പാഠം 7
പ്രേഷിതപ്രവര്‍ത്തന മാര്‍ഗങ്ങള്‍
-
ഈശോയുടെ പ്രേഷിതവേലയെക്കുറിച്ച് സുവിശേഷകക്കാര്‍ ഇപ്രകാരം വിവരിക്കുന്നു:" അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേയ്ക്ക് പോയി . അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപെട്ടു. കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു : എല്ലാവരും നിന്നെ അന്വേഷിക്കുന്നു . അവന്‍ പറഞ്ഞു : നമുക്ക് അടുത്ത പട്ടണത്തിലേയ്ക്കു പോകാം . അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണ് ഞാന് വന്നിരിക്കുന്നത്" (മര്‍ക്കൊ. 1:35 38). ڇഅവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു (മത്താ . 4:23)
സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനവും മാതൃകയും ഈശോയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. പിതാവിനോടുള്ള ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനയിലൂടെയാണ് ഇശോ തന്‍റെ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം അവശ്യമായ ശക്തി നേടിയിരുന്നത്. പ്രഭാതം മുതല്‍ പ്രദോഷംവരെ അവിടുന്നു സുവിശേഷം പ്രസംഗിച്ചു. എല്ലാവര്‍ക്കും നډചെയ്തുകൊണ്ട് അവന്‍ കടന്നുപോയി . അവിടുത്തെ പീഡാനുഭവവും കുരിശുമരണവും അവിടുത്തെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെയെല്ലാം പൂര്‍ത്തീകരണമായിരുന്നു.സുവിശേഷപ്രഘോഷണത്തിലൂടെ ദൈവരാജ്യം ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെ വ്യാപിപ്പിക്കുകയാണ് സഭയുടെ പ്രേഷിതപ്രവര്‍ത്തങ്ങളുടെ ലക്ഷ്യം. എല്ലാവരും രക്ഷപ്രാപിക്കണമെന്നും സത്യം അറിയണമെന്നുമുള്ള ദൈവത്തിന്‍റെ ഇഷ്ടമാണ് പ്രേഷിതപ്രവര്‍ത്തനത്തിനടിസ്ഥാനം (AG 7) . പ്രാര്‍ത്ഥന, പ്രഘോഷണം, സേവനം, സഹനം എന്നീ മാര്‍ങ്ങളിലൂടെയെല്ലാം അനേകരെ ഈശോയിലേക്കടുപ്പിച്ച വിശുദ്ധാത്മാക്കളുടെ മാതൃക സഭാമക്കളെ കൂടുതല്‍ പ്രചോദിതരാക്കുന്നു.പ്രാര്‍ത്ഥനയുടെ പ്രേഷിതത്വം
സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രാര്‍ത്ഥനയിലൂടെയുള്ള പ്രേഷിതത്വം. മദ്ധ്യസ്ഥപ്രാര്‍ത്ഥന വഴി അനേകരെ മാനസാന്തരത്തിലേയ്ക്കും ആത്മശക്തിയിലേയ്ക്കും നയിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് ഈ ശുശ്രൂഷ ചെയ്യാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവരെ ശക്തിപ്പെടുത്തിയ ഈശോയുടെ മാതൃക അനുസരിച്ച് ആദിമസഭയും വചനം പ്രഘോഷിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പരസ്യമായി വചനം പ്രഘോഷിക്കാന്‍ തടസം നേരിട്ടപ്പോഴും , വചനം പ്രഘോഷിച്ചതിന്‍റെ പേരില്‍ ശ്ലീഹന്മാരും ശിഷ്യരും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും സഭമുഴുവന്‍ പ്രാര്ത്ഥനയിലാണ് അഭയം തേടിയത് (അപ്പ.4:23 31).ഏതു സാഹചര്യത്തിലും പ്രാര്‍ത്ഥനയുടെ പ്രേഷിതപ്രവര്‍ത്തനം ചെയ്യുവാന്‍ നമുക്കു സാധിക്കും. ഇക്കാര്യത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യ എന്നും നമുക്കു മാതൃകയാണ്.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫ്രാന്‍സീനി എന്ന കുറ്റവാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് അയാള്‍ മരിക്കുന്നതിനു മുമ്പ് അനുതപിച്ച് ആത്മരക്ഷനേടാന്‍ അവള്‍ സഹായിച്ചു. ദൈവത്തെ ഏറ്റവും അടുത്തറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന സംഭാഷണ ശൈലിയിലായിരുന്നു അവളുടെ പ്രാര്‍ത്ഥന. നിസ്സാര പാപംപോലും ചെയ്ത് ദൈവവുമായിട്ടുള്ള ഐക്യവും സൗഹൃദവും നഷ്ടപ്പെടാതിരിക്കാന്‍ കൊച്ചുത്രേസ്യാ എന്നും ശ്രദ്ധിച്ചു. വേദനകളെല്ലാം സന്തോഷപൂര്‍വം പ്രേഷിതര്‍ക്കായി അവള്‍ സമര്‍പ്പിച്ചു. ലോകം മുഴുവന്‍ സുവിശേഷ സന്ദേശം എത്തിക്കാന്‍ കൊതിച്ച അവള്‍ രോഗശയ്യയില്‍ കിടന്നുകൊണ്ട് ലോകത്തിന്‍റെ മുഴുവന്‍ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ആഗോള മിഷനറിയാകാന്‍ ആഗ്രച്ച കൊച്ചുത്രേസ്യ 1927 ല്‍ അഖിലലോകത്തിന്‍റെ മദ്ധ്യസ്ഥയായി ഉയര്‍ത്തി. ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പമിഷന്‍ലീഗിന്‍റെ സ്വര്‍ഗീയമദ്ധ്യസ്ഥയും വിശുദ്ധ കൊച്ചുത്രേസ്യയാണ്. 1997 ഒക്ടോബര്‍ 19 ന് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വി. കൊച്ചുത്രേസ്യയെ സഭയുടെ വേദപാരാംഗതയായി പ്രഖ്യാപിച്ചു.പ്രാര്‍ത്ഥന ജീവിതകേന്ദ്രമാക്കിയ മറ്റൊരു സന്യാസിനിയാണ് കര്‍മ്മലീത്താ സമൂഹാംഗമായിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ. രാവും പകലും പള്ളിയിലിരുന്നു പ്രാര്‍ത്ഥിക്കുകയും ജപമാലയര്‍പ്പിക്കുകയും ചെയ്തിരുന്ന എവുപ്രാസ്യാമ്മയെ പ്രാര്‍ത്ഥിക്കുന്ന അമ്മ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത് . പ്രാര്‍ത്ഥനയായിരുന്ന ഈ ആത്മാവിന്‍റെ പ്രധാന ഭക്ഷണം. ജോലികളിലേര്‍പ്പെടുമ്പോഴും ഈ പ്രാര്‍ത്ഥനാചൈതന്യത്തിനു തടസ്സമുണ്ടായിരുന്നില്ല. ധ്യാനവും പ്രാര്‍ത്ഥനയും ആദ്ധ്യാത്മികജീവിതത്തെ എത്രമാത്രം പുഷ്ടിപ്പെടുത്തും എന്നതിനു സാക്ഷ്യമാണ് എവുപ്രാസ്യാമ്മയുടെ ജീവിതം . 1950 ആഗസ്റ്റ് 29 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഈ സുകൃതിനിയെ 2006 ഡിസംബര്‍ 3-ാം തീയതി ബനഡിക്ക് 16-ാ മന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളെന്നു പ്രഖ്യാപിച്ചു.പ്രഘോഷണം വഴിയായുള്ള പ്രേഷിതത്വം
സുവിശേഷ പ്രഘോഷണം ഏറ്റം മഹത്തായ പ്രേഷിത പ്രവര്‍ത്തനമാണ്. കാരണം ഈശോയെ അറിയുവാനും ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ മനസ്സിലാക്കുവാനും പ്രഘോഷണം വഴിയാണു സാധിക്കുന്നത്. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ : കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും ? പ്രസംഗിക്കാതെ എങ്ങനെ കേള്‍ക്കും ? ڇസുവിശേഷ പ്രഘോഷണം യഥാര്‍ത്ഥത്തില്‍ സഭയുടെ ദൈവവിളിയും കടമയുമാണ് ڈ(ഋച 14).ശ്ലീഹډാരെല്ലാവരും ശക്തരായ വചനപ്രഘോഷകരായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ തുടങ്ങി ഒട്ടേറെ വിശുദ്ധര്‍ വചനപ്രഘോഷണത്തിലൂടെ ഈശോയ്ക്കു സാക്ഷ്യം വഹിച്ചു.വചനപ്രഘോഷണം എത്രമാത്രം പ്രവര്‍ത്തികളില്‍ അധിഷ്ഠിതമാക്കാമെന്നു ലോകത്തിനു കാണിച്ചുതന്നവരാണ് വിശുദ്ധചാവറ കുര്യാക്കോസ് ഏലിയാസച്ചനും, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും.തന്‍റെ ഗുരുഭൂതരായ ബഹുമാനപ്പെട്ട പോരൂക്കരയച്ചനോടും പാലയ്ക്കല്‍ മല്പാനച്ചനോടും ചേര്‍ന്ന് മെത്രാന്‍റെ അനുമതിയോടെ സഭാനവീകരണത്തിനു വേണ്ടി ചാവറയച്ചന്‍ സന്യാസസമൂഹങ്ങള്‍ക്ക് രൂപം നല്‍ക്കി. മനുഷ്യന്‍റെ സമഗ്ര വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസം അത്യാവശ്യമാണെന്നു മനസിലാക്കിയ അദ്ദേഹം സുറിയാനിക്കാരുടെ വികാരിജനറാള്‍ എന്ന തന്‍റെ അധികാരമുപയോഗിച്ച് പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് കല്പനയിട്ടു.കുടുംബങ്ങളില്‍ ക്രിസ്തീയ സന്ദേശമെത്തിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നറിഞ്ഞ അദ്ദേഹത്തിന്‍റെ ശ്രദ്ധ മുദ്രാലയപ്രഷിതത്വത്തിലേക്കും തിരിഞ്ഞു. 1844-ല്‍ മാന്നാനത്ത് പ്രസ്സ് ആരംഭിച്ചു. കൈനകരിയില്‍ അദ്ദഹം ആരംഭിച്ച അനാഥാലയം സാധുസംരക്ഷണ രംഗത്തെ ആദ്യസംരംഭമാണ്. ഇടവകകളില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തിയും ദിവ്യബലിയില്‍ സുവിശേഷവായനതുടര്‍ന്ന് അതിന്‍റെ സന്ദേശം നല്‍കിയും വചനം പ്രഘോഷിച്ചു. ഇങ്ങനെ സുവിശേഷപ്രഘോഷണത്തിനു വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ ആ കര്‍മ്മയോഗി 1871 ജനുവരി 3-ന് സ്വര്‍ഗം പൂകി. 1986 ഫെബ്രുവരി 8-ന് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2017 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.പ്രവര്‍ത്തനം 1ആധുനിക ലോകത്തില്‍ ഒരു അല്മായന് ഏതെല്ലാം വിധത്തില്‍ വചനപ്രഘോണം നടത്താം എന്നു ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടു തയ്യാറാക്കുക.സമൂഹത്തിലെ അവഗണിക്കപ്പെട്ടവരായിരുന്ന ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു ഇടവകവൈദികനായിരുന്നു തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍. അയ്യായിരത്തിലധികം ദളിതരെ അദ്ദേഹം മാമ്മോദീസാ മുക്കി സഭാംഗങ്ങളാക്കി മാറ്റി. څ എന്‍റെ കുഞ്ഞുങ്ങള്‍ چ എന്നാണ് അദ്ദേഹം അവരെ വിളിച്ചിരുന്നത്. 1973 ഒക്ടോബര്‍ 16-ന് സ്വര്‍ഗീയസമ്മാനത്തിനായി വിളിക്കപ്പെട്ട അദ്ദേഹത്തെ പരിശുദ്ധ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2006 ഏപ്രില്‍ 30 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.സേവനത്തിന്‍റെ പ്രേഷിതത്വം
നിസ്വാര്‍ത്ഥ സേവനത്തിലൂടെ ലോകത്തില്‍ മിശിഹായ്ക്കു സാക്ഷ്യം വഹിച്ച ഒട്ടേറെ മഹാത്മാക്കളുണ്ട്. എല്ലാവര്‍ക്കും നډചെയ്തുകൊണ്ടു ചുറ്റി സഞ്ചരിച്ച ഈശോയെ അവര്‍ തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് അനുഭവവേദ്യമാക്കിക്കൊടുക്കുന്നു. څഅഗതികളുടെ അമ്മ എന്ന അപരനാമത്താല്‍ അിറയപ്പെടുന്ന കല്‍ക്കത്തായിലെ വിശുദ്ധ മദര്‍ തെരേസ സേവനത്തിന്‍റെ പ്രേഷിതത്വത്തിന് ഉത്തമ ഉദാഹരണമാണ്. "നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ഒരേയൊരു കല്പനയില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു" (ഗലാ.5:14) . എന്ന തിരുവചനത്തിന്‍റെ സാരാംശം വി.മദര്‍ തെരേസ നന്നായി മനസിലാക്കി. ആവശ്യത്തിലിരിക്കുന്ന ഏതൊരുവനേയും തന്‍റെ അയല്‍ക്കാരനായി മദര്‍ കണ്ടു. കല്‍ക്കത്തായിലെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധരേയും അനാഥശിശുകളെയും മരണാസന്നരേയും എന്നല്ല ദുഃഖിതരും പീഡിതരുമായ എല്ലാവരേയും അവള്‍ ശുശ്രൂഷിച്ചു. പാവപ്പെട്ടവരുടെ രോഗം, പട്ടിണി, ദാരിദ്ര്യം എന്നിവ അകറ്റുവാന്‍ തന്നാലാകുന്നതെല്ലാം ചെയ്യാന്‍ അവര്‍ ശ്രദ്ധിച്ചു. ചൂഷിതരിലും ദാരിദ്ര്യം അനുഭവിക്കുന്നവരിലും ഈശോയെ ദര്‍ശിച്ചു. അവരെ സംരക്ഷിക്കാനായി പ്രത്യേക സന്യാസസമൂഹത്തിനു രൂപം കൊടുത്തു.ഹൃദയം ദൈവസ്നേഹം കൊണ്ട് നിറയുമ്പോള്‍ ആ സ്നേഹം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേക്ക് പകരാനുള്ള തീക്ഷ്ണമായ ആഗ്രഹം വ്യക്തികള്‍ക്ക് അനുഭവപ്പെടും. ഹൃദയങ്ങളില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കൈത്തിരിതെളിയിച്ച വി.മദര്‍തെരേസ പറയുന്നു: "സ്വയം വേദനിക്കുന്നതുവരെ സ്നേഹിച്ചുകൊണ്ടേയിരിക്കണം. അവര്‍ക്കായി സ്വയം നല്‍കിക്കൊണ്ടിരിക്കണം. സാധാരണസംഗതികള്‍ അസാധാരണ സ്നേഹത്തോടെ ഈശോചെയ്തു. ഇതാണ് എന്‍റെ പ്രേഷിത ദൗത്യം" എന്താണ് പ്രേഷിതപ്രവര്‍ത്തനമെന്നത് മദര്‍ സ്വജീവിതത്തിലൂടെ ലോകത്തെ നന്നായി പഠിപ്പിച്ചു. ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തതെന്നരുളിചെയ്ത ഈശോ(മത്താ.25:40). മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ലോകത്തില്‍ വച്ചുതന്നെ അംഗീകാരം നല്‍കി. ഉപവിയുടെ പ്രവാചികയെന്ന് ലോകം അവരെ വിളിച്ചു.നോബല്‍ സമ്മാനം നല്‍കി ബഹുമാനിച്ചു.2003 ഒക്ടോബര്‍ 19 ന് വാഴ്ത്തപ്പെട്ടതായും , 2016 സെപ്റ്റംബര്‍ 5 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു.സഹനത്തിന്‍റെ പ്രേഷിതത്വം
സഹനത്തെ തിന്മയായി കണ്ടിരുന്ന ലോകത്തിന് സഹനത്തിന്‍റെ രക്ഷാകരമായ മൂല്യം ഈശോ വെളിപ്പെടുത്തിത്തന്നു.സ്വന്തം ജീവിതത്തിലെ വേദനകളെ പിതാവിന്‍റെ ഹിതമായി സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരുടെ വേദനകളെ ദൂരീകരിക്കാന്‍ അവിടുന്ന് ശ്രമിച്ചു. കുരിശിലൂടെ സഹനത്തിന്‍റെ രക്ഷാകരമായ അര്‍ത്ഥം അവിടുന്നു തെളിയിച്ചു.സഹനംവഴി ഈശോ ലോകത്തിന്‍റെ രക്ഷ സാധിച്ചു.മണ്ണില്‍ വീണഴിയുന്ന ഗോതമ്പുമണി ധാരാളം ഫലം പുറപ്പെടുവിക്കുന്നതുപോലെ സഹനത്തിലൂടെ ധാരാളം ആത്മീയ ഫലങ്ങള്‍ ഉളവാക്കുന്നു.തങ്ങളുടെ ക്ലേശങ്ങളും സഹനങ്ങളും രക്ഷകന്‍റെ സഹനങ്ങളോടു ചേര്‍ത്തുവച്ച് രക്ഷാകരമാക്കിയ അനേകം വിശുദ്ധാത്മാക്കള്‍ സഭയിലുണ്ട്. വിശുദ്ധ അല്ഫോന്സാമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയും അവരിലുള്‍പ്പെടുന്നു.ഹോളിഫാമിലി സഭാസമൂഹത്തിന്‍റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ ജീവിതവും സഹനത്തിന്‍റെ രക്ഷാകരമൂല്യം മനസ്സിലാക്കിക്കൊണ്ടുള്ളതായിരുന്നു .ഈശോയൊടൊപ്പം ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവാനുമായി വിളിക്കപ്പെട്ടവളാണ് താന്‍ എന്ന ചിന്ത എപ്പോഴും അവളെ ഭരിച്ചിരുന്നു. തന്‍റെതന്നെ പ്രായശ്ചിത്ത പ്രവൃത്തികളുടെ ഫലമായും രോഗം മൂലവും ഉണ്ടായ മുറിവുകള്‍ ആജീവനാന്തം അവള്‍ സന്തോഷത്തോടെ സ്വീകരിച്ചു. പാപികളുടെ മാനസാന്തരത്തിനുവേണ്ടി നിരവധിയായ ത്യാഗപ്രവര്‍ത്തികള്‍ ചെയ്യാനും തന്‍റെ സഹനങ്ങള്‍ കാഴ്ച്ചവെയ്ക്കാനും അവള്‍ ശ്രദ്ധിച്ചിരുന്നു.1926 ജൂണ്‍ 8-ന് സ്വര്‍ഗീയ സമ്മാനത്തിനായി അവള്‍ വിളിക്കപ്പെട്ടു. പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000 ഏപ്രില്‍ ഒന്‍പതിന് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.സഹനജീവിതത്തിലൂടെ പ്രേഷിത ശുശ്രൂഷ പൂര്‍ത്തിയാക്കിയവളാണ് വിശുദ്ധ അല്‍ഫോണ്‍സാമ്മ. വ്രതവാഗ്ദാനം നടത്തിയനാള്‍ മുതല്‍ പലവിധരോഗങ്ങള്‍ മൂലം അവള്‍ പീഡിതയായിരുന്നു.ഭരണങ്ങാനം മഠത്തില്‍ ശയ്യാവലംബിയായി കഴിയേണ്ടി വന്നപ്പോഴും മനം മടുക്കാതെ തന്‍റെ സഹനങ്ങളെ ഈശോയുടെ കുരിശോടു ചേര്‍ത്തുവച്ചുകൊണ്ട് അനേകം ആത്മാക്കളെ ദിവ്യനാഥനായി അവള്‍ നേടി. രോഗാവസ്ഥയില്‍ അല്‍ഫോന്‍സാമ്മയ്ക്ക് ആത്മധൈര്യം പകര്‍ന്ന് ക്രൂശിതനെക്കുറിച്ചുള്ള ചിന്തകളാണ് "യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും"( തിമോ.3:12). എന്ന വിശുദ്ധ പൗലോസിന്‍റെ വാക്കുകള്‍ അവളെ ശക്തിപ്പെടുത്തി. ക്ലേശിക്കാതെ സുഖമോ, അദ്ധ്വാനിക്കാതെ ഫലമോ ലഭിക്കില്ലെന്നും ഏറെ ക്ലേശിക്കുന്നവര്‍ക്കേ ശ്രേഷ്ഠതയുള്ളതു സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും അവള്‍ ഗ്രഹിച്ചു. 1946 ജൂലൈ 28-ന് 36-ാം വയസ്സില്‍ നിത്യസമ്മാനത്തിനായി അല്‍ഫോന്‍സാ വിളിക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986 ഫെബ്രുവരി 8-ന് അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബര്‍ 12-ന് ബെനഡിക്ട് 16-മന്‍ മാര്‍പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.പ്രേഷിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും പ്രേഷിതപ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ചെറിയ ത്യാഗങ്ങള്‍ കാഴ്ചവച്ചുകൊണ്ടും സഭയുടെ പ്രേഷിത ദൗത്യത്തില്‍ നമുക്കും പങ്കുചേരാന്‍ സാധിക്കും. അവസരം കിട്ടുമ്പോഴൊക്കെ ഈശോയെക്കുറിച്ചു പറഞ്ഞുകൊണ്ടും സാധിക്കുന്ന സേവനങ്ങള്‍ ഇടവകസമൂഹത്തിലും പ്രവര്‍ത്തനരംഗങ്ങളിലും പ്രവര്‍ത്തനരംഗങ്ങളിലും ചെയ്തുകൊണ്ടും പ്രേഷിതസഭയുടെ കടമകള്‍ നമുക്കു നിറവേറ്റാം.ദൈവവചനം വായിക്കാം ; ധ്യാനിക്കാം
മത്താ.18:15ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം
"നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും"(മത്താ.6:33 ).നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ ഈശോയേ, പ്രാര്‍ത്ഥന, സഹനം, സേവനം, സുവിശേഷപ്രഘോഷണം എന്നിവ വഴി സുവിശേഷത്തിനു സാക്ഷ്യംവഹിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.എന്‍റെ തീരുമാനം
ഞാന്‍ എല്ലാകാര്യത്തിലും ആത്മാര്‍ത്ഥതയും വിശ്വസ്തതയും പുലര്‍ത്തി ഈശോയ്ക്കു സാക്ഷ്യംവഹിക്കും.സഭയോടൊത്തു ചിന്തിക്കാം
"സ്വര്‍ഗീയഭവനത്തില്‍ സ്വീകരിക്കപ്പെട്ട് കര്‍ത്താവിന്‍റെ സമീപം സ്ഥിതിചെയ്യുന്ന വിശുദ്ധര്‍ ക്രിസ്തുവിലൂടെയും ക്രിസ്തുവിനോടുകൂടിയും പിതാവിന്‍റെ പക്കല്‍ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതില്‍നിന്നു വിരമിക്കുന്നില്ല. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലേക്കുള്ള ഏകമദ്ധ്യസ്ഥനായ ക്രിസ്തുവഴി അവര്‍ ഭൂമിയില്‍ നേടിയ യോഗ്യത പിതാവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.ഇവിടെ അവര്‍ എല്ലാറ്റിലും ദൈവത്തിനു സേവനം ചെയ്തു. ക്രിസ്തുവിന്‍റെ സഹനത്തിന്‍റെ കുറവുള്ളതു സഭയാകുന്ന അവിടുത്തെ ശരീരത്തിനുവേണ്ടി അവരുടെ ശരീരത്തില്‍ പൂര്‍ത്തിയാക്കി"(തിരുസഭ LG 49).ഉത്തരം കണ്ടെത്താം
പാഠത്തില്‍ പറഞ്ഞിരിക്കുന്ന നാലുമാര്‍ഗങ്ങളിലൂടെ വിശുദ്ധരായ മറ്റു വിശുദ്ധരുടെ പേരുകള്‍ ശേഖരിക്കുക.
ഹൃദയം ദീപ്തമാക്കാം
സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ ദൈവരാജ്യം സ്ഥാപിക്കുക എന്നതാണ്. പ്രാര്‍ത്ഥന, പ്രഘോഷണം, സേവനം, സഹനം എന്നീ മാര്‍ഗങ്ങളിലൂടെയാണ് സഭ പ്രധാനമായും തന്‍റെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നത്. ഓരോ മാര്‍ഗത്തിലൂടെയും വിശുദ്ധരായ അനേകം മാതൃകകള്‍ സഭയിലുണ്ട്. വിശുദ്ധ കൊച്ചുത്രേസ്യായും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയും പ്രാര്‍ത്ഥനയുടെ പ്രേഷിതരായും വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യക്കോസ് ഏലിയാസച്ചനും തേവര്‍പറമ്പില്‍ കുഞ്ഞച്ചനും പ്രഘോഷണത്തിന്‍റെ പ്രേഷിതരായും വാഴ്ത്തപ്പട്ട മദര്‍തെരേസ സേവനത്തിന്‍റെ പ്രേഷിതയായും വിശുദ്ധ അല്ഫോന്സാമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായും സഹനത്തിന്‍റെ പ്രേഷിതരായും അറിയപ്പെടുന്നു.