•              ഈശോയില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ തക്കം നോക്കിയിരുന്നവരാണ് ഫരിസേയരും നിയമജ്ഞരും. ഒരിക്കല്‍ ഈശോയുടെ ശിഷ്യന്മാര്‍ ഭക്ഷണം കഴിക്കു ന്നതിനുമുമ്പ് കൈ കഴുകിയില്ല എന്ന പരാതിയുമായി അവര്‍ അവിടുത്തെ പക്കലെത്തി. ശിഷ്യന്മാര്‍ പാരമ്പര്യം ലംഘിക്കുന്നു എന്നവര്‍ കുറ്റപ്പെടുത്തി. ഈശോ അതിനു മറുപടിയായി പറഞ്ഞത് ഇപ്രകാരമാണ്. പിതാവിനെയും, മാതാവിനെയും ബഹുമാനിക്ക ണമെന്ന് ദൈവം കല്പിച്ചിരിക്കുന്നു. എന്നാല്‍ വഴിപാട് നല്‍കിയിട്ട് അവരോടുള്ള കടമ കഴിഞ്ഞു എന്നു നിങ്ങള്‍ പറയുന്നത് എന്തിനാണ്? പാരമ്പര്യത്തിന്‍റെ പേരില്‍ ദൈവകല്പനയെ ലംഘിക്കുന്നതിനെ തിരുത്തണമെന്ന് ഈശോ ആവശ്യപ്പെട്ടു (മര്‍ക്കോ. 7:1-13).
   

  നാലാംപ്രമാണം പഴയനിയമത്തില്‍

   

                              മോശവഴി ദൈവം നല്‍കിയ പ്രമാണങ്ങളില്‍ നാലാമത്തേത് ഇപ്രകാരമാണ് "നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ. 20:12). പഴയനിയമത്തിലെ പ്രഭാഷകന്‍ എന്ന പുസ്തകത്തില്‍ ഈ പ്രമാണത്തിന്‍റെ വിശദീകരണം കാണാം. "മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. അവിടുന്ന് പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും. കര്‍ത്താവി
  നെ അനുസരിക്കുന്നവന്‍ തന്‍റെ അമ്മയെ സന്തോഷിപ്പിക്കുന്നു" (പ്രഭാ.3:2-6).
   
      മാതാപിതാക്കളെ ബഹുമാനിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പഴയനിയമത്തില്‍ പലയിടത്തും വിവരിക്കുന്നുണ്ട്. അതുപോലെ തന്നെ, ഈ പ്രമാണം ലംഘിച്ചാല്‍ സംഭവിക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉണ്ട്.(സുഭാ. 30:17). "ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്‍റെ ശാപമേല്‍ക്കും" പിതാവിനെ പരിത്യജിക്കുന്നത്.(പ്രഭാ. 3:16). അതേസമയം ഈ പ്രമാണം ശരിയായി പാലിക്കുന്നവന് ദീര്‍ഘായുസ്സ് ലഭിക്കുമെന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുമുണ്ട് (നിയമാ. 5:16).
   

  നാലാം പ്രമാണം പുതിയനിയമത്തില്‍

   

                                   സമൂഹത്തിന്‍റെ അടിസ്ഥാനഘടകം കുടുംബമാണ്. നല്ല കുടുംബങ്ങള്‍ നല്ല സമൂഹത്തെയും നല്ല ലോകത്തെയും സൃഷ്ടിക്കുന്നു. മാതാപിതാക്കളും മക്കളും സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന കുടുംബങ്ങളാണ് ഉത്തമ കുടുംബങ്ങള്‍. നാലാംപ്രമാണത്തിന്‍റെ അനുസരണം നല്ല കുടുംബങ്ങളെ സൃഷ്ടിക്കും. അതിനു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും മാതൃകകളും പുതിയ നിയമത്തില്‍ കാണാം
   
                                     ഈശോ പിറന്നത് ഒരു കുടുംബത്തിലെ അംഗമായിട്ടാണ്. മറിയത്തിനും യൗസേപ്പിനും വിധേയനായി നസ്രത്തില്‍ അവിടുന്ന് ജീവിച്ചു (ലൂക്കാ 2:51). ദൈവപുത്രനായ ഈശോ മാതാപിതാക്കള്‍ക്കു വിധേയപ്പെട്ട് ജീവിച്ചതിലൂടെ നമുക്കൊരു മാതൃക നല്‍കി. സ്വര്‍ഗസ്ഥനായ പിതാവിന്‍റെ പ്രതിനിധികളാണ് മാതാപിതാക്കള്‍. അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താല്‍ ദൈവത്തെത്തന്നെയാണ് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. ഒരു ക്രൈസ്തവ കുടുംബം എപ്ര കാരമായിരിക്കണമെന്ന് നസ്രത്തിലെ തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നു. അവിടെ മക്കള്‍ക്ക് മാതാപിതാക്കളോടും മാതാപിതാക്കള്‍ക്കു മക്കളോടും കടമകളുണ്ട്. അവയെക്കുറിച്ച് പുതിയനിയമം ആധികാരികമായി നമ്മെ പഠിപ്പിക്കുന്നു.
   

  മക്കളുടെ കടമകള്‍

   

                                   ദൈവം കഴിഞ്ഞാല്‍ ജീവന്‍റെയും വളര്‍ച്ചയുടെയും ഉത്തരവാദികളും സംരക്ഷകരും മാതാപിതാക്കളാണ്. അതിനാല്‍ മക്കള്‍ അവരെ സ്നേഹിക്കാനും ആദരിക്കാനും കടപ്പെട്ടിരിക്കുന്നു. അതൊരു ദൈവകല്പനയും പ്രകൃതി നിയമവുമാണ്. അതിനാലാണ് പൗലോസ് ശ്ലീഹാ ഇങ്ങനെ പറയുന്നത്: "കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്" (എഫേ. 6:1). മാതാപിതാക്കളെ ബഹുമാനിക്കേണണ്ടത്  അവരെ അനുസരിച്ചുകൊണ്ടാണ്. കുട്ടികളായിരിക്കുമ്പോള്‍ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മാതാപിതാക്കളെ ബഹുമാനിക്കാന്‍ മക്കള്‍ക്ക് കടമയുണ്ട്.കുടുംബത്തിന്‍റെ സമാധാനത്തിനും ഐശ്വര്യത്തിനും അത് ആവശ്യമാണ്. എന്നാല്‍ ദൈവകല്പനകള്‍ക്ക് യോജിക്കാത്തതും അധാര്‍മികവുമായ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍നല്‍കരുത്. അപ്രകാരമുള്ള കല്പനകള്‍ അനുസരിക്കാന്‍ മക്കള്‍ ബാധ്യസ്ഥരല്ല.
   
                               "പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്ക രുത്. മാതാപിതാക്കډാരാണു നിനക്കു ജന്മം നല്‍കിയതെന്ന് ഓര്‍ക്കുക" (പ്രഭാ. 7:27-28). മാതാപിതാക്കളോടുള്ള മക്കളുടെ കടമകളെ ഇത് ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ ജീവന്‍റെയും ജീവിതത്തിന്‍റെയും പിന്നിലുള്ള പ്രധാനശക്തി മാതാപിതാക്കളുടെ ത്യാഗവും സമര്‍പ്പണവുമാണെന്ന് മനസ്സിലാക്കി നാം അവരെ സ്നേഹിക്കണം. അവരോട് നമ്മള്‍എപ്പോഴും നന്ദിയുള്ളവരായിരിക്കണം. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഇത് പ്രകടിപ്പിക്കണം. മാതാപിതാക്കള്‍ രോഗികളാകുമ്പോഴും വാര്‍ദ്ധക്യത്തിലെത്തുമ്പോഴും അവരെ ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. ശാരീരികവും ആത്മീയവുമായ സഹായം അവര്‍ക്കു നല്‍കണം. സ്നേഹപൂര്‍ണമായ പരിചരണവും സംഭാഷണവും കൊണ്ട് അവരുടെ ഏകാന്തതയും വിഷമങ്ങളും അകറ്റണം. ഇവയാണ് മാതാപിതാക്കളോട് മക്കള്‍ക്കുള്ള കടമകളില്‍ പ്രധാനപ്പെട്ടവ.
   
                                വൃദ്ധരായ മാതാപിതാക്കളെ വേണ്ടവിധത്തില്‍ സംരക്ഷിക്കാതെ അനാഥരായി ഉപേക്ഷിക്കു ന്നത് മക്കള്‍ ചെയ്യുന്ന വലിയ തിന്മയാണ്. മാതാപിതാക്കളെ പരിഹസിക്കുക, നിന്ദിക്കുക, ചീത്ത വിളിക്കുക, ദേഹോപദ്രവം ചെയ്യുക എന്നിവയും ഈ പ്രമാണത്തിന് എതിരായ ഗൗരവമുള്ള തെറ്റുകളാണ്.
   

  മാതാപിതാക്കളുടെ കടമകള്‍

   

                              "പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍" (എഫേ6:4). മക്കള്‍ ദൈവത്തിന്‍റെ ദാനമാണ്. അതിനാല്‍ മക്കളെ ദൈവത്തിന് പ്രിയപ്പെട്ടവരായി വളര്‍ത്തണം. മക്കളുടെ ആത്മീയവും ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യവും സൗകര്യവും മാതാപിതാക്കള്‍ ഉണ്ടാക്കിക്കൊടുക്കണം.
   
                               ദൈവസ്നേഹത്തിന്‍റെ ആഴവും അര്‍ത്ഥവും മക്കള്‍ ഗ്രഹിക്കുന്നത് മാതാപിതാക്ക ളുടെ സ്നേഹത്തിലൂടെയാണ്. അതിനാല്‍ മക്കളോടുള്ള സ്നേഹം അവര്‍ പ്രകടിപ്പിക്കണം. 
  നല്ല ശിക്ഷണത്തില്‍ അവരെ വളര്‍ത്തേണ്ട ചുമതലയും മാതാപിതാക്കള്‍ക്കുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം മാതാപിതാക്കളുടെ ജീവിത മാതൃകയാണ്. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് നല്ല മാതൃക നല്‍കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. 
   

  അധികാരികളെയും മുതിര്‍ന്നവരെയും ബഹുമാനിക്കണം

   

                       നാലാംപ്രമാണത്തിന്‍റെ പരിധിയില്‍ മാതാപിതാക്കള്‍ മാത്രമല്ല ഉള്ളത്, അധ്യാപകരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുമുണ്ട്. അധ്യാപകരെ കുട്ടികള്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണം. ഗുരുശിഷ്യബന്ധത്തിന്‍റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെ ബഹുമാനിക്കാനും നമുക്ക് കടമയുണ്ട്. കാരണം, അധികാരം ദൈവദത്തമാണ് (റോമ.13:1).
   
                           മുതിര്‍ന്ന സഹോദരങ്ങളെ നാം പ്രത്യേകം ആദരിക്കണം. നമ്മേക്കാള്‍ പ്രായമുള്ള ഏതൊരു വ്യക്തിയോടും ആദരവോടെ പെരുമാറാനുള്ള വിനയവും നമുക്കുണ്ടാകണം. അയല്‍ക്കാരോടും ബന്ധുജനങ്ങളോടും ബഹുമാനവും ആദരവും പുലര്‍ത്താനും നാം ശ്രദ്ധിക്കണം.
   
                            സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് ഈ ഭൂമിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് നാലാം പ്രമാണം വഴികാട്ടുന്നു. "മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം ചെവിക്കൊള്ളുക. മാതാവിന്‍റെ ഉപദേശം നിരസിക്കരുത്. അവ നിന്‍റെ ശിരസ്സിന് വിശിഷ്ടഹാരവും കഴുത്തിന് പതക്കങ്ങളുമത്രെ!" (സുഭാ 1:8-9). ഈ ദൈവവചനം നമുക്ക് ഓര്‍മയില്‍ സൂക്ഷിക്കാം. അതനുസരിച്ച് ജീവിക്കാം.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  സ്നേഹനിധിയായ ഈശോയേ അങ്ങു നസ്രത്തിലെ തിരുക്കുടുംബത്തില്‍ മാതാപിതാക്കള്‍ക്കു വിധേയനായി വളര്‍ന്നതുപോലെ വളരാനും പക്വത നേടാനും എന്നെ അനുഗ്രഹിക്കണമേ.
   
   

  നമുക്കു പാടാം

   

  (അഖിലാണ്ഡ മണ്ഡല..)
   
  മാതാപിതാക്കളെ ആദരിച്ചേവം
  ദൈവപ്രമാണങ്ങള്‍ കാത്തവനീശോ
  മാതാപിതാക്കളെ അനുസരിക്കുന്നോന്‍
  ദൈവികപാതെ ചരിച്ചിടുമെന്നും.
   
  ഈ ദിവ്യകല്പനലംഘിച്ചിടുന്നോന്‍
  ശാപവും മൃത്യുവും കൈമുതലാക്കും.
  സ്നേഹസന്തോഷങ്ങള്‍ പങ്കിട്ടുനല്‍കുന്ന
  വീടെന്നും സ്വര്‍ഗത്തിന്‍തുല്യമായ് മാറും.
   
  അപ്പനും അമ്മയും മക്കളുമെല്ലാം
  സ്നേഹത്തില്‍ വര്‍ത്തിച്ചാല്‍ സ്വര്‍ഗമിവിടെ.
  സ്നേഹസമര്‍പ്പണം, നന്ദി, സന്മാതൃക
  വീടതിന്‍ ഐശ്വര്യം, ജീവന്‍റെ മാര്‍ഗം.
   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (എഫേ. 6:1-4).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "നിന്‍റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേ ണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (പുറ. 20:12)
   

   

  നമുക്കു പ്രവര്‍ത്തിക്കാം

   

  മാതാപിതാക്കളെ സഹായിക്കാന്‍ സാധിക്കുന്ന അഞ്ച് അവസരങ്ങള്‍ എഴുതുക.
   
   

  എന്‍റെ തീരുമാനം

   

  മാതാപിതാക്കളെയും മുതിര്‍ന്നവരെയും ഞാന്‍ ബഹുമാനിക്കും.