•    
           ഈശോ ഒരിക്കല്‍ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ"എന്നാണ് ആ പ്രാര്‍ത്ഥനയുടെ തുടക്കം. ദൈവത്തിന്‍റെ നാമം ബഹുമാനത്തോടും ആദരവോടും കൂടി ഉപയോഗിക്കേണ്ടതാണെന്ന് ഈശോ ഇതിലൂടെ വ്യക്തമാക്കുന്നു. ദൈവകല്പനകളില്‍ രണ്ടാമത്തേത് ഇതാണ്: 'ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്'. 
   

  ദൈവത്തിന്‍റെ നാമം പഴയനിയമത്തില്‍

   

                                  ദൈവനാമം എന്ന പദപ്രയോഗത്തെ പഴയനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം നാം മനസ്സിലാക്കാന്‍. ദൈവം മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട് സംസാരിച്ചപ്പോള്‍ മോശ  ദൈവത്തോട് പേരു ചോദിക്കുന്നുണ്ട്. എന്നാല്‍ ദൈവം മോശയോട് വ്യക്തമായ ഒരു പേര് പറയുന്നില്ല. പകരം"ഞാന്‍ ഞാന്‍ തന്നെ"എന്ന മറുപടിയാണ് നല്‍കുന്നത് (പുറ.3:13-14). ഒരു പ്രത്യേക നാമത്തിന് ദൈവത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. അവിടുന്ന് ദൈവമായതിനാല്‍ ഒരു പ്രത്യേക പേരില്‍ അവിടുത്തെ ഒതുക്കി നിര്‍ത്താനും സാധ്യമല്ല.
   
                             ദൈവനാമം എന്നത് ദൈവത്തിന്‍റെ സാന്നിധ്യം തന്നെയാണ്. പേര് അറിയുകയെന്നാല്‍ വ്യക്തിയെ അറിയുക എന്നാണര്‍ത്ഥം. പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു: "സൂര്യോദയം മുതല്‍ അസ്തമയം വരെ എന്‍റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്" (മലാ.1:11). ദൈവത്തെ സൂചിപ്പിക്കുന്ന 'യാഹ്വേ' എന്ന പദം ഇസ്രായേല്‍ക്കാര്‍ സംസാരത്തില്‍ ഉപയോഗിച്ചിരുന്നില്ല. അത് പ്രമാണ ലംഘനമായി അവര്‍ കരുതി. പേരു വിളിക്കുന്നത് വ്യക്തിയുടെമേലുള്ള അധികാരത്തെക്കൂടി സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെമേല്‍ മനുഷ്യര്‍ക്ക് അധികാരമില്ല. അവിടുത്തെ ആരാധിക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ.
   

  ദൈവത്തിന്‍റെ നാമം പുതിയനിയമത്തില്‍

   

                            ഈശോ ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: "പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും" (യോഹ.12:28). ദൈവനാമത്തിന്‍റെ സംപൂജ്യതയ്ക്ക് ഈശോ വലിയ പ്രാധാന്യം നല്‍കിയിരുന്നു. മക്കള്‍ പിതാവിനെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന 'ആബാ' എന്ന ലളിതവും ഹൃദ്യവുമായ പദം ഉപയോഗിച്ചാണ് ഈശോ പിതാവിനോട് സംസാരിച്ചിരുന്നത്.
   
  ദൈവത്തിന്‍റെ നാമം പോലെതന്നെ അവിടുത്തെ പുത്രനായ ഈശോയുടെ നാമവും സംപൂജ്യമാണ്. ഈശോയുടെ നാമത്തിന് രക്ഷാകരമായ ശക്തിയുണ്ട്. അതുകൊാണ് ഈശോ ഇങ്ങനെ പഠിപ്പിച്ചത്: "നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും"(യോഹ. 16:23). ജډനാ മുടന്തനായ ഒരാളെ പത്രോസ്ശ്ലീഹാ സുഖപ്പെടുത്തിയത് ഇപ്രകാരം പറഞ്ഞുകൊണ്ടാണ്: "നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക"(അപ്പ.3:6). മറ്റൊരിക്കല്‍ വി. പത്രോസ് ഇങ്ങനെ പ്രസംഗിച്ചു: "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.4:12). അതിനാല്‍ ദൈവനാമത്തെ നാം മഹത്വപ്പെടുത്തേതാണ്. ദൈവനാമത്തെ സ്തുതിക്കുമ്പോള്‍ ദൈവത്തെത്തന്നെയാണ് സ്തുതിക്കുന്നത് എന്ന് വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു.
   

  ദൈവനാമത്തിന്‍റെ പ്രയോഗം

   

                                        ദൈവനാമം ആദരവോടെ മാത്രമേ ഉപയോഗിക്കാവൂ. സത്യപ്രസ്താവനയോ പ്രതിജ്ഞയോ ചെയ്യുമ്പോള്‍ ദൈവനാമം ഉപയോഗിക്കേണ്ടതായി വരാം. കോടതികളിലും അധികാരസ്ഥാനങ്ങളിലും ദൈവനാമത്തില്‍ സത്യം ബോധിപ്പിക്കാറുണ്ട്. വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങളിലും ദൈവനാമത്തിലുള്ള പ്രതിജ്ഞ ചെയ്യാറുണ്ട്. ദൈവത്തിന്‍റെ മഹത്വത്തിനു ചേര്‍ന്ന ബഹുമാനത്തോടെയാണ് അപ്പോഴൊക്കെ ആ പരിശുദ്ധനാമം ഉച്ചരിക്കേ ണ്ടത്.
   
                                 കള്ളസത്യം പറയുന്നതും ആണയിടുന്നതും പാപമാണ്. ദൈവിക കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ ആദരവുള്ള വാക്കുകള്‍ പ്രയോഗിക്കണം. പരിഹാസം, അവജ്ഞ, നിന്ദ എന്നിവയുളവാക്കുന്ന പദങ്ങള്‍ ദൈവത്തെക്കുറിച്ച് ഉച്ചരിക്കരുത്. ഇവ ദൈവദൂഷണങ്ങളാണ്. ദൈവപരിപാലനയെ ചോദ്യം ചെയ്യുന്നതും ദൈവം കരുണയില്ലാത്തവനും നീതിയില്ലാത്തവനുമാണെന്ന് കുറ്റപ്പെടുത്തുന്നതും ഗൗരവമുള്ള തെറ്റുകളാണ്.
   
                                കോപം വരുമ്പോള്‍ ശാപവാക്കുകള്‍ പറയുന്നവരുണ്ട്. അവര്‍ രണ്ടാം പ്രമാണം ലംഘിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സഹോദരങ്ങളെ ശപിക്കുന്നത് ദൈവനാമത്തോടുള്ള അവഹേളനമാണ്. അസഭ്യവാക്കുകള്‍, അസത്യപ്രസ്താവനകള്‍, മാന്യമല്ലാത്ത സംഭാഷണം തുടങ്ങിയവയെല്ലാം ഒഴിവാക്കണം.ദൈവത്തെ മഹത്വപ്പെടുത്താനാണ് നമ്മുടെ നാവ് ഉപയോഗിക്കേണ്ടത്. ദൈവമഹത്വത്തിനും മറ്റുള്ളവരുടെ ഉത്ക്കര്‍ഷത്തിനും ഉപകരിക്കുന്ന വിധത്തില്‍ നാവിനെ ഉപയോഗിക്കണമെന്ന് രണ്ടാം പ്രമാണം ആവശ്യപ്പെടുന്നു. ദൈവദൂഷണവും അശുദ്ധഭാഷണവും ഈ പ്രമാണ ത്തിനെതിരായ തിന്മകളാണ്.
   
   

  വിശുദ്ധമായവയെ ആദരിക്കുക

   

                               പരിശുദ്ധ കന്യകാമറിയത്തെയും മറ്റു വിശുദ്ധരെയും കുറിച്ച് ആദരവോടെ സംസാരിക്ക ണം. ദൈവത്തിന് പ്രിയപ്പെട്ടവരാണ് അവര്‍. ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വ്യക്തികളോടും സ്ഥലങ്ങളോടും വസ്തുക്കളോടും നാം ബഹുമാനം കാണിക്കണം. വൈദികരും സന്യസ്തരും ദൈവത്തിന് പ്രതിഷ്ഠിതരാണ് അതിനാല്‍ അവരെ ആദരിക്കണം. ദൈവാലയങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കപ്പേളകള്‍ എന്നിവയൊക്കെ ദൈവാരാധനയ്ക്കും വിശുദ്ധരുടെ വണക്കത്തിനുമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളാണ്. അവയുടെ പരിശുദ്ധിക്കു ചേര്‍ന്നവിധം ആദരവോടെ നാം പെരുമാറണം. വി. കുര്‍ബാന അര്‍പ്പിക്കുന്ന അള്‍ത്താര, ബലിവസ്തുക്കള്‍, കൂദാശ പരികര്‍മം ചെയ്യാനുള്ള വസ്തുക്കള്‍ എന്നിവയൊക്കെ വിശുദ്ധമായി കൈകാര്യം ചെയ്യേതാണ്. ജീവദായകമായ വചനം ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഗ്രന്ഥം പൂജ്യമായി ഉപയോഗിക്കണം. വിശുദ്ധ ഗ്രന്ഥം എടുക്കുമ്പോഴും വായിക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും ശ്രദ്ധയും ആദരവും പുലര്‍ത്തണം.
   
                                   ദൈവത്തിനു പ്രതിഷ്ഠിതരായ വ്യക്തികളെ അവഹേളിക്കുന്നതും വിശുദ്ധ സ്ഥലങ്ങളില്‍ അനാദരവു കാട്ടുന്നതും വിശുദ്ധ വസ്തുക്കള്‍ അശുദ്ധമാക്കുന്നതും രണ്ടാം പ്രമാണത്തിന് എതിരായ തെറ്റുകളാണ്.
   

  ക്രിസ്തീയ നാമങ്ങള്‍

   

                                       ക്രിസ്തീയമായ പേരുകള്‍ ഉണ്ടായിരിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യേണ്ടത്    ആവശ്യമാണെന്ന് രണ്ടാം പ്രമാണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം പ്രത്യേകമായി തെരഞ്ഞെ ടുക്കുന്നവര്‍ക്ക ് ഉചിതമായപേരുകള്‍ അവിടുന്നു തന്നെ നല്‍കുന്നതായി കാണാം. അബ്രാമിന്
  അബ്രാഹം എന്നും (ഉല്‍പ. 17:5) യാക്കോബിന് ഇസ്രായേല്‍ എന്നും (ഉല്‍പ.32:28) ദൈവം പേരു നല്‍കുന്നു. അതുപോലെ മാമ്മോദീസായിലൂടെ ദൈവമക്കളായിത്തീരുന്ന നമുക്ക് സഭയിലൂടെ ദൈവം നല്‍കുന്നതാണ് മാമ്മോദീസാപ്പേര്. പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലാണ് ഇത് നല്‍കപ്പെടുന്നത്.
   
   
                               ദൈവത്തെ മഹത്വപ്പെടുത്തിയ വിശുദ്ധരുടെ പേരുകളാണ് സാധാരണയായി മാമ്മോദീസായില്‍ നല്‍കാറുള്ളത്. ദൈവികരഹസ്യങ്ങളെയോ, ദൈവികനډകളെയോ സൂചിപ്പിക്കുന്ന പേരുകളും നല്‍കാറുണ്ട്. വിശുദ്ധരുടെ മാതൃക അനുകരിച്ചു ജീവിക്കാനും അവരുടെ പ്രത്യേക മാദ്ധ്യസ്ഥ്യം ലഭിക്കാനും ഈ പേര് സഹായിക്കുന്നു. അതിനാല്‍ മാമ്മോദീസാപ്പേര് തുടര്‍ന്നും ഉപയോഗിക്കേണ്ടതാണ്. ഈ പേരില്‍ അഭിമാനം കൊള്ളാനുംഇതിന്‍റെ ചൈതന്യമനുസരിച്ച് ജീവിക്കാനും നാം പരിശ്രമിക്കണം. ക്രൈസ്തവ ചൈതന്യത്തിനു നിരക്കാത്ത പേരുകള്‍ നല്‍കാതിരിക്കാന്‍ മാതാപിതാക്കളും തലതൊടുന്നവരും അജപാലകരും ശ്രദ്ധിക്കണമെന്നും സഭ ഉദ്ബോധിപ്പിക്കുന്നു (ഇഇഇ-2156).
   
   
                                   എല്ലാ വിധത്തിലും ദൈവനാമത്തോടുള്ള ബഹുമാനം അനുദിനജീവിതത്തില്‍ നാം പ്രകടിപ്പിക്കണമെന്നാണ് രണ്ടാം പ്രമാണം അനുസ്മരിപ്പിക്കുന്നത്. ദൈവത്തിന്‍റെ ആരാധ്യമായ നാമത്തിന് എല്ലാ നിമിഷവും സ്തുതിയും ബഹുമാനവും പുകഴ്ചയും അര്‍പ്പിക്കാന്‍ നാം സന്നദ്ധരാകണം. നമ്മുടെ ഹൃദയങ്ങളില്‍ ദൈവസ്തുതികള്‍ നിറയണം. ദൈവം നല്‍കുന്ന അനന്തനډകള്‍ക്ക് നന്ദിനിറഞ്ഞ മനസ്സോടെ സ്തോത്രമര്‍പ്പിക്കാന്‍ കഴിയണം. അങ്ങനെ ദൈവനാമം നമ്മുടെ ജീവിതത്തില്‍ ആരാധ്യനാമമായിത്തീരും.
   

  നമുക്കു പ്രാര്‍ത്ഥിക്കാം

   

  കര്‍ത്താവായ ദൈവമേ, അങ്ങയുടെ തിരുനാമത്തിന്‍റെ ശക്തി മനസ്സിലാക്കുവാനും അനുഭവിക്കുവാനും ഞങ്ങള്‍ക്കു കൃപയേകണമേ.
   
   

  നമുക്കു പാടാം

   

  (പന്തക്കുസ്താനാളില്‍..)
   
  ദൈവതിരുനാമം സംപൂജ്യമതെന്നും
  വാഴ്ത്തിപ്പാടാമിന്ന് ആമോദമൊടെ
  ആ ദിവ്യനാമം ആരാധ്യനാമം
  ഹല്ലേലൂയ്യാ പാടാം ആരാധിച്ചീടാം.
   
  ആ തിരുനാമത്തില്‍ വിശ്വാസത്തോടെന്നും
  ചോദിപ്പവയെല്ലാം ലഭ്യമായിടും
  ആകാശത്തിന്‍ കീഴില്‍ വേറെയില്ല നാമം
  മര്‍ത്യരക്ഷ നല്‍കാന്‍ ശാന്തി കൈവരാന്‍.
   
  ദൈവതിരുനാമം നിന്ദിക്കരുതെന്ന്
  ദൈവം നല്‍കും ആജ്ഞ അനുവര്‍ത്തിക്കാം.
  മാമ്മോദീസാപേരില്‍ പരിശുദ്ധികാക്കാം.
  വിശുദ്ധര്‍തന്‍ പാതെ നീങ്ങിടാമെന്നും.
   

   

  ദൈവവചനം വായിക്കാം; വിവരിക്കാം

   

  (അപ്പ. 3:1-10).
   
   

  വഴി കാട്ടാനൊരു തിരുവചനം

   

  "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും" (യോഹ. 16:23)
   
   

  നമുക്കു പ്രവര്‍ത്തിക്കാം

   

  എന്‍റെ മാമ്മോദീസാപേരിന് കാരണഭൂതനായ വിശുദ്ധന്‍റെ/ വിശുദ്ധയുടെ ജീവചരിത്രം ഞാന്‍ പഠിക്കും.
   
   

  എന്‍റെ തീരുമാനം

   

  എന്‍റെ ഏതാവശ്യങ്ങളിലും ഈശോയുടെ തിരുനാമം ഞാന്‍ വിളിച്ചപേക്ഷിക്കും.