പാഠം 4
പാപത്തിന്റെ ഫലം നാശം
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടത്
ബോധ്യങ്ങള്‍
1. പാപം ചെയ്ത മനുഷ്യനെ ദൈവം ശിക്ഷിച്ചു.
2. നല്ലവനായ നോഹയെ ദൈവം സംരക്ഷിച്ചു.
3. അഹങ്കാരികളെ ദൈവം ചിതറിക്കുന്നു.
മനോഭാവങ്ങള്‍
1. പാപം ചെയ്ത് നാം നാശത്തില്‍ പതിക്കരുത്.
2. ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കണം.
3. അഹങ്കാരം അകറ്റി എളിമയില്‍ വളരണം.
ശീലങ്ങള്‍:
1. എല്ലാവരോടും വിനയത്തോടെ പെരുമാറും.
2. നല്ല പ്രവൃത്തികളിലൂടെ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കും.
3. അഹങ്കാരം അകറ്റി എളിമയില്‍ വളരാനായി ഇടയ്ക്കിടെ പ്രാര്‍ത്ഥിക്കണം.
കക. ബോധനോപാധികള്‍
സമ്പൂര്‍ണ്ണ ബൈബിള്‍, ജലപ്രളയത്തിന്റെ വിവിധ ചിത്രങ്ങള്‍, ബാബേല്‍ ഗോപുരത്തിന്റെ ചിത്രം, മഴവില്ലിന്റെ ചിത്രവും പാട്ടും.
കകക. പാഠാവതരണം
വളരെ പ്രസിദ്ധമായ ജലപ്രളയകഥയാണിതിലെ ഉള്ളടക്കം. ആ കഥ വര്‍ണ്ണിച്ചുകൊണ്ട് പാഠം തുടങ്ങാം. അക്കാലത്തെ ജനങ്ങളുടെ പാപാവസ്ഥ. ദൈവത്തിന്റെ കോപം, ശിക്ഷിക്കാന്‍ ഇടയായ സാഹചര്യം എന്നിവ വിവരിക്കാം. ദൈവപ്രീതിയില്‍ ജീവിച്ച നോഹയെ വ്യക്തമായി അവതരിപ്പിക്കണം. നോഹയെ രക്ഷിക്കുവാനുള്ള ദൈവത്തിന്റെ തീരുമാനം, പെട്ടക നിര്‍മ്മാണം എന്നിവയെല്ലാം ഊന്നിപ്പറയണം. പാപത്തിന് ശിക്ഷയുണ്ട് എന്ന ആശയം കുട്ടികള്‍ക്ക് നല്‍കണം.
കഢ. പാഠബന്ധിത പ്രവര്‍ത്തനങ്ങള്‍
ഉത്തരം കണ്ടെത്താം
1. നല്ലവനായ നോഹ ദൈവത്തിന് പ്രീതികരമായി ജീവിച്ചതു കൊണ്ടാണ് ദൈവം നോഹയില്‍ സംപ്രീതനായത്.
2. ഭൂമിയില്‍ പാപം പെരുകിവന്നു. മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുകയും ഹൃദയത്തിലെ ചിന്തയും ഭാവനയും ദുഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം ജലപ്രളയം കൊണ്ട് ഭൂമിയെ ശിക്ഷിച്ചത്.
3. ഗോപുരം നിര്‍മ്മിക്കാന്‍ ശ്രമിച്ചവരുടെ ഭാഷ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തവിധം ഭിന്നിപ്പിച്ചാണ് ദൈവം അവരെ ചിതറിച്ചത്.
പദസഞ്ചിയില് നിന്ന് കണ്ടെത്തി എഴുതുക.
1. നോഹ
2. നാല്പത്
3. മഴവില്ല്
4. ബാബേല്‍
5. ഉല്പത്തി
ക്രമത്തില്‍ എഴുതുക
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു.
ആദവും ഹവ്വയും ദൈവത്തെ ധിക്കരിച്ചു.
കായേന് ആബേലിനെ കൊന്നു.
ഭൂമിയില്‍ ജലപ്രളയം ഉണ്ടായി.
ബാബേല്‍ ഗോപുരം നിര്‍മ്മിക്കാന്‍ തുടങ്ങി.
ഢ. അനുബന്ധിത പ്രവര്‍ത്തനങ്ങള്‍
1. പെട്ടകത്തിലെ കഥകള്‍
നോഹയുടെ പെട്ടകത്തില്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ഓരോ ജോഡി വീതം കയറിയല്ലോ. നാല്പതുദിവസം തുടര്‍ച്ചയായി മഴപെയ്തു. പിന്നീട് നൂറ്റമ്പതു ദിവസം വെള്ളപ്പൊക്കം നീണ്ടുനിന്നു. പിന്നെയാണ് വെള്ളമിറങ്ങാന്‍ തുടങ്ങിയത്. വെള്ളമിറങ്ങിയോ എന്നറിയാന്‍ നോഹ കാക്കയെയും പ്രാവിനെയും പറത്തിവിട്ട കഥ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഉല്പത്തി 8:1-19 വാക്യങ്ങള്‍ ക്ലാസ്സില്‍ വായിക്കുകയോ വിവരിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
പെട്ടകത്തിലെ മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരങ്ങളായ പല കഥകളുമുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ഇണങ്ങുന്ന കഥകള്‍ കിട്ടുമെങ്കില്‍ ക്ലാസ്സില്‍ അവതരിപ്പിക്കാം.
2. ബാബേല്‍ ഗോപുരം
പാഠത്തില്‍ ബാബേല്‍ ഗോപുരകഥ സൂചിപ്പിച്ചിട്ടേയുള്ളു. അത് വിശദീകരിക്കാന്‍ ഉല്പത്തി 11:1-9 ഉപയോഗിക്കാം.
3. ഭാഷ അറിയാമോ?
ഇതൊരു കളിയാണ്. ചെറിയ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്കുന്നു. ഉദാ : എഴുന്നേറ്റു നില്ക്കുക, കൈകൂപ്പുക, കണ്ണടയ്ക്കുക, ചെവി പൊത്തുക... കുട്ടികള്‍ നിര്‍ദ്ദേശം പാലിക്കുന്നു. തുടര്‍ന്ന് അറിയാത്ത ഭാഷയില്‍ (ഇല്ലാത്ത കൃത്രിമഭാഷയില്‍) നിര്‍ദ്ദേശം നല്കുന്നു. കുട്ടികള്‍ക്ക് അനുസരിക്കാന്‍ കഴിയുന്നില്ല - ഈ കളിയുടെ ആശയം വ്യക്തമാക്കിക്കൊടുക്കുമല്ലോ? ബാബേലില്‍ സംഭവിച്ചതിതാണ്.
4. ജോഡികളെ കണ്ടെത്താം
കുട്ടികള്‍ക്കിഷ്ടപ്പെടുന്ന ഒരു കളിയാണിത്. കാക്ക, പൂച്ച, പട്ടി, ആട് തുടങ്ങിയ വിവിധ ജീവജാലങ്ങളുടെ പേരെഴുതിയ (രണ്ടുവീതം) സ്ലിപ്പുകള്‍ കുട്ടികള്‍ക്ക് ഓരോന്ന് നല്കുന്നു. കാക്ക എന്നു കിട്ടിയ കുട്ടി 'കാകാ' എന്നു കരഞ്ഞ് ജോഡിയെ കണ്ടെത്തണം. കാക്ക എന്നു കിട്ടിയ മറ്റേ കുട്ടി ആദ്യത്തെക്കുട്ടിയോടു ചേരണം. അവര്‍ ഒരുമിച്ചു പെട്ടകത്തില്‍ കയറണം. ഒരിടത്ത് പെട്ടകമെന്നു സൂചിപ്പിക്കാന്‍ വലിയൊരു വൃത്തം വരച്ചാല്‍ മതി. എല്ലാ കുട്ടികളും ജോഡികളെ കണ്ടെത്തി പെട്ടകത്തില്‍ പ്രവേശിക്കട്ടെ.