•  
     
          ആടുകളെ മേയ്ച്ചുനടന്ന മോശ ഹോറെബില്‍ എത്തി. അവിടെ ഒരു മുള്‍പ്പടര്‍പ്പിന്‍റെ മധ്യത്തില്‍നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റു നോക്കി. മുള്‍പ്പടര്‍പ്പു കത്തി ജ്വലിക്കുകയായിരുന്നു. എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല. അപ്പോള്‍ മോശ ആ ദൃശ്യം കാണുവാനായി അടുത്തേയ്ക്കു ചെന്നു. മുള്‍പ്പടര്‍പ്പിന്‍റെ മധ്യത്തില്‍ നിന്നും ദൈവം അവനെ വിളിച്ചു: മോശേ, മോശേ അവന്‍ വിളികേട്ടു. അവിടുന്നരുളിച്ചെയ്തു:  " അടുത്തു വരരുത്. നിന്‍റെ ചെരുപ്പ് അഴിച്ചു മാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്  " (പുറ 3:1-5).
     
                  ദൈവം പരിശുദ്ധനാണ്. ദൈവത്തിന്‍റെ പരിശുദ്ധിയെക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ പല സ്ഥലങ്ങളിലും കാണാം. ദൈവം പരിശുദ്ധനാകയാല്‍ അവിടുത്തെ മക്കളായ നമ്മളും പരിശുദ്ധരായി ജീവിക്കാന്‍ കടപ്പെട്ടിരിക്കുന്നു. "ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു... നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്നു നിങ്ങളെ ആനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്" (ലേവ്യര്‍11:44-45). ദൈവത്തിന്‍റെ സ്വന്തജനമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ജനത്തിനു ദൈവം നല്‍കിയ ആഹ്വാനമാണിത്.
     

    പ്രവര്‍ത്തനം 1

    നിങ്ങള്‍ക്കിഷ്ടമുള്ള വിശുദ്ധന്‍റെ/വിശുദ്ധയുടെ ജീവിതചരിത്രം വായിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
     
                   മാമ്മോദീസായിലൂടെ ദൈവജനമായിത്തീര്‍ന്ന സഭാമക്കള്‍ക്കും വിശുദ്ധിയിലേയ്ക്കുള്ള ആഹ്വാനം തന്നെയാണു ലഭിച്ചിരിക്കുന്നത്. വി.പൗലോസിന്‍റെ വീക്ഷണത്തില്‍ ക്രൈസ്തവരെല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണ്. കോറിന്തോസിലെ സഭാസമൂഹത്തെ അദ്ദേഹം അഭിസംബോധനചെയ്യുന്നത് ഈശോമിശിഹായില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും എന്നാണ് (1 കോറി. 1:2; റോമ 1:7, എഫേ.2:19). ജ്ഞാനസ്നാനം സ്വീകരിച്ച് സഭയുടെ അംഗങ്ങളായി തീര്‍ന്ന എല്ലാവരും വിശുദ്ധരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരുമാണ്. അതിനാല്‍ വിശ്വാസികളുടെ സമൂഹമായ സഭ വിശുദ്ധയും വിശുദ്ധിലേയ്ക്കു വിളിക്കപ്പെട്ടവളുമാണ്.
     

    വിശുദ്ധിയുടെ ഉറവിടവും സ്വഭാവവും

     

                പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. ദൈവം പരിശുദ്ധനും പരിശുദ്ധിയുടെ ഉറവിടവുമാണ്. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവനും അവിടുത്തെ പരിശുദ്ധിയില്‍ പങ്കുചേര്‍ക്കപ്പെടുന്നു. ദൈവം സ്നേഹമാണെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നു. (1യോഹ.4:8). ദൈവം സ്നേഹത്തിന്‍റെ പൂര്‍ണതയായതിനാലാണ് അവിടുന്നു പരിശുദ്ധനായിരിക്കുന്നത്. സ്നേഹം തന്നെയായ ദൈവം, മക്കളായ നമ്മളും അവിടുത്തെപ്പോലെ പരിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ മനുഷ്യരെല്ലാവരും ദൈവത്തേയും സഹോദരങ്ങളേയും സ്നേഹിച്ചുകൊണ്ട് ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും പൂര്‍ണതയായ വിശുദ്ധിയിലേയ്ക്കു വളരണം.
     
             പരമപരിശുദ്ധനായ ദൈവത്തിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ മനുഷ്യന്‍ തന്നിലെ തിډകളും കുറവുകളും തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് അവനില്‍ രക്ഷാകരമായ ദൈവഭയം ഉളവാക്കുന്നു. പാപത്തില്‍ നിന്നകന്ന് ദൈവത്തില്‍ സര്‍വ ആശ്രയവും കണ്ടെത്താനും വിശുദ്ധി പ്രാപിക്കാനും ഈ ദൈവഭയം മനുഷ്യനെ പ്രേരിപ്പിക്കുന്നു. കത്തുന്ന മുള്‍പ്പടര്‍പ്പിനെ സമീപിച്ച മോശയ്ക്കും(പുറ. 3: 1-3), ദൈവമഹത്വം ദര്‍ശിച്ച ഏശയ്യായ്ക്കും (ഏശ.6:1-7) ഈ അനുഭവമാണ് കൈവന്നത്. അതിനാല്‍ ദൈവത്തിന്‍റെ പരിശുദ്ധിയുടെ
    മുന്‍പില്‍ മനുഷ്യന്‍ വിനീതനും അനുതാപാര്‍ദ്രനുമാകണം.
             
                  സ്നേഹത്തിന്‍റെ ഉദാത്ത ഭാവമാണ് കരുണ. ദൈവത്തിന്‍റെ പരിശുദ്ധിയുടെ  ഏറ്റവും വലിയ ഗുണവിശേഷമാണ് അവിടുത്തെകരുണ. മനുഷ്യന്‍റെ നډയോ തിډയോ പരിഗണിക്കാതെ അവനില്‍ അനുഗ്രഹം ചൊരിയുന്നവനും, ദുഷ്ടന്‍റെയും ശിഷ്ടന്‍റെയും മേല്‍ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും മഴപെയ്യിക്കുകയും ചെയ്യുന്നവനുമാണ് ദൈവം. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും കരുണവര്‍ഷിക്കുന്ന ദൈവം (ലൂക്കാ 1:50), അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവന്‍റെ സന്തതി പരമ്പരകളോടും കാണിച്ച കാരുണ്യം അനര്‍ഗളമായി ഓരോ പാപിയുടെമേലും ഇന്നും ഒഴുകുന്നു (ഏശ. 54:7;ലൂക്കാ.15:1-2,11-24).
     

    ഈശോയോടുകൂടിയായിരിക്കുക

     

              ദൈവത്തിന്‍റെ വിശുദ്ധി നമുക്ക് ഏറ്റവും അനുഭവവേദ്യമായത് ഈശോയിലാണ്. ഈശോയോടുകൂടിയായിരിക്കുക എന്നതാണ് വിശുദ്ധി നേടാനുള്ള ഒന്നാമത്തെ മാര്‍ഗം. വിശുദ്ധമായതിനോടു ചേര്‍ന്നുനില്‍ക്കുമ്പോഴാണല്ലോ നമ്മളും വിശുദ്ധരാകുന്നത്. മുന്തിരിച്ചെടിയില്‍ നില്‍കുന്ന ശാഖ കരുത്താര്‍ജിച്ചു വളര്‍ന്ന് ധാരാളം ഫലം പുറപ്പെടുവിക്കുന്നതുപോലെ (യോഹ.1 5 : 4 ) ഈശോയോടു ചേര്‍ന്നുനില്‍ക്കുന്നവന്‍റെ ജീവിതവും വിശുദ്ധിയുടെ ഫലമണിയുന്നു. 
     
               ഈശോയോടു ചേര്‍ന്നുനില്‍ക്കുന്നവരില്‍ ഈ സജീവത്വം എപ്പോഴും പ്രകടമാകും. അവര്‍ ഇടവകപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരും, അനുദിനബലിയര്‍പ്പണത്തിലും കൗദാശികജീവിതത്തിലും തല്പരരായിരിക്കും, കൂട്ടായ്മകളില്‍ സര്‍വാത്മനാ സഹകരിക്കും; അനുദിനം കുടുംബപ്രാര്‍ത്ഥനകള്‍ ചൊല്ലും, വീട്ടുകാരെയും കൂട്ടുകാരെയും സഹായിക്കും; മറ്റുള്ളവരുടെ ആവശ്യങ്ങളിലും സുഖദുഃഖങ്ങളിലും പങ്കുചേരും. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ജോലിചെയ്യുമ്പോഴുമെല്ലാം ഈശോയോടുകൂടിയാണെന്നബോധ്യമായിരുന്നു വിശുദ്ധരെ വിശുദ്ധിയില്‍ വളരാന്‍ സഹായിച്ചത്.തിരുവചനത്തിലൂടെയും കൂദാശകളിലൂടെയും വചനാനുസൃതമായ സുകൃതജീവിതത്തിലൂടെയുമാണ് ഈശോയോടു ചേര്‍ന്നിരിക്കാന്‍ഇന്നു നമുക്കു സാധിക്കുന്നത്.
     
    പ്രവര്‍ത്തനം 2
    വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെ ഞാന്‍ വിശുദ്ധിയില്‍വളരുകയാണ് ചര്‍ച്ചചെയ്ത് ആശയം വിശദമാക്കുക.
     

    സ്നേഹം വിശുദ്ധിയുടെ അളവുകോല്‍

     

                   ഈശോയോടുകൂടിയായിരിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അവിടുത്തെ കല്പനകള്‍ പാലിക്കുക എന്നതാണ്. അവിടുത്തെ കല്പനയാകട്ടെ സ്നേഹിക്കുക എന്നതും. അതിനാല്‍ വിശുദ്ധിയില്‍ വളരാന്‍ നാം സ്നേഹം അഭ്യസിക്കണം. സ്നേഹമാണ് ഒരു വ്യക്തിയിലെ വിശുദ്ധിയുടെ തോതളക്കുന്നത്. പരിപൂര്‍ണതയുടെ ബന്ധവും പ്രമാണങ്ങളുടെ പൂര്‍ത്തീകരണവുമായ ഉപവി, വിശുദ്ധി പ്രാപിക്കാനുള്ള എല്ലാ മാര്‍ഗങ്ങളെയും ഭരിക്കുകയും സജീവമാക്കുകയും അന്ത്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. തന്മൂലം യഥാര്‍ത്ഥ ക്രിസ്തുശിഷ്യډാരുടെ അടയാളം ദൈവസ്നേഹവും പരസ്നേഹവും തന്നെ എന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (LG  42). 
     
             അവസാനത്തുള്ളി രക്തം വരെയും നല്‍കി ഈശോ നമ്മെ സ്നേഹിച്ചു. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്ന് പഠിപ്പിച്ച ഈശോ തന്‍റെ ജീവിതത്തിലൂടെ അതു കാണിച്ചുതന്നു (യോഹ. 15:13). സ്നേഹിതര്‍ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധമാകുന്ന സ്നേഹമാണ് യഥാര്‍ത്ഥ സ്നേഹം. സ്നേഹമാണ് സര്‍വോത്കൃഷ്ടമെന്ന് പൗലോസ് ശ്ലീഹായും നമ്മെ പഠിപ്പിക്കുന്നു (1 കോറി.13:13).
     
                നമ്മുടെ കഴിവുകളും ആരോഗ്യവും അറിവും സമയവും നډയുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ തയ്യാറാകുമ്പോള്‍നമ്മള്‍ സ്നേഹത്തിലും വിശുദ്ധിയിലും വളരും. ശത്രുമിത്ര ഭേദമില്ലാതെ വേണം ഈ പങ്കുവയ്ക്കല്‍ നടത്താന്‍. ഈശോ ചോദിക്കുന്നു: "നിങ്ങ ളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍നിങ്ങള്‍ക്കെന്തു പ്രതിഫലമാണുലഭിക്കുക"? (മത്താ. 5:46). അവിടുന്നുപറഞ്ഞു: "ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കുനചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍"(ലൂക്കാ.6:27-28). തിന്മയ്ക്കു പകരം തിന്മചെയ്യാതെ തിന്മയെ നന്മകൊണ്ടു ജയിക്കുമ്പോഴാണ് ക്രിസ്തീയസ്നേഹം പ്രകാശിതമാകുന്നത്

    സഭ - വിശുദ്ധിയില്‍ വളര്‍ത്തുന്ന അമ്മ

     

              മിശിഹായുടെ തുടര്‍ച്ചയും കൂദാശയുമായ സഭയാണ് നമ്മെ വിശുദ്ധീകരിക്കുകയും അവിടുത്തെ വചനത്തിലൂടെ നയിക്കുകയും ചെയ്യുന്നത്. കൂദാശകളിലൂടെയും വചനത്തിലൂടെയും കൂട്ടായ്മയിലൂടെയും വിശുദ്ധീകരണത്തിന്‍റെ അനുഭവം ഇന്നു നമുക്കു പ്രദാനം ചെയ്യുന്നത് സഭയാണ്. സഭാജീവിതത്തില്‍ ഉള്‍ച്ചേരുന്നതിനനുസരിച്ചാണ് ഈശോ നേടിത്തന്ന രക്ഷയും വിശുദ്ധിയും സ്വന്തമാക്കുവാന്‍ നമുക്കു സാധിക്കുന്നത്. കൂദാശകളിലും ദൈവവചനത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ വിശുദ്ധിയില്‍ വളര്‍ന്ന് സ്വര്‍ഗീയ സന്തോഷം അനുഭവിക്കുവാന്‍ നമ്മള്‍ പ്രാപ്തരാകുന്നു. 
     

    വിശുദ്ധി അനുദിനജീവിതത്തില്‍

     

                       ദൈവത്തിന്‍റെ കല്പനകള്‍ പാലിച്ചുകൊണ്ട് അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കുന്നതുവഴിയാണ് നമ്മള്‍ അനുദിനജീവിതത്തില്‍വിശുദ്ധി പ്രാപിക്കുന്നത്. ദൈവവചനത്തിലൂടെയും സഭയുടെയും സമൂഹത്തിന്‍റെയും നിയമങ്ങളിലൂടെയും മാതാപിതാക്കളും ഗുരുക്കډാരും സഭാധികാരികളും നല്‍കുന്ന നിര്‍ദേശങ്ങളിലൂടെയും ദൈവത്തിന്‍റെ ഹിതം നമുക്കു വെളിപ്പെടുന്നു. അനുദിന ജീവിതസാഹചര്യങ്ങളില്‍ നډ ചെയ്യാനായി ആത്മാവ് ഉള്ളിലുണര്‍ത്തുന്ന പ്രചോദനങ്ങളിലൂടെയുംജീവിതത്തിലുണ്ടാകുന്ന സുഖകരവും ദുഃഖകരവുമായ എല്ലാ അനുഭവങ്ങളിലൂടെയും ദൈവഹിതം വ്യക്തമാക്കപ്പെടുന്നുണ്ട്. ആദരവോടും സ്നേഹത്തോടുംകൂടെ ഈ ദൈവഹിതത്തിനു നാം വിധേയരാകുമ്പോള്‍ നമ്മള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയാം. മാതാപിതാക്കളെയും അദ്ധ്യാപകരെയും അധികാരികളെയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴും നിയമങ്ങളും സാമാന്യമര്യാദകളും പാലിക്കുമ്പോഴും നാം ദൈവഹിതം നിറവേറ്റിക്കൊണ്ട് ദൈവത്തെ സ്നേഹിക്കുകയും അതുവഴി വിശുദ്ധിയില്‍ വളരുകയുമാണ് ചെയ്യുന്നത്.
     
     
                    ദൈവസ്നേഹത്തിന്‍റെ ഉരകല്ലാണ് സഹോദരസ്നേഹം. ദൈവസ്നേഹത്താല്‍ ആഴപ്പെടുന്നതനുസരിച്ചാണ് ഒരുവനു സഹോദരനെ സ്നേഹിക്കാന്‍ സാധിക്കുന്നത്. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധ്യമല്ല"(1 യോഹ. 4:20) എന്നാണല്ലോ യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നത്.
     
                       മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിച്ചുകൊണ്ടും, ദുഃഖങ്ങളില്‍ ആശ്വാസം പകര്‍ന്നുകൊണ്ടും, അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നു കൊണ്ടും , രോഗാവസ്ഥയില്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു കൊണ്ടും, വിജയങ്ങളില്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടും, പരാജയങ്ങളില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ടും  സഹോദരസ്നേഹം പ്രകടമാക്കാന്‍ നമുക്കു സാധിക്കും.  മറ്റുള്ളവരുടെ  ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴും, ഭിന്നിച്ചു നില്‍ക്കുന്നവരെ രമ്യതയിലേയ്ക്ക് ആനയിക്കുകയും, നമ്മെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുകയും തിډയ്ക്കുപകരം നന്മചെയ്യുകയും ചെയ്യുമ്പോഴും വിശുദ്ധിയില്‍ വളര്‍ന്ന ക്രിസ്തുശിഷ്യരാണ് നമ്മളെന്ന് ലോകം അറിയും. "പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം. എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്"  (1 യോഹ 4:7).
     
                  വിശുദ്ധമായ ഒരു ജീവിതം നല്‍കുന്ന സാക്ഷ്യമാണ് ഏറ്റവും വലിയപ്രേഷിത പ്രവര്‍ത്തനം പ്രേഷിത പ്രവര്‍ത്തനമെന്നത് ഈശോയെ അനുഭവിച്ചറിയാന്‍ സഹായിക്കുകയാണ്; എല്ലാ മേഖലകളിലേയ്ക്കും അവിടുത്തെ സാന്നിധ്യവും പ്രവര്‍ത്തനവും എത്തിക്കുകയാണ്. സുവിശേഷാനുസൃതമായ ഒരു ജീവിതം വഴിചുറ്റുമുള്ള ജനങ്ങള്‍ക്ക് വിശ്വാസ വെളിച്ചം പകര്‍ന്നു കൊണ്ട് നമുക്കും വിശുദ്ധിയുടെ പ്രേഷിതരാകാം.
     

    ദൈവവചനം വായിക്കാം; ധ്യാനിക്കാം

    ഏശ. 6:1-6
     

     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

    നിങ്ങളുടെ വിശുദ്ധീകരണമാണ്; ദൈവം അഭിലഷിക്കുന്നത്"
    (1 തെസ 4:3).

     

    നമുക്കു പ്രാര്‍ത്ഥിക്കാം

    സ്നേഹം തന്നെയായ ഈശോയേ, എപ്പോഴും അങ്ങയോടു ചേര്‍ന്നുനിന്ന് വിശുദ്ധിയില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ.
     

     

    എന്‍റെ തീരുമാനം

    എന്‍റെ കൂട്ടുകാരുടെ ആവശ്യങ്ങളില്‍ സഹായിച്ചുകൊണ്ട് ഈശോയുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.
     

     

    സഭയോടൊത്തു ചിന്തിക്കാം

     
    തിരുസഭയുടെ വിശുദ്ധി പരിശുദ്ധാത്മാവ് വിശ്വാസികളില്‍ ചൊരിയുന്ന പ്രസാദവരത്തിന്‍റെ ഫലങ്ങളിലൂടെ യഥായോഗ്യം പ്രകാശിക്കുന്നു; പ്രകാശിക്കുകയും വേണം. സ്വന്തം ജീവിതാവസ്ഥയ്ക്കനുസരണമായി സ്നേഹത്തിന്‍റെ പൂര്‍ണതയിലേയ്ക്കു നീങ്ങുകയും അതുവഴി മറ്റുള്ളവരും വിശുദ്ധിയില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ആളുകള്‍ വഴി ഈ വിശുദ്ധി വിവിധരൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്നു (തിരുസഭ 39).
     

    ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും മാതൃകാപരമായി ജീവിക്കുന്ന ഏതാനും പേരുടെ ലിസ്റ്റു തയ്യാറാക്കുക. അവരില്‍ തെളിവാര്‍ന്നു നില്‍ക്കുന്ന നډകള്‍ എഴുതുക.

    ഹൃദയം ദീപ്തമാക്കാം

    ദൈവമായ കര്‍ത്താവു പരിശുദ്ധനായിരിക്കുന്നതു പോലെ ദൈവത്തിന്‍റെ സ്വന്തം ജനമായി തിരഞ്ഞെടുക്കപ്പെട്ട നമ്മളും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരെല്ലാവരും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും പൂര്‍ണതയായ വിശുദ്ധിയിലേയ്ക്കു വളരണം. ദൈവത്തിന്‍റെ വിശുദ്ധിയുടെ ഏറ്റവും വലിയ ഗുണവിശേഷമാണ് അവിടുത്തെ കരുണ. ഈശോയോടു കൂടെയായിരിക്കുക എന്നതാണ് വിശുദ്ധി പ്രാപിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം. തിډയെ നډകൊണ്ടു ജയിക്കുന്ന ക്രിസ്തീയസ്നേഹമാണ് വിശുദ്ധിയുടെ അളവുകോല്‍. നമ്മെ വിശുദ്ധിയില്‍ വളര്‍ത്തുന്ന അമ്മയാണ് സഭ. ദൈവത്തിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കുന്നതു വഴിയാണ് നമ്മള്‍ അനുദിനജീവിതത്തില്‍ വിശുദ്ധി പ്രാപിക്കുന്നത്.