•  
                   ബഥാനിയായിലെ ലാസര്‍ ഈശോയുടെ ഉറ്റ സുഹൃത്തായിരുന്നു. ലാസര്‍ രോഗിയായിത്തീര്‍ന്ന വിവരം സഹോദരിമാര്‍ അവിടുത്തെ അറിയിച്ചു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് ഈശോ ബഥാനിയായിലേയ്ക്കു പോയത്. പോകുന്നതിനു മുമ്പായി ഈശോ ശിഷ്യന്മാരോടു പറഞ്ഞു: നമ്മുടെ സ്നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്.ഞാന്‍ അവനെ ഉണര്‍ത്താന്‍ പോകുന്നു. അപ്പോള്‍ തോമ്മാ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: "അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം"(യോഹ.11:11-16). യൂദന്മാരാല്‍ വധിക്കപ്പെടുമോ എന്ന ആശങ്ക ശിഷ്യഗണത്തെ മുഴുവന്‍ ഗ്രസിച്ചിരുന്നപ്പോഴാണ് തോമ്മാശ്ലീഹായുടെ ഈ പ്രഖ്യാപനം. തോമ്മാശ്ലീഹായില്‍ നിറഞ്ഞു നിന്ന ഈ ധൈര്യം ഈശോയുടെ സ്വര്‍ഗാ രോഹണത്തിനു ശേഷവും അദ്ദേഹം പ്രകടമാക്കി.വിദൂരസ്ഥമായ ഭാരതത്തിലേയ്ക്ക്  സുവിശേഷപ്രഘോഷണത്തിനായി കടന്നു വരാന്‍ തോമ്മാശ്ലീഹായെ സഹായിച്ചത് ഈ ധൈര്യമാണ്.
     
                മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണ ഫലമായി രൂപപ്പെട്ട ക്രൈസ്തവ സമൂഹം കേരളത്തില്‍ ശക്തിയാര്‍ജിച്ചു വളര്‍ന്നു. 'മാര്‍ത്തോമ്മാ നസ്രാണികള്‍'എന്ന് അവരറിയപ്പെട്ടു. സഭയുടെ ശ്ലൈഹിക ഉത്ഭവത്തെപ്പറ്റി നല്ല ബോദ്ധ്യമുള്ളവരാണവര്‍. സ്ഥാപക ശ്ലീഹായുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഏക സഭയാണിത്. മറ്റുള്ള ശ്ലൈഹിക സഭകള്‍ അറിയപ്പെടുന്നത് അവയുടെ ഉത്ഭവസ്ഥലം കേന്ദ്രീകരിച്ചാണ്.
     

    മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ പ്രേഷിത സ്വഭാവം

     

                      മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ക്ക്  തങ്ങളുടേതായ സുവിശേഷവത്ക്കരണ ശൈലിയുായിരുന്നു. ഭൂരിഭാഗം വരുന്ന മറ്റുമതസ്ഥരുടെയിടയില്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും അതിനു സാക്ഷ്യം വഹിക്കുന്നതിനുമായിരുന്നു അവര്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. ബലപ്രയോഗത്താലോ നിര്‍ബന്ധത്താലോ ആരുടെയുംമേല്‍ തങ്ങളുടെ വിശ്വാസം അടിച്ചേല്‍പിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ധാര്‍മ്മികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സമൂഹമെന്ന നിലയില്‍ അവര്‍  ബഹുമാനിതരായിരുന്നു. തങ്ങള്‍ ജീവിച്ച സമൂഹത്തില്‍ അവര്‍ക്കു വലിയ സ്ഥാനമുായിരുന്നു. ഇതര മതസ്ഥര്‍പോലും മാര്‍തോമ്മാ നസ്രാണികളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.
     
                      മാര്‍തോമ്മാ നസ്രാണികള്‍ തങ്ങളുടെ വിശ്വാസാധിഷ്ഠിതമായ ജീവിതംകൊണ്ട് സുവിശേഷത്തിന്‍റെ പ്രേഷിതരായിരുന്നു. ഭാരതത്തില്‍നിന്നും ചൈനവരെ മിഷനറിമാര്‍ പോയിരുന്നതായി പാരമ്പര്യം ഉണ്ട്. എന്നിരുന്നാലും പുരാതന കാലംമുതല്‍ ഇവിടെ നിലനിന്നിരുന്ന വിവിധ മതവിശ്വാസങ്ങള്‍, ഭാരതസംസ്കാരത്തിന്‍റെ മതസഹിഷ്ണുതാമനോഭാവം, ജാതിവ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല
     
                 16-ാം നൂറ്റാണ്ടില്‍ പാശ്ചാത്യമിഷനറിമാരുടെ ആഗമനത്തോടുകൂടിയാണ് ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ രീതിയില്‍ സജീവമായത്. എന്നാല്‍ പിന്നീടുണ്ടായ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭാമക്കള്‍ക്ക് സ്വന്തം സഭയില്‍ നിന്നുകൊണ്ട് പ്രേഷിത പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥ സംജാതമായി. പ്രേഷിത ദൈവവിളികളുടെ കാര്യത്തില്‍ ക്രമാനുഗതമായ വളര്‍ച്ച സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. സീറോ മലബാര്‍ സഭയില്‍നിന്ന് ധാരാളംപേര്‍ വൈദികരാകാനും സമര്‍പ്പിത ജീവിതം നയിക്കാനും മുന്നോട്ടുവന്നു. അവര്‍ ലത്തീന്‍ രൂപതകളിലും ലത്തീന്‍ സമര്‍പ്പിത സമൂഹങ്ങളിലും അംഗങ്ങളായി പ്രേഷിതശുശ്രൂഷ ചെയ്തു. ഇപ്രകാരം പാശ്ചാത്യ സഭയുടെ പ്രേഷിത സംരംഭങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി നേതൃത്വം നല്‍കിയത് ഒരു പരിധിവരെ ഇവിടുത്തെ മാര്‍തോമ്മാ ക്രിസ്ത്യാനികളാണ്. ഇവിടെ സ്ഥാപിക്കപ്പെട്ട നിരവധിയായ സന്യാസ സമൂഹങ്ങളിലും പ്രേഷിതസംഘങ്ങളിലും 70 ശതമാനത്തോളം അംഗങ്ങ ളും സീറോമലബാര്‍ സഭയില്‍നിന്നുള്ളവരായിരുന്നു. അവര്‍ ഭാരതത്തിലും ഭാരതത്തിനു പുറത്തും സമര്‍പ്പിത ശുശ്രൂഷചെയ്തുകൊണ്ട്
    ഈശോയ്ക്കു സാക്ഷികളായി.
     

    സീറോ മലബാര്‍സഭയും കുടിയേറ്റങ്ങളും

     

                 16-ാം നൂറ്റാുവരെ മാര്‍തോമ്മാ നസ്രാണികള്‍ക്ക് ഭാരതം മുഴുവന്‍ സഭാപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അധികാരമുണ്ടായിരുന്നു. സഭയുടെ ഭരണം നടത്തിക്കൊണ്ടിരുന്ന ആര്‍ച്ചുഡീക്കന്‍ ഇന്ത്യ മുഴുവന്‍റെയും ആര്‍ച്ചുഡീക്കനായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാശ്ചാത്യ മിഷനറിമാരുടെ ആഗമനത്തോടുകൂടി ഈ അധികാരമൊക്കെയും നഷ്ടപ്പെട്ടു. മാര്‍തോമ്മാ നസ്രാണികളുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് 1923 ഡിസംബര്‍ 21-ാം തീയതി പതിനൊന്നാം പീയൂസ് മാര്‍പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി (പ്രത്യേക ഭരണസംവിധാനം) സ്ഥാപിച്ചുവെങ്കിലും സഭയുടെ പ്രവര്‍ത്തന മേഖല വടക്കു ഭാരതപ്പുഴയ്ക്കും തെക്കു പമ്പാനദിക്കും ഇടയിലായി പരമിതപ്പെടുത്തി. അദ്ധ്വാനശീലരായ മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ പുതിയ ജീവിത മേഖലകള്‍ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിനു പുറത്തേയ്ക്കും ധാരാളമായി കുടിയേറിയിരുന്നു. ഇപ്രകാരം കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമായി കുടിയേറിയവര്‍ക്ക് ആ ഭാഗങ്ങളില്‍ ഇടവകകളോ രൂപതകള്‍തന്നെയോ സ്ഥാപിച്ചു കൊണ്ട് അജപാലന ശുശ്രൂഷ നല്‍കുവാന്‍ സീറോ മലബാര്‍ സഭയ്ക്കു ചുമതലയുണ്ട്.
     
                   ഒരുവ്യക്തിയുടെ വിശ്വാസജീവിതം അവന്‍റെ മാതൃസഭയുടെ വിശ്വാസ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമാണ്. ആ വ്യക്തിസഭയുടെ ആരാധനാക്രമത്തില്‍ നിന്നാണ് അവന്‍റെ വിശ്വാസജീവിതത്തിനാവശ്യമായ ആദ്ധ്യാത്മികത ലഭിക്കുന്നത്. അതിനാല്‍ ഓരോ വ്യക്തിസഭയ്ക്കും ആ സഭയിലെ അംഗങ്ങള്‍ പാര്‍ക്കുന്നിടങ്ങളിലെല്ലാം അജപാലന ശുശ്രൂഷ നല്‍കാന്‍ കടമയുണ്ട്. പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയില്‍ സഭ ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നു: "ലോകമാസകലമുള്ള ഓരോ പ്രത്യേക സഭയേയും സംരക്ഷിക്കാനും വളര്‍ത്താനും  ശ്രദ്ധചെലുത്തേതാണ്. വിശ്വാസികളുടെ ആദ്ധ്യാത്മിക നډയ്ക്കുവേണ്ടി ആവശ്യമാകുന്നിടത്തെല്ലാം ഇടവകകളും അവരുടെ സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം"(പൗരസ്ത്യസഭകള്‍ OE 4).ഓരോ വ്യക്തി സഭയ്ക്കും തന്‍റെ വിശ്വാസ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായി ദൈവവചനം പ്രഘോഷിക്കുന്നതിനും സ്വയം ഭരണാധികാര സംവിധാനങ്ങള്‍ സ്ഥാപിച്ചു വളരുന്നതിനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. ഈ ഉദ്ദേശ്യത്തോടു കൂടി മലബാര്‍ പ്രദേശത്ത് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി 1953-ല്‍ തലശ്ശേരി രൂപത സ്ഥാപിച്ചു. 1955-ല്‍ ചങ്ങനാശ്ശേരി രൂപതയുടെ അതിര്‍ത്തി കന്യാകുമാരിവരെയും തൃശൂര്‍ രൂപതയുടെ അതിര്‍ത്തി കോയമ്പത്തൂര്‍ രൂപതാപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും തലശ്ശേരി രൂപത മൈസൂര്‍, മംഗലാപുരം എന്നീ രൂപതാപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയും വിപുലമാക്കി. 
     
                        ജോലി തേടി ഭാരതത്തിലെ വിവിധ നഗരങ്ങളിലേയ്ക്കും മറ്റു സ്ഥലങ്ങളിലേയ്ക്കും കുടിയേറിയവരുടെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലായിരുന്നു. അതതു സ്ഥലങ്ങ ളിലുള്ള ലത്തീന്‍ രൂപതകളിലെ ഇടവകകളില്‍ പങ്കുചേര്‍ന്ന് അവരും ജീവിച്ചു. അവര്‍ക്ക് പരിചയമില്ലാത്ത ആരാധനാക്രമരീതികളാണ് അവര്‍ പരിശീലിച്ചുപോന്നത്.ഇതിനു പരിഹാരം കണ്ടെത്തുന്നതിന്‍റെ ഭാഗമായി 1988 ഏപ്രില്‍ മുപ്പതിന് മുംബൈ, പൂന, നാസിക് എന്നീ പ്രദേശങ്ങളില്‍ വസിക്കുന്ന മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ക്കുവേണ്ടി കല്യാണ്‍ രൂപതയും ഭാരതത്തിനു വെളിയില്‍ അമേരിക്കയിലെ മാര്‍തോമ്മാക്രിസ്ത്യാനികള്‍ക്കുവേണ്ടി 2001-ല്‍ ചിക്കാഗോ രൂപതയും 2012-ല്‍ ഫരീദാബാദ് രൂപതയും 2014-ല്‍ ഓസ്ട്രേലിയായിലെ മെല്‍ബണ്‍ രൂപതയും സ്ഥാപിതമായി. ഭാരതത്തില്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ ഇന്നും സീറോമലബാര്‍ സഭാവിശ്വാസികള്‍  തങ്ങളുടെ ആരാധനാജീവിതം കിട്ടാതെ വിഷമിക്കുന്നുണ്ട്. അതിനാല്‍ ഭാരതത്തില്‍ ഹൈദരാബാദ്, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിലും ഭാരതത്തിനു വെളിയിലുള്ള വിവിധ രാജ്യങ്ങളിലും അജപാലന ശുശ്രൂഷാസംവിധാനങ്ങളോ ആവശ്യമെങ്കില്‍ സീറോ മലബാര്‍ രൂപതകള്‍ തന്നെയോ സ്ഥാപിക്കപ്പെടേതുണ്ട്.
     

    സഭയുടെ മിഷന്‍ രൂപതകള്‍

     

                    ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അക്രൈസ്തവ സഹോദരങ്ങളുടെ ഇടയില്‍ പ്രേഷിതവേല ചെയ്യുവാന്‍ സീറോ മലബാര്‍ സഭാമക്കള്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം പരിശുദ്ധ പിതാവിനെ നിരന്തരമായി സീറോ മലബാര്‍ സഭാനേതൃത്വം അറിയിച്ചുകൊണ്ടിരുന്നു. അതിന്‍റെ ഫലമായി ചാന്ദാ, ഉജ്ജൈന്‍, സത്ന, സാഗര്‍, ജഗദല്‍പൂര്‍, ബിജ്നോര്‍, രാജ്കോട്ട്, ഗോരഖ്പൂര്‍, തക്കല, അദിലാബാദ് എന്നീ മിഷന്‍ രൂപതകള്‍ സീറോ മലബാര്‍ സഭയ്ക്കു ലഭിച്ചു. എന്നാല്‍ സഭയുടേതായസ്വന്തം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനിയും മിഷന്‍ രൂപതകള്‍ ലഭിക്കേതുണ്ട്.

    പ്രവര്‍ത്തനം1

    സീറോ മലബാര്‍ സഭയുടെ രൂപതകള്‍ ഏതെല്ലാമെന്നു കണ്ടെത്തി എഴുതുക.ആ രൂപതകളെ എങ്ങനെ സഹായിക്കാമെന്നു ചര്‍ച്ച ചെയ്യുക.
     

    പ്രധാന മിഷന്‍ പ്രവര്‍ത്തനശൈലി

     

                       ജീവിതസാക്ഷമാണ് ഓരോ ക്രിസ്ത്യാനിയുടെയും ഒന്നാമത്തെ മിഷന്‍പ്രവര്‍ത്തനം. ആഴത്തില്‍ വേരോടിയ വിവിധ മതപാരമ്പര്യങ്ങള്‍ പിന്‍തുടരുന്ന വിശ്വാസികളുള്ള ഭാരതത്തില്‍ ക്രിസ്ത്യാനികളുടെ സ്നേഹജീവിതമാണ് ഈശോയെ പ്രഘോഷിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗം.
     
                  മതസംവാദമാണ് മറ്റൊരു മാര്‍ഗം. ഭാരതത്തിലെ ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ഇടയില്‍ ഒരു സംവാദജീവിതം ( life of dialogue ) നിലനിന്നിരുന്നു. സംവാദത്തിലൂടെ സഭ മറ്റു മതാനുയായികളുടെ വിശ്വാസ പാരമ്പര്യങ്ങളെ മനസ്സിലാക്കുകയും ക്രൈസ്തവപാരമ്പര്യത്തിന്‍റെ ദൈവാനുഭവത്തില്‍ പങ്കുചേരുവാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. സംവാദത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു പ്രേഷിതന്‍ ചുറ്റുമുള്ള ജനങ്ങളുമായി നല്ല ബന്ധത്തില്‍ ജീവിക്കുകയും എതിരാളികളെപ്പോലും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധനായിരിക്കുകയും വേണം. ക്രൈസ്തവര്‍ മറ്റു മതാനുയായികളോടൊത്തു സമൂഹത്തന്‍റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ നമ്മുടെ വിശ്വാസവും ദൈവാനുഭവവും അവരുമായി പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കണം.
     
                    ഭാരതീയ, സീറോ മലബാര്‍ പാരമ്പര്യങ്ങളില്‍ താപസൃത്തിയ്ക്കും ആശ്രമജീവിതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. അതിനാല്‍ സീറോമലബാര്‍ സഭയിലെ സമര്‍പ്പിതര്‍ മറ്റുള്ളവരില്‍ ഭക്തിതീക്ഷ്ണത ഉണര്‍ത്തുവാന്‍ കഴിയുന്ന സുവിശേഷ പ്രഘോഷകര്‍ കൂടിയായിരിക്കണമെന്ന് സഭ ആഹ്വാനം ചെയ്യുന്നു(സീറോമലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തന മാര്‍ഗരേഖ 8:2-5).
     

    പ്രവര്‍ത്തനം 2

    സീറോമലബാര്‍ സഭയുടെ ഏതെങ്കിലും ഒരു മിഷന്‍ രൂപതയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിക്കുക.
     
                       പോള്‍ ആറാമന്‍ പാപ്പായുടെ 'സുവിശേഷ പ്രഘോഷണം ഇന്ന്' എന്ന പ്രബോധന രേഖയില്‍ വളരെ പ്രാധാന്യത്തോടെ പ്രതിപാദിച്ചിരിക്കുന്ന പ്രാദേശിക ആരാധനാസമൂഹങ്ങള്‍ക്കു രൂപം നല്‍കുന്നതിന് നമ്മുടെ പ്രേഷിതര്‍ ശ്രദ്ധിക്കണം. ദൈവവചനം ശ്രവിക്കുന്നതിനും അതേപ്പറ്റി ധ്യാനിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും സ്നേഹവിരുന്നില്‍ പങ്കുകൊള്ളുന്നതിനും ഈ സമൂഹങ്ങള്‍ ഒന്നിച്ച് കൂടണം (EN 58).
     
                        ഓരോ പ്രദേശത്തിന്‍റെയും സംസ്കാരത്തിന് അനുരൂപമായ പ്രേഷിതപ്രവര്‍ത്തന ശൈലിയാണ് സഭാമക്കള്‍ സ്വീകരിക്കുന്നത്. ഇപ്രകാരം വ്യത്യസ്തങ്ങളായ ശൈലികളിലൂടെ സീറോ മലബാര്‍സഭ തന്‍റെ പ്രേഷിതമുന്നേറ്റം തുടരുന്നു. സഭയുടെ ഈ പ്രേഷിത മുന്നേറ്റത്തെക്കുറിച്ച് അഭിമാനിക്കുകയും നമ്മാലാവും വിധം അതില്‍ സഹകരിക്കുകയും ചെയ്യാം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    1 കോറി. 3:5-9
     

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    "ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്‍റെ വയലും വീടും" (1 കോറി. 3.9).
     

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ ദൈവമേ, അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം എന്നു പറഞ്ഞ തോമ്മാ ശ്ലീഹായെപ്പോലെ വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ ഞങ്ങളെയും ശക്തരാക്കണമേ.
     

     

    എന്‍റെ തീരുമാനം

    എന്‍റെ ഇടവകയിലെ മിഷന്‍ ഞായര്‍ ആചരണത്തില്‍ പ്രാര്‍ത്ഥന, പരിത്യാഗം, സംഭാവന എന്നിവയിലൂടെ ഞാന്‍ സജീവമായി സഹകരിക്കും.
     

     

    സഭയോടൊത്തു ചിന്തിക്കാം

    പ്രാദേശികസഭകള്‍ സാര്‍വത്രികസഭയെ പ്രതിനിധാനം ചെയ്യുവാന്‍ കടപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കാതെ ഓരോ ഭൂപ്രദേശത്ത് തങ്ങളോടൊത്ത് സഹവസിക്കുന്നവരുടെ പക്കലേയ്ക്ക് തങ്ങള്‍
    അയയ്ക്കപ്പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ശരിക്കു മനസ്സിലാക്കണം
    സമൂഹം മുഴുവന്‍റേയും ഓരോ വ്യക്തിയുടേയും ജീവിതസാക്ഷ്യം വഴി
    ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുന്ന ഒരടയാളമായിരിക്കണം ഈ പ്രാദേശികസഭ (AG  20).
     

    സീറോമലബാര്‍ സഭയുടെ രൂപതകളും അവയുടെ വൈദികമേലദ്ധ്യക്ഷډാരുടെ പേരുകളും കാണിക്കുന്ന ചാര്‍ട്ട് തയ്യാറാക്കുക.

    ഹൃദയം ദീപ്തമാക്കാം

    മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണഫലമായി രൂപപ്പെട്ട ക്രൈസ്തവ സഭ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്ന പേരില്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചു വളര്‍ന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസാധിഷ്ഠിതമായ ജീവിതംകൊണ്ട് പ്രേഷിതരായിരുന്നു. 1923 ഡിസംബര്‍ 21 ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. അതിനുശേഷം സീറോമലബാര്‍സഭയ്ക്ക് ധാരാളം രൂപതകളും അതിരൂപതകളും ഉണ്ടായി.