാരുണ്യദിനം

   

                                    ഞായറാഴ്ച ഒരു കാരുണ്യദിനവും കൂടിയാണെന്ന വസ്തുത ഞായ റാഴ്ചയാചരണത്തിന്‍റെ സാമൂഹ്യതലത്തെ വെളിപ്പെടുത്തുന്നു. വേദനിക്കുന്നവരോട് ഈശോ കാണിച്ച കാരുണ്യം പ്രദര്‍ശിപ്പിക്കുവാനുള്ള  പ്രത്യേക അവസരമാണ് ഞായറാഴ്ച. അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സഭ എന്നും താത്പര്യം കാണിച്ചിട്ടുണ്ട്. ആദിമസഭയുടെ കാലംമുതല്‍ ഇതു നമുക്കു കാണാന്‍ കഴിയും. പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക്  എഴുതുന്നത് ഇപ്രകാരമാണ്: "നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം" (1കോറി.16:2). ഞായറാഴ്ചകളില്‍ കുറച്ചു സമയമെങ്കിലും നാം കാരുണ്യ പ്രവൃത്തികള്‍ക്കായി നീക്കിവയ്ക്കേണ്ടതാണ്. നമ്മുടെ കഴിവിനൊത്തു കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കുകയും വേണം. അങ്ങനെ ഞായറാഴ്ചയെ പരസ്പര ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാക്കി മാറ്റാന്‍ നമുക്ക് കഴിയും
   

  കടപ്പെട്ട ദിവസങ്ങള്‍

   

                                 കര്‍ത്താവിന്‍റെ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചയ്ക്കു പുറമേ, മറ്റു ചില കടപ്പെട്ട ദിവസങ്ങള്‍ കൂടി സഭ നിര്‍ദ്ദേശിക്കുന്നുണ്ട്. സീറോമലബാര്‍ സഭയിലെ കടപ്പെട്ട ദിവസങ്ങള്‍ താഴെപ്പറയുന്നവയാണ്.
   
  1. നമ്മുടെ കര്‍ത്താവിന്‍റെ പിറവിത്തിരുനാള്‍ - ക്രിസ്തുമസ്സ് - ഡിസംബര്‍ 25
  2. വിശുദ്ധ തോമാശ്ലീഹായുടെ മരണത്തിരുനാള്‍ - ദുക്റാന- ജൂലൈ 3
  3. പരിശുദ്ധ കന്യകമാതാവിന്‍റെ സ്വര്‍ഗാരോപണത്തിരുനാള്‍ - ആഗസറ്റ് 15
  4. നമ്മുടെ കര്‍ത്താവിന്‍റെ മാമ്മോദീസ- ദനഹാത്തിരുനാള്‍ - ജനുവരി 6
  5. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ - ജൂണ്‍ 29
  6. നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണം - ഉയിര്‍പ്പ് ആറാം ഞായര്‍
    കഴിഞ്ഞുവരുന്ന വ്യാഴാഴ്ച.
   
   
                                    മേല്‍പറഞ്ഞ ദിനങ്ങളില്‍ അവസാനത്തെ മൂന്ന് ദിനങ്ങളെക്കുറിച്ച് സഭ പ്രത്യേകമായ ഒരു നിര്‍ദേശം നല്‍കുന്നുണ്ട് ഈ ദിവസങ്ങള്‍ ഒഴിവുദിവസമല്ലാത്ത സ്ഥലങ്ങളിലും സാധിക്കുന്നവരെല്ലാം വിശുദ്ധ കുര്‍ബാനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും സംബന്ധിക്കണം എന്നതാണ് ഈ നിര്‍ദ്ദേശം.
   
                                  ഈ ദിവസങ്ങളില്‍ ഞായറാഴ്ചകളിലേതുപോലെ ദിവ്യബലിയില്‍ സംബന്ധിച്ചും സത്ക്കര്‍മ്മങ്ങള്‍ ചെയ്തും ദൈവത്തെ മഹത്വപ്പെടുത്താന്‍ നമുക്ക് കടമയുണ്ട്. കര്‍ത്താവിന്‍റെ ദിനത്തില്‍ ആഹ്ലാദത്തോടു കൂടി ആരാധനയില്‍ പങ്കുചേരാന്‍ നാം ശ്രദ്ധിക്ക ണം. അപ്പോഴാണ് മൂന്നാമത്തെ ദൈവകല്പന പൂര്‍ണമായി പാലിക്കുവാന്‍ നമുക്ക് കഴിയുന്നത്.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  ഉത്ഥിതനായ ഈശോയേ, അങ്ങയുടെ ഉത്ഥാനത്തെപ്പറ്റി ധ്യാനിക്കുവാനും, ഉത്ഥാനമഹത്വത്തില്‍ പങ്കാളികളാകുവാനും തക്കവിധത്തില്‍ ഞായറാഴ്ച 
  ആചരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

   

  നമുക്കു പാടാം

   

  (അഖിലാണ്ഡ മണ്ഡല..)
   
  കര്‍ത്താവിന്‍ ദിനമെന്നും സംപൂജ്യമായി
  ആചരിച്ചിടാന്‍ അരുളുന്നു ദൈവം.
  പാപവും രോഗവും മൃത്യുവും നീക്കും
  ഉത്ഥിതനേശുവിന്‍ നാമത്തെ വാഴ്ത്താം.
   
  ആരാധനാസ്തുതിസ്തോത്രങ്ങളാലെ
  ശക്തനാം ദൈവത്തിന്‍ നാമത്തെ വാഴ്ത്താം.
  ദൈവികശാന്തിയാല്‍ സ്വസ്ഥരായ്ത്തീരാന്‍
  വിശ്രമം സ്വഛമനുഭവിച്ചീടാം.
   
  വേദനിച്ചീടുന്ന മര്‍ത്യനു സ്നേഹ
  സേവനമേകാന്‍ തന്നൊരു സുദിനം
  ആടീടാം, പാടീടാം, ആഘോഷിച്ചീടാം
  കര്‍ത്താവിന്‍ ദിനമത് സാമോദമായി.
   
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (ലൂക്കാ 6:6-11).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം"
                                   (സങ്കീ. 118:24)

   

  നമുക്കു പ്രവര്‍ത്തിക്കാം

   

       ഞായറാഴ്ച ദിവസം നമുക്കു ചെയ്യാവുന്ന കാരുണ്യപ്രവൃത്തികളുടെ ഒരു പട്ടിക തയ്യാറാക്കുക.
   
   

  എന്‍റെ തീരുമാനം

   

       എല്ലാ ഞായറാഴ്ചകളിലും ഞാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും ഈശോയെ സ്വീകരിക്കുകയും ചെയ്യും.